Sorry, you need to enable JavaScript to visit this website.

കേന്ദ്ര ഭരണ പ്രദേശമായിട്ട് ഒരു വര്‍ഷം; കശ്മീരില്‍ കര്‍ഫ്യൂ

ശ്രീനഗര്‍- ജമ്മു കശ്മീരിനെ രാജ്യത്തെ ഏറ്റവും പുതിയ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ കശ്മീര്‍ താഴ്‌വരയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് കര്‍ഫ്യൂ. വാര്‍ഷിക ദിനമായ ഓഗസ്റ്റ് അഞ്ചിന് വിഘടനവാദികളും പാക്കിസ്ഥാന്‍ അനുകൂല സംഘടനകളും കരിദിനം ആചരിക്കാന്‍ ഇടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇത് കശ്മീരിലുടനീളം നടപ്പാക്കും. കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു മാത്രമെ പുറത്തിങ്ങാനും യാത്ര ചെയ്യാനും കഴിയൂവെന്നും ഉത്തരവില്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും സംസ്ഥാനത്തിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റുന്നതിനു മുന്നോടിയായി സമാന രീതിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നൂറു കണക്കിന് രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നു. ഇവരില്‍ പലനേതാക്കളും, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഉള്‍പ്പെടെ ഒരു വര്‍ഷമായി വീട്ടു തടങ്കലലില്‍ തന്നെയാണ്. കര്‍ക്കശമായ പൊതുസുരക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മെഹബൂബയുടെ തടങ്കല്‍ കഴിഞ്ഞ ദിവസം മൂന്നു മാസത്തേക്കു കൂടി നീട്ടിയത്.
 

Latest News