Sorry, you need to enable JavaScript to visit this website.

കോവിഡും  സിൽവർ ലൈനും പൊതുഗതാഗതവും

കോവിഡ് 19 ഉയർത്തിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾക്കെല്ലാം നിയന്ത്രണമാണല്ലോ. ഇത്തരം സാഹചര്യത്തിൽ ഭരണകൂടങ്ങൾ കൂടുതൽ കൂടുതൽ ജനവിരുദ്ധ നടപടികളുമായി രംഗത്തു വരുമെന്ന് ലോകമെങ്ങുമുള്ള ചിന്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലും അത്തരം നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നു. അതിലൊന്നാണ് സിൽവർ ലൈൻ എന്ന പേരിൽ തിരുവനന്തപുരം  കാസർകോട് അർധ അതിവേഗ തീവണ്ടിപ്പാത. 531 കി.മീ വരുന്ന ഈ ഇരട്ടപ്പാതക്ക് 63,941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതിൽ 10 ശതമാനം റെയിൽവേയുടെയും 30 ശതമാനം കേരളത്തിന്റെയും ബാക്കി വിവിധ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തവും വായ്പയുമാണ്. ജനവാസ കേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കിയാണ് പാതയുടെ അലൈൻമെന്റ് എന്നാണ് അവകാശവാദം. കൊച്ചുവേളി മുതൽ തിരൂർ വരെ പുതിയ പ്രദേശങ്ങളിലൂടെയാണ് പാത കടന്നു പോകുക. 
തിരൂർ മുതൽ കാസർ??ട് വരെ നിലവിലുള്ള ഇരട്ടിപ്പാതക്ക് സമാന്തരമായും കേരളത്തിലുള്ള വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് അതിവേഗത്തിലുള്ള യാത്രാസൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി  വിഭാവനം ചെയ്യപ്പെട്ടത്. എന്നാൽ കൊച്ചി വിമാനത്താവളം മാത്രമാണ് ഇപ്പോഴുള്ളത്. നാല് മണിക്കൂർ കൊണ്ട് കാസർകോട്ടുനിന്ന് തിരുവനന്തപുരത്ത് എത്താനാവുമെന്നാണ് അവകാശവാദം. മിക്കയിടങ്ങളിലും പാത  കടന്നു പോകുന്നത് സംസ്ഥാനത്ത് അവശേഷിക്കുന്ന നെൽപാടങ്ങളിലൂടെയും തണ്ണീർത്തടങ്ങളിലൂടെയുമാണ്. തുടർച്ചയായി രണ്ടു പ്രളയങ്ങൾ നേരിട്ട കേരളത്തിൽ ഇത് ഉചിതമാണോ എന്ന ചോദ്യം ഉയരുന്നു.  കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യോൽപാദനം പരമാവധി വർധിപ്പിക്കണം, ഭൂഉടമക്ക് കഴിയുന്നില്ലെങ്കിൽ സർക്കാർ ഇടപെടും, സാധ്യമായ ഇടങ്ങളിലെല്ലാം കൃഷി ചെയ്യണമെന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. ഭക്ഷ്യവസ്തുക്കൾക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറക്കണമെന്നതാണ് സംസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. കൂടാതെ കൃഷിയിടങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി, അവ രൂപമാറ്റം വരുത്താതെ നിലനിർത്തുന്നവർക്ക് ഹെക്ടറിന് 2000 രൂപ പ്രതിവർഷ സഹായം നൽകുന്ന പദ്ധതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്. എന്നിട്ടും കോൾനിലങ്ങൾ പോലുള്ള വിവിധോദ്ദേശ്യ തണ്ണീർത്തടങ്ങളെ നെടുകെ പിളർന്നുകൊണ്ട് ഇത്തരമൊരു പദ്ധതിയെ സംസ്ഥാന സർക്കാറിന് എങ്ങനെ പിന്തുണക്കാനാവും? കൃഷി വകുപ്പിനോട് ആലോചിച്ചിട്ടില്ലെന്നു പറഞ്ഞ് സി.പി.ഐ ഇടത്തടിച്ചു നിൽക്കുകയാണെന്നാണ് വാർത്ത. പദ്ധതി ഉപേക്ഷിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തും ആവശ്യപ്പെട്ടിട്ടുണ്ട്. 
ഓരോ നാടിനും അനുയോജ്യമായ വികസന പദ്ധതികളാണല്ലോ ജനാഭിപ്രായം മാനിച്ച് നടപ്പാക്കേണ്ടത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിനനുസരിച്ച് ദേശീയ പാതാ വികസനത്തേക്കാൾ അഭികാമ്യം റെയിൽവേ വികസനമാണെന്നതു ശരി. ഇപ്പോഴത്തെ അലൈൻമെന്റിൽ മാറ്റം വരുത്തി, കേരളത്തിന്റേ വടക്കേയറ്റം മുതൽ തെക്കേ അറ്റം വരെ ഇപ്പോഴത്തെ ട്രാക്കിനു സമാന്തരമായി രണ്ടു ട്രാക്കുകൾ കൂടി നിർമിക്കുകയാണ് അഭികാമ്യം. രണ്ടു പാതകളിൽ കൂടി അതിവേഗ ട്രെയിനുകളും രണ്ടിൽ കൂടി മറ്റു ട്രെയിനുകളം പോകുക. ലോക്കൽ  ട്രെയിൻ സർവീസുകൾ വ്യാപകമായി ആരംഭിക്കുക. മുംബൈയെ പോലെ റെയിൽവേ സ്റ്റേഷനുകളുടെ ഇരുവശത്തും ബസ് സ്റ്റാന്റുകൾ നിർമിക്കുക. ഓരോ സ്റ്റേഷനിലും ട്രെയിനുകൾ എത്തുന്നതോടെ ബസുകൾ പുറപ്പെടുന്ന സംവിധാനം ഉണ്ടാക്കുക.  ഇതു വഴിയുണ്ടാകുന്ന നേട്ടങ്ങൾ ചില്ലറയല്ല. ഇനിയും കുടിയൊഴിപ്പക്കലുകൾ നടത്തി ദേശീയ പാത വികസിപ്പിച്ച് ടോൾ പിരിക്കേണ്ടതില്ല. സ്വകാര്യ വാഹനങ്ങളുടെ അമിതോപയോഗം കുറയാനും പൊതുവാഹനങ്ങൾ കൂടുതൽ ഉപയോഗിക്കാനും ഇതു പ്രചോദനമാകും. അതുവഴി ആഗോള താപനത്തിൽ നമ്മുടെ സംഭാവന കുറയാനും ഇന്ധന ഉപയോഗവും ഗതാഗതക്കുരുക്കും കുറയാനും കാരണമാകും. തീർച്ചയായും ഇതിനും ഭൂമി വേണ്ടേ എന്ന ചോദ്യമുണ്ട്. ഇപ്പോൾ തന്നെ ട്രാക്കുകൾക്കിരുവശത്തും റെയിൽവേക്കു ധാരാളം ഭൂമിയുണ്ട്. കൂടാതെ ഇപ്പോൾ ട്രാക്കുകൾക്കിരുവശത്തും താമസിക്കുന്നവർക്ക് പകരം സംവിധാനം ലഭിച്ചാൽ ഒഴിയാൻ കാര്യമായ എതിർപ്പുണ്ടാകില്ല. നെൽവയലുകൾ കാര്യമായി നഷ്ടപ്പെടില്ല. അത്തരത്തിൽ പാത നടപ്പാക്കുകയാണെങ്കിൽ നാലു മണിക്കൂറിനു പകരം ആറു മണിക്കാറാകുമായിരിക്കാം. എന്നാലതുണ്ടാക്കുന്ന സാമൂഹ്യ, പാരിസ്ഥിതിക, സാമ്പത്തിക ലാഭങ്ങൾ വളരെ വലുതാണ്.  മുമ്പ് ജനകീയ എതിർപ്പിനെ തുടർന്ന് അതിവേഗ റെയിൽ പദ്ധതി തള്ളിയതാണ്. അതാണ് കോവിഡ് കാലത്ത് ചെറിയ മാറ്റങ്ങളോടെ പൊടിതട്ടിയെടുക്കുന്നത്. നിർഭാഗ്യവശാൽ പരിസ്ഥിതിയും വികസനവും തമ്മിലുണ്ടാകേണ്ട ആരോഗ്യകരമായ ബന്ധത്തെ കുറിച്ച് ഇപ്പോഴും ഭരണാധികാരികൾക്കറിയില്ല. 
അതേസമയം അതിവേഗ റെയിൽ വിഷയം ചർച്ച ചെയ്യുമ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വിഷയം കൂടി ഉയർന്നു വരുന്നു. കോവിഡാനന്തരകാലത്ത് വിമാനവും റെയിൽവേയും ബസുകളുമടക്കമുള്ള പൊതുഗതാഗത സംവിധാനത്തിന്റെ ഭാവി തന്നെ ചോദ്യചിഹ്നത്തിലാണ്. 
പൊതുഗതാഗതം  ഏറ്റവും ശക്തമാകേണ്ട കാലത്താണ് ഈ ദുരന്തം സംഭവിക്കുന്നത്. ലോകത്തിൽ അന്തരീക്ഷ മലിനീകരണത്തിന്റെ ഒരു പ്രധാന കാരണം എണ്ണ ഇന്ധനമായുപയോഗിക്കുന്ന വാഹനങ്ങളുടെ ഉപയോഗമാണല്ലോ. അടച്ചുപൂട്ടൽ കാലം അത് കൂടുതൽ തെളിവുകളോടെ വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം  എല്ലാ പൊതുഗതാഗത രൂപങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബസുകളുടെ കാര്യമാണ് ഏറെ പരിതാപകരമാവുക. നിലവിലെ സാഹചര്യത്തിൽ വീണ്ടും ഓടിത്തുടങ്ങാനാവാത്ത വിധം നടുവൊടിഞ്ഞു കിടക്കുകയാണ് ആ മേഖല. 
കോവിഡിനു മുമ്പു പോലും നിരന്തരം പിറകോട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു ബസ് ഗതാഗത രംഗം. ഭീമമായ നഷ്ടത്തിന്റെ കണക്കുകൾ മാത്രം പറയാനുള്ള കെ.എസ്.ആർ.ടി.സിയും ഓരോ വർഷവും ബസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവു രേഖപ്പെടുത്തി വന്നിരുന്ന സ്വകാര്യ ബസ് മേഖലയും ആശാവഹമായ ചിത്രങ്ങളല്ല തന്നിരുന്നത്. അതിനിടയിൽ അവതരിച്ച ഈ വൈറസ് രോഗഭീഷണി ബസ് ഗതാഗത മേഖലയെ ഏതാണ്ട് തുടച്ചറിയുമെന്ന അവസ്ഥയാണ്.  സർക്കാറിന്റെ സഹായങ്ങളിലൂടെ മാത്രമേ ഈ മേഖലക്ക് അതിജീവിക്കാനാകൂ. 
അതിന് ഉദാരമായ നടപടികൾ സ്വീകരിക്കണം.  പൊതുഗതാഗതം തകരുന്നത് വിപരീത ഫലമാണുണ്ടാക്കുക. സ്വകാര്യ വാഹനങ്ങൾ പെരുകും. നിരത്തുകൾ വാഹന പ്രളയത്താൽ വീർപ്പുമുട്ടും. ഗതാഗതക്കുരുക്കുകളും അന്തരീക്ഷ മലിനീകരണവുമായിരിക്കും അതിന്റെ ഫലം. അക്കാരണത്താൽ തന്നെ പൊതുഗതാഗതത്തിന് ദോഷകരമല്ലാത്ത വിധത്തിൽ വേണം ഇപ്പോഴത്തെ അടച്ചുപൂട്ടലിൽ നിന്നു പുറത്തു കടക്കാൻ. അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നുറപ്പ്.
 

Latest News