Sorry, you need to enable JavaScript to visit this website.

ലോക്ഡൗണിൽ വിരിഞ്ഞ ചരിത്രപത്രങ്ങൾ

ഏകദേശം നാല് മാസങ്ങൾക്കപ്പുറം മാർച്ച് 18 ന് ഞങ്ങളുടെ ആറാം സെമസ്റ്റർ വൈവയായിരുന്നു. ഇതോടുകൂടി മലബാർ ക്രിസ്ത്യൻ കോളേജിലെ ബി.എ ഹിസ്റ്ററി കോഴ്‌സ് പൂർത്തിയായി. ഇനി റിസൾട്ടിനായുള്ള കാത്തിരിപ്പാണ്. ഒരാഴ്ചക്കുള്ളിലാണ് രാജ്യത്ത് ലോക്ഡൗൺ നിലവിൽ വന്നത്. ഞങ്ങളുടെ ദിവസങ്ങൾ വീട്ടിനകത്തായി മാറി. ട്വന്റി ട്വന്റി എന്നാണ് ഈ വർഷത്തിന്റെ പേരെങ്കിലും ഓരോ ദിവസവും ഓരോ ടെസ്റ്റ് മത്സരം പോലെയായി. ഞങ്ങളുടെ ഈ സമയം എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം. ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനായ പ്രൊഫ. എം.സി.വസിഷ്ഠുമായി ഞങ്ങൾ ബന്ധപ്പെട്ടു. മലബാർ ക്രിസ്ത്യൻ കോളേജിലെ സാംസ്‌കാരിക രംഗത്തെ ചലിപ്പിക്കുന്നതിൽ ഒരു പ്രധാന ശക്തി വസിഷ്ഠ് സാറാണ്. സാർ ഞങ്ങൾക്ക് മുമ്പിൽ ഒരു വഴി തുറന്നു. കേരള ഹിസ്റ്ററിയിലും ഇന്ത്യൻ ഹിസ്റ്ററിയിലും നിങ്ങൾ പരീക്ഷക്ക് പഠിച്ച വിഷയങ്ങളെ ആസ്പദമാക്കി സാങ്കൽപിക പത്രങ്ങൾ നിർമിക്കുക. പത്രപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും താൽപര്യമുണ്ടായിരുന്ന ഒരു പറ്റം വിദ്യാർഥികളുടെ പേരും സാറ് എന്നോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ ചേർന്ന് ഒരു ക്ലസ്റ്റർ രൂപീകരിച്ചു. പത്ര നിർമാണത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.


ഞാൻ എന്ന അഹ്‌സം നാസിദ്. പിന്നെ എന്റെ സഹപാഠികളായ മുഫ്താർ മുഹമ്മദ്, കൃഷ്ണപ്രിയ, ജസ്‌ന. പിന്നെ ഞങ്ങളുടെ എം.എയിലെ ചേച്ചിമാരായ ശ്രുതി, ജിനിഷ, അശ്വതി അങ്ങനെ ഞങ്ങൾ ഒരു ക്ലസ്റ്റർ ഉണ്ടാക്കി. ക്ലസ്റ്ററുണ്ടാക്കിയ ഞങ്ങൾ ചരിത്ര സംഭവങ്ങളെ ആദ്യം തെരഞ്ഞെടുത്തു. കേരള ചരിത്രത്തിലെയും ഇന്ത്യൻ ചരിത്രത്തിലെയും വഴിത്തിരിവായ സംഭവങ്ങളെയാണ് ഞങ്ങൾ പത്ര നിർമാണത്തിനായി തെരഞ്ഞെടുത്തത്. പിന്നെ ഞങ്ങൾ ആ വിഷയങ്ങളെ ആഴത്തിൽ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. ആ ചരിത്ര സംഭവവുമായി ബന്ധപ്പെട്ട ചെറിയ ചെറിയ ഉപവിഷയങ്ങളുണ്ടാക്കി. ചരിത്ര സംഭവങ്ങൾ ഹെഡ്‌ലൈനായും ഉപസംഭവങ്ങൾ മറ്റ് വാർത്തകളായും രൂപംകൊണ്ടു. സാങ്കൽപിക പത്ര നിർമാണത്തിന്റെ ആദ്യഘട്ടം വിജയപ്രദമായി പൂർത്തീകരിച്ചു. 
പരീക്ഷക്കായി കേരള ചരിത്രവും ഇന്ത്യൻ ചരിത്രവും ഞങ്ങൾ പഠിച്ചിരുന്നുവെങ്കിലും അത് പരീക്ഷക്ക് മാർക്ക് നേടാൻ വേണ്ടി മാത്രമായിരുന്നു. എന്നാൽ സാങ്കൽപിക പത്രനിർമാണത്തിലൂടെ ചരിത്ര സംഭവങ്ങളെ ഞങ്ങളുടെ ഹൃദയത്തിൽ ഞങ്ങൾ പ്രതിഷ്ഠിച്ചു. അങ്ങനെ വാർത്തകളുടെ രൂപത്തിൽ ഞങ്ങൾ തയാറാക്കിയ ചരിത്ര സംഭവങ്ങൾ സാറിന് വാട്‌സ്ആപ്പിൽ അയച്ചു. സാർ അതിൽ ആവശ്യമായ നിർദേശങ്ങളും തിരുത്തലുകളും വരുത്തി. അങ്ങനെ നിർദേശങ്ങളിലൂടെയും തിരുത്തലുകളിലൂടെയും ഒരു മാസത്തെ ഞങ്ങളുടെ പ്രവൃത്തിയിലൂടെ സാങ്കൽപിക പത്രങ്ങൾ എന്ന യാഥാർഥ്യം പൂർത്തിയായി. 


ക്രിസ്തുവർഷം 1000 ൽ കൊടുങ്ങല്ലൂരിലെ അഥവാ മുയിരിക്കോട്ടെ ജൂത കച്ചവടക്കാർക്ക് ചേരരാജാവ് ഭാസ്‌കരരവി നൽകിയ ആനുകൂല്യങ്ങൾ പ്രതിപാദിക്കുന്ന മുയിരിക്കോട് പത്രിക. 1406 ൽ കോഴിക്കോട്ടെത്തിയ ചൈനീസ് സംഘത്തിന്റെ വാർത്തയാണ് മാനാഞ്ചിറക്കു ചുറ്റും എന്ന പത്രത്തിലുള്ളത്. 1406 ൽ കോഴിക്കോട്ടെത്തിയ പോർച്ചുഗീസ് സഞ്ചാരി വാസ്‌കോഡ ഗാമയുടെ വാർത്തയാണ് വലിയങ്ങാടി പത്രികയിലുള്ളത്. 1600 ൽ കുഞ്ഞാലി മരക്കാർ നാലാമനെ ഗോവയിൽ വെച്ച് വധിച്ചത് സംബന്ധിച്ച കാലിക്കൂത്ത് വാർത്തകൾ, 1683 ലെ മാമാങ്കത്തിലെ ചാവേറുകളുടെ മരണത്തെക്കുറിച്ചുള്ള തിരുനാവായ വാർത്തകൾ, 1805 ൽ കേരളവർമ്മ പഴശ്ശിരാജയുടെ മരണത്തെക്കുറിച്ചുള്ള വയനാടൻ പത്രിക എന്നിവയാണ് കേരള ചരിത്രവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രങ്ങൾ.
ഇന്ത്യൻ ചരിത്രത്തെ തിരുത്തിക്കുറിച്ച യുദ്ധമായിരുന്ന 1526 ലെ പാനിപ്പത്ത് യുദ്ധം. പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോധി പരാജയപ്പെടുകയും ബാബർ മുഗൾ രാജവംശം സ്ഥാപിക്കുകയും ചെയ്തു. ഈ സംഭവമാണ് ഞങ്ങൾ ദൽഹി പോസ്റ്റ് എന്ന പത്രത്തിന് വിഷയമാക്കിയത്. 1857ൽ ഇന്ത്യയിലെ ശിപായിമാർ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ നടത്തിയ കലാപമാണ് പിൽക്കാലത്ത് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമായി അറിയപ്പെട്ടത്. ഈ സംഭവമായിരുന്നു ദൽഹി ഹെറാൾഡ് എന്ന പത്രത്തിന്റെ വിഷയം. 1014 ൽ ചോള രാജാവായ രാജരാജൻ തഞ്ചാവൂരിൽ മരണപ്പെട്ടു. ഈ ചരിത്ര സംഭവമാണ് തഞ്ചാവൂർ ടൈംസ് എന്ന പത്രത്തിന്റെ വിഷയമായത്. അങ്ങനെ ഇന്ത്യൻ ചരിത്രത്തിലെയും കേരള ചരിത്രത്തിലെയും സുപ്രധാനമായ സംഭവങ്ങൾ, ആ സംഭവങ്ങളുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് ഞങ്ങൾ സാങ്കൽപിക പത്രങ്ങൾ ഉണ്ടാക്കി.


പത്രങ്ങൾ ഇല്ലാതിരുന്ന കാലത്താണല്ലോ ഈ സംഭവങ്ങൾ. പത്രങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ഒരു ചരിത്ര സംഭവം അവർ എങ്ങനെയാണ് റിപ്പോർട്ട് ചെയ്യുക? കൗതുകകരമായ അന്വേഷണമാണ് പത്ര നിർമാണത്തിലേക്ക് ഞങ്ങളെ നയിച്ചത്. ഞങ്ങൾക്ക് പത്രനിർമാണം ഒരു കേവല കൗതുക പ്രവർത്തനമായിരുന്നില്ല. ഓരോ ചരിത്ര സംഭവത്തെയും ആസ്പദമാക്കി പത്രം നിർമിക്കുമ്പോൾ ഞങ്ങൾ ചരിത്ര സംഭവത്തിന്റെ ആഴത്തിലേക്ക് ഇറങ്ങുകയും അതിനെ വിവിധ കോണുകളിൽ നിന്ന് മനസ്സിലാക്കാൻ പഠിക്കുകയും ചെയ്തു. 
അങ്ങനെ ചരിത്രം പഠിപ്പിക്കലാണ്, പഠിക്കലാണ് ഏറ്റവും ബോറൻ പരിപാടിയെന്ന് വിശ്വസിച്ചിരുന്ന യുവ തലമുറയുടെ മുന്നിൽ ഞങ്ങൾ പുതിയൊരു വഴി തുറക്കുകയാണ് ചെയ്തത്. ചരിത്രപഠനം അത്യന്തം കൗതുകകരവും രസകരവും ശ്രമകരവും ആണെന്ന് ഞങ്ങൾ ഈ സാങ്കൽപിക പത്രനിർമാണത്തിലൂടെ തെളിയിച്ചു.
വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരാണ് ഞങ്ങളുടെ പത്രങ്ങൾ അവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തത്. കൊറോണക്കാലമായതു കൊണ്ട് ഫേസ്ബുക്ക് റിലീസ് മാത്രമേ സാധ്യമായിരുന്നുള്ളൂ. മാമാങ്കത്തെക്കുറിച്ചുള്ള പത്രം റിലീസ് ചെയ്തത് മാമാങ്കം എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ എം.പത്മകുമാറാണ്. മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദാണ് മുയിരിക്കോട് പത്രിക റിലീസ് ചെയ്തത്. മാനാഞ്ചിറക്കു ചുറ്റും എന്ന പത്രം റിലീസ് ചെയ്തത് പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ വിനു അബ്രഹാം ആയിരുന്നു. വയനാടൻ പത്രിക റിലീസ് ചെയ്തത് പ്രൊഫ.ഹാഫിസ് മുഹമ്മദ് ആയിരുന്നു. ദഡൽഹി പോസ്റ്റ് എന്ന പത്രിക റിലീസ് ചെയ്തത് ആജ് തകിന്റെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗഗൻ സേഥിയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയെ ആസ്പദമാക്കി ഞങ്ങൾ നിർമിച്ച തിരുവിതാംകൂർ പത്രിക റിലീസ് ചെയ്തത്  ഡോ.സുഗതനായിരുന്നു.

Latest News