കൊണ്ടോട്ടി- വിദേശത്ത് നിന്ന് മടങ്ങുന്നവര്‍ ഇനി ഏഴ് ദിവസം വീതം സ്വന്തം നിലയിലും, വീടുകളിലും ക്വാറന്റൈനില്‍ കഴിയുമെന്ന സത്യവാങ്മൂലം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ഈ മാസം എട്ട് മുതല്‍ വന്ദേ ഭാരത് മിഷന്‍, സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവരാണ് 14 ദിവസത്തെ ക്വാറന്റൈന്‍ സത്യവാങ്മൂലം നല്‍കേണ്ടത്. നേരത്തെ എയര്‍ ഇന്ത്യ അവരുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിരുന്നു.
സ്വന്തം ചിലവില്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ താമസിക്കുമെന്നും ഇതിന് ശേഷം സ്വന്തം വീട്ടില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ താമസിക്കുമെന്നുമാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. ഇതിനായി പ്രത്യേക ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തമാരംഭിക്കും.
മരണാനന്തര ചടങ്ങുകള്‍ക്ക് എത്തുന്നവര്‍, അപകടകരമായ രോഗങ്ങള്‍, പത്ത് വയസിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയ പ്രത്യേക കാറ്റഗറിക്കാര്‍ക്ക് സ്വന്തം വീടുകളില്‍ തന്നെ ക്വാറന്റൈന്‍ അനുവദിക്കും. യാത്രക്ക് 72 മണിക്കൂര്‍ മുമ്പായി സത്യവാങ്ങ്മൂലത്തില്‍ വിശദാംശങ്ങള്‍ അറിയിക്കണം. കോവിഡ് ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ടും നല്‍കണം.