Sorry, you need to enable JavaScript to visit this website.

ആഗസ്റ്റ് പകുതിവരെ ശക്തമായ മഴ; മൂന്ന് സംസ്ഥാനങ്ങള്‍ക്ക്  മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട് വെതര്‍മാന്‍

ചെന്നൈ- കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് പ്രദീപ് ജാഗ്രതാ നിര്‍ദേശം നല്‍കി സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്‌നാട് വെതര്‍മാന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് പകുതി വരെ മലയോരമേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും തമിഴ്‌നാട് വെതര്‍മാന്റെ മുന്നറിയിപ്പുണ്ട്. 20182019 വര്‍ഷങ്ങള്‍ക്ക് സമാനമായി ഈ ആഗസ്റ്റിലും ശരാശരിക്കും മേലെ മഴ പെയ്യുമെന്നാണ് രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥാ വിദഗ്ദ്ധരില്‍ ഒരാളായി അറിയപ്പെടുന്ന പ്രദീപ് ജോണ്‍ എന്ന തമിഴ്‌നാട് വെതര്‍മാന്‍ നല്‍കുന്ന മുന്നറിയിപ്പ്.2018,2019 വര്‍ഷങ്ങളുടെ ആദ്യപകുതിയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശരാശരിയിലും താഴെയായിരുന്നു. പല മേഖലകളിലും വരള്‍ച്ചയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ പൊടുന്നനെ ശരാശരിയിലും പലമടങ്ങ് അധികം മഴ ലഭിച്ചതോടെയാണ് പ്രളയസമാനമായ സാഹചര്യം ഉണ്ടായത്. ഈ വര്‍ഷവും ഇതേ നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആഗസ്റ്റ് ഇരുപത് വരെയുള്ള ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് വ്യക്തമാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സഞ്ചാരദിശ ഒഡീഷ  മധ്യപ്രദേശ് മഹാരാഷ്ട്ര ഗുജറാത്ത് എന്നീ പ്രദേശങ്ങളിലേക്കായിരിക്കും. ഇവയുടെ സ്വാധീനം മൂലമാണ് കേരളത്തിലേയും തമിഴ്‌നാട്ടിലും മഴ ശക്തിപ്പെടുക. തീരപ്രദേശങ്ങളിലടക്കം നന്നായി മഴ പെയ്യുമെങ്കിലും കേരളവും തമിഴ്‌നാടും അതിരിടുന്ന പശ്ചിമഘട്ട മേഖലയിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഡാമുകള്‍ വേഗം നിറയുന്നതിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും ഇതു കാരണമായേക്കും. കുടകിലും വയനാട്ടിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാണുന്നത്. നിലമ്പൂര്‍, പീരുമേട്, തൊടുപുഴ, പൊന്മുടി, കുറ്റിയാടി, കക്കയം, തരിയോട്, വൈത്തിരി, പടിഞ്ഞാറെത്തറ, കക്കി ഡാം, പെരിങ്ങല്‍ക്കൂത്ത് ഡാം, ലോവര്‍ ഷോളയാര്‍, നേര്യമംഗലം, പിറവം എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും തമിഴ്‌നാട് വെതര്‍മാന്‍ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
 

Latest News