കഞ്ചിക്കോട്ട് മൂന്ന് അതിഥി തൊഴിലാളികള്‍ ട്രെയ്ന്‍ തട്ടി മരിച്ച നിലയില്‍

സംഘര്‍ഷത്തിനിടെ ആംബുലന്‍സിന്റെ ചില്ല് തകര്‍ക്കപ്പെട്ട നിലയില്‍

പാലക്കാട്- കഞ്ചിക്കോട് ഐഐട ക്യാമ്പസിനു സമീപത്തെ റെയില്‍വേ ട്രാക്കിനടുത്ത് മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി വൈകിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ജാര്‍ഖണ്ഡ് സ്വദേശികളായ ഹരിഓം കുനാല്‍ (29), അരവിന്ദ് കുമാര്‍ (23), കനായി വിശ്വകര്‍മ (21) എന്നിവരാണ് മരിച്ചത്. ഐഐടി ക്യാമ്പസിലെ കരാര്‍ തൊളിലാളികളാണിവര്‍. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് മറ്റു തൊഴിലാളികള്‍ സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കി. ആംബുലന്‍സിനും പോലീസിനും നേരെ ആക്രമണവുമുണ്ടായി. ഹരിഓമിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മറ്റു രണ്ടു പേര്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകുംവഴി മരിച്ചു. ഹരിഓമിന്റെ മൃതദേഹം സംഭവ സ്ഥലത്തു നിന്നും എടുക്കുന്നത് മറ്റു തൊഴിലാളികള്‍ തടഞ്ഞു. മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് രാത്രി വൈകിയും ഇവര്‍ പ്രതിഷേധിച്ചു. പോലിസിനു നേരെ കല്ലേറും ഉണ്ടായി. പോലിസിന്റേയും അഗ്നി ശമനസേനയുടേയും വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് പാലക്കാടു നിന്ന് കൂടുതല്‍ പോലീസെത്തിയാണ് ശാന്തമാക്കിയത്. മരണ കാരണം ട്രെയ്‌നിടിച്ചാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം നടന്നുവരികയാണ്.
 

Latest News