Sorry, you need to enable JavaScript to visit this website.
Wednesday , September   30, 2020
Wednesday , September   30, 2020

കോവിഡ് പ്രതിരോധം: പോലീസ് രാജിന് വഴി തുറക്കുന്ന തീരുമാനം- ചെന്നിത്തല

തിരുവനന്തപുരം- കോവിഡ് പ്രതിരോധത്തിലെ സുപ്രധാന ജോലികള്‍ ആരോഗ്യ വകുപ്പില്‍ നിന്നെടുത്ത് പോലീസിനെ ഏല്‍പിച്ചത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പോലീസ് രാജിലേക്കും നയിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ആരോഗ്യ വകുപ്പിനെ അപമാനിക്കുകയാണ് ഈ തീരുമാനത്തിലൂടെ മുഖ്യമന്ത്രി  ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ തുറന്ന കത്തിലാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോവിഡ് വ്യാപനത്തിന് കാരണം സംസ്ഥാന അധികൃതരുടെ അലംഭാവം കൊണ്ടാണെന്ന് കുറ്റസമ്മതം നടത്തിയ മുഖ്യമന്ത്രി അത് അപകടമായെന്ന് കണ്ടപ്പോള്‍ കുറ്റം പ്രതിപക്ഷത്തിന്റെ തലയില്‍ വച്ചു കെട്ടാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ ഇരട്ട മുഖത്തെയാണ് കാണിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുക, ക്വാറന്റൈനില്‍ കഴിയുന്നവരെ മോണിറ്റര്‍ ചെയ്യുക, പോസിറ്റീവാകുന്ന രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുക, മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും ശാരീരികാകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, രോഗികളെ ആശുപത്രികളിലേക്ക് മാറ്റുക തുടങ്ങിയ ജോലികളെല്ലാം പോലീസിനെയാണ് ഏല്പിച്ചിരിക്കുന്നത്. ഇത് ക്രമസമധാന പ്രശ്നങ്ങള്‍ക്കും പോലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകുമെന്നതില്‍ സംശയമില്ല.
കോവിഡിന്റെ ആക്രമണത്തില്‍ ചകിതരായ ജനങ്ങളെ കൂടുതല്‍ ഭയത്തിലേക്കും പരിഭ്രാന്ത്രിയിലേക്കും നയിക്കുന്നതാവും ഈ പരിഷ്‌ക്കാരം. ഫലത്തില്‍ പൊലീസ് രാജായിരിക്കും നടക്കാന്‍ പോകുന്നത്.
കോവിഡ് രോഗികളെ കാരുണ്യത്തോടെയും അനുകമ്പയോടെയുമാണ് കൈകാര്യം ചെയ്യേണ്ടത്. പോലീസിന്റെ ഉരുക്കു മുഷ്ടി പ്രയോഗം സ്ഥിതി വഷളാക്കുകയേ ഉള്ളൂ. തോക്കേന്തിയ കമാന്റോകളെ വിന്യസിച്ച് ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ച പൂന്തുറയില്‍ എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി ഓര്‍ക്കുമല്ലോ.  അവശ്യസാധനങ്ങള്‍ പോലീസ് വീട്ടിലെത്തിക്കുമെന്ന് നേരത്തെയും പ്രഖ്യാപിച്ചിരുന്നതാണ്. അതും നടപ്പായില്ല. വീണ്ടും അത് തന്നെ ചെയ്യുമെന്നാണ് പറയുന്നത്. ഇത് ഒരു ആരോഗ്യ പ്രശ്നമാണ്, ക്രമസമാധാന പ്രശനമല്ല.
അധികൃതരുടെ അലംഭാവം കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം വ്യാപകമായതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി  കുറ്റസമ്മതം നടത്തിയത്. രാവിലെ കുടുബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ ഇങ്ങനെ പറഞ്ഞ മുഖ്യമന്ത്രി വൈകിട്ട് പതിവ് പത്രസമ്മേളനത്തില്‍ കുറ്റം പ്രതിപക്ഷത്തിന്റെ തലയില്‍ ചാര്‍ത്തി തകിടം മറിഞ്ഞത് ആശ്ചര്യകരമാണ്. മുഖ്യമന്ത്രിയുടെ ഇരട്ട മുഖമാണ് ഇതിലൂടെ പുറത്തു വരുന്നത്. ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ച കാരണമാണ് കോവിഡ് പടര്‍ന്നു പിടിച്ചതെന്ന് കുറ്റബോധത്തോടെ  സമ്മതിച്ച മുഖ്യമന്ത്രി  അത് കുഴപ്പമായെന്ന് കണ്ടപ്പോള്‍ വൈകിട്ട് പ്രതിപക്ഷത്തിന് മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ്  ശ്രമിച്ചത്.  

മുഖ്യമന്ത്രിയുടെ ഈ കാപട്യം തന്നെയാണ് കേരളത്തില്‍ കോവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണമായത്.
യുദ്ധം ജയിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ ജയിച്ചു എന്ന് പറഞ്ഞു സര്‍ക്കാര്‍ നടത്തിയ പി. ആര്‍ ആഘോഷങ്ങള്‍ക്ക് കൊറോണ വ്യാപനം രൂക്ഷമായതില്‍ വലിയ പങ്കുണ്ട്. മാരത്തോണ്‍ ആണെങ്കിലും നൂറു മീറ്റര്‍ ഓടിയിട്ട് കപ്പ് കിട്ടിയെന്ന് പറഞ്ഞ് തുള്ളിച്ചാടുകയായിരുന്നല്ലോ സര്‍ക്കാര്‍.  നമ്മള്‍ ഒന്നാമതാണ്, നമ്മള്‍ കൊറോണയെ തുരത്തി എന്ന് സര്‍ക്കാര്‍ അവകാശപെട്ടപ്പോള്‍ ജനങ്ങള്‍ അത് വിശ്വസിച്ചു. ലോകമാധ്യമങ്ങള്‍പോലും കേരള സര്‍ക്കാരിന്റെ വീരകഥകള്‍ പാടി നടന്നപ്പോള്‍ പാവം ജനങ്ങള്‍ അതെല്ലാം സത്യമാണെന്ന് വിശ്വസിച്ചു.  അത്  തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. അവരുടെ ജാഗ്രതയില്‍ അയവുവരാന്‍ ഇത് കാരണമായി.
ദിവസവും വൈകിട്ട് ടി.വി ചാനലുകളിലൂടെ ഒരു മണിക്കൂര്‍ സാരോപദേശം നടത്തും. എന്നിട്ട് മറുവശത്തു കൂടി സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ നോക്കും. കോവിഡിന്റെ മറ പിടിച്ച് സ്പ്രിംഗ്ളര്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് വരെ എത്രയെത്ര  കൊള്ളകളാണ് സംസ്ഥാനത്ത് നടന്നത്. വലിയ രക്ഷകനെപ്പോലെ ചമഞ്ഞ് പ്രഭാഷണം നടത്തിയ ശേഷം കൊള്ള നടത്തലായിരുന്നു പണി. കൊള്ള ആസൂത്രണം ചെയ്യാന്‍ ചിലവാക്കിയ സമയം കോവിഡ് പ്രതിരോധത്തിന് ചിലവിട്ടിരുന്നെങ്കില്‍ സംസ്ഥാനം ഇപ്പോഴത്തെ ഭയാനകമായ അവസ്ഥയിലെത്തുകയില്ലായിരുന്നു.
പ്രതിപക്ഷം സമരം നടത്തിയത് കാരണമാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായതെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിപക്ഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരമിരുന്നതു കൊണ്ടാണോ പൂന്തുറയിലും ചെല്ലാനത്തും കോഴിക്കോട്ടും പൊന്നാനിയിലും കണ്ണൂരും രോഗബാധയുണ്ടായത്.  കേരളത്തിലെ ജനങ്ങളെല്ലാം വിഡ്ഢികളാണെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്നും അദ്ദേഹം കത്തില്‍ ചോദിച്ചു.

 

 

 

 

 

 

 

 

 


 

 

 

 

 

 

Latest News