Sorry, you need to enable JavaScript to visit this website.

കുതിച്ചുയർന്ന പ്രവാസി നിക്ഷേപം നൽകുന്നത് ആശയോ, ആശങ്കയോ?

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കും തൊഴിൽ-വരുമാന നഷ്ടം അടക്കമുള്ള പല അനിശ്ചിതത്വങ്ങൾക്കുമിടയിലും കേരളത്തിലെ ബാങ്കുകളിലെത്തുന്ന പ്രവാസി നിക്ഷേപം വർധിക്കുകയും പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ചരിത്രത്തിലാദ്യമായി കേരളത്തിലെ ബാങ്ക് ശാഖകളിലെ ആകെ പ്രവാസി നിക്ഷേപം രണ്ടു ലക്ഷം കോടി രൂപ എന്ന റെക്കോർഡിലെത്തി. നാലു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടു നയിക്കുന്ന പ്രവാസികളുടെ പണത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ ആശയാണോ ആശങ്കയാണോ നൽകുന്നത് എന്ന് മാറിമറിഞ്ഞ സാഹചര്യത്തിൽ വിലയിരുത്തുന്നത് നമ്മുടെ സാമ്പത്തികാവസ്ഥയെ കുറിച്ചും അതോടൊപ്പം പ്രവാസികളുടെ പുതിയ സാമ്പത്തിക മുൻഗണനകളെ കുറിച്ചും അൽപം വ്യക്തത ലഭിക്കാൻ ഉപകരിക്കും. 
ആദ്യം ഏറ്റവും പുതിയ നിക്ഷേപ കണക്കുകൾ നോക്കാം. പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണവും (റെമിറ്റൻസ്) നിക്ഷേപിക്കുന്ന (ഡെപ്പോസിറ്റ്) പണവും രണ്ടാണ്. എൻ.ആർ.ഐ പൗരന്മാർ നാട്ടിലേക്ക് അയക്കുന്ന പണമാണ് റെമിറ്റൻസ്. ഇതിൽ വലിയൊരു ഭാഗവും വീട്ടു ചെലവ് അടക്കമുള്ള നിത്യജീവിത ആവശ്യങ്ങൾക്കു വേണ്ടി ചെലഴിക്കപ്പെടുന്നു. അതേസമയം, നിശ്ചിത കാലാവധിയുള്ള സ്ഥിര നിക്ഷേപം, റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്‌സ് തുടങ്ങിവ ഉൾപ്പെടുന്ന എൻ.ആർ.ഐ അക്കൗണ്ടിൽ ബാക്കി വരുന്ന പണമാണ് നിക്ഷേപം.
സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എൽ.ബി.സി) യുടെ പുതിയ റിപ്പോർട്ടിൽ 2019 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിലെ ബാങ്ക് ശാഖകളിലെ മൊത്തം പ്രവാസി നിക്ഷേപം 1,99,781.27 കോടി രൂപയാണ്. എൻ.ആർ.ഐ നിക്ഷേപ വർധനയുടെ ട്രെൻഡ് പരിഗണിക്കുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദമായ 2020 ജനുവരി-മാർച്ച് ത്രൈമാസ കാലയളവിൽ തന്നെ ഇത് രണ്ടു ലക്ഷം കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന്് ബാങ്കിങ് വൃത്തങ്ങൾ പറയുന്നു. കേരളത്തിലെ വിവിധ ബാങ്കുകളുടെ ശാഖകളിലെല്ലാം കൂടി പ്രവാസി നിക്ഷേപം ഒരു ലക്ഷം കോടി രൂപയിലെത്താൻ പതിറ്റാണ്ടുകൾ സമയമെടുത്തെങ്കിൽ വെറും അഞ്ചു വർഷം കൊണ്ടാണ് രണ്ടു ലക്ഷം കോടി എന്ന മാജിക് നമ്പറിലേക്ക് പ്രവാസി നിക്ഷേപ കണക്ക് എത്തിയിരിക്കുന്നത്. ചെലവഴിക്കുന്നത് ചുരുക്കി നിക്ഷേപങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്ന രീതിയിലേക്ക് പ്രവാസികളുടെ മനസ്സ് മാറിയിരിക്കുന്നു എന്നതിന്റെ സൂചന ആയാണ് ഇതു വിലയിരുത്തപ്പെടുന്നത്. 
ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസി റെമിറ്റൻസിന്റെ 16 ശതമാനത്തോളം ലഭിക്കുന്ന കേരളം ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിൽ നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ തന്നെ പ്രവാസി നിക്ഷേപത്തിൽ 18.62 ശതമാനം വർധന രേഖപ്പെടുത്തി. കൊറോണ പ്രതിസന്ധി രൂക്ഷമായ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മാത്രമാണ് ഈ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 10,849 കോടി രൂപ വർധിച്ച് ഇപ്പോൾ 60,273.83 കോടി രൂപയാണ് ഫെഡറൽ ബാങ്കിലെ പ്രവാസി നിക്ഷേപം. മറ്റൊരു സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിലും ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ പ്രവാസി നിക്ഷേപം 13 ശതമാനം വർധിച്ച് 24,661 കോടി രൂപയിലെത്തി. എസ്.എൽ.ബി.സി റിപ്പോർട്ടിലെ 2019 ഡിസംബർ 31 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, സി.എസ്.ബി ബാങ്കിൽ 3,481.84 കോടി, ധനലക്ഷ്മി ബാങ്കിൽ 1,644.13 കോടി എന്നിങ്ങനെയാണ് പ്രവാസി നിക്ഷേപ കണക്ക്. വെറും രണ്ടു വർഷത്തെ മാത്രം പാരമ്പര്യമുള്ള, സ്വാതന്ത്ര്യാനന്തരം കേരളത്തിൽ ആദ്യമായി തുടങ്ങിയ പുതിയ ഷെഡ്യൂൾഡ് ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിനും പ്രവാസി നിക്ഷേപത്തിന്റെ തരക്കേടില്ലാത്ത ഓഹരി ലഭിച്ചിട്ടുണ്ട്. എസ്.എൽ.ബി.സി റിപ്പോർട്ട് പ്രകാരം ഇസാഫിലെ പ്രവാസി നിക്ഷേപം 1,200.04 കോടി രൂപയാണ്.
കേരളത്തിൽ പ്രവാസി നിക്ഷേപം ഏറ്റവും കൂടുതലുള്ള ബാങ്കുകളിൽ പ്രഥമ സ്ഥാനത്തുള്ളത് പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ആണ്. ബാങ്കേഴ്‌സ് സമിതിയുടെ റിപ്പോർട്ട് പ്രകാരം 58,516.29 കോടി രൂപ (2019 ഡിസംബർ 31 വരെ) ആണ് എസ്.ബി.ഐ ശാഖകളിലെ എൻ.ആർ.ഐ നിക്ഷേപം. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകളിൽ ആകെ 96,469.61 കോടി രൂപയുടെ നിക്ഷേപവും ഉണ്ട്. എല്ലാ സ്വകാര്യ ബാങ്കുകളിലുമായി ഇത് ഒരു ലക്ഷം കോടിക്കു മുകളിലാണ്. 
ഗൾഫ് മേഖലയിൽ അടക്കമുള്ള അനിശ്ചിതത്വങ്ങളും നാട്ടിലെ സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികളും പരിഗണിക്കുമ്പോൾ ഈ നിക്ഷേപ വർധന താൽക്കാലികമാണെന്നും സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് പെട്ടെന്ന് വലിയ ഗുണം ചെയ്യില്ലെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇന്ധന വിലയിടിച്ചിലിനു പുറമെ ഗൾഫ് മേഖലയിൽ ഏറി വരുന്ന തൊഴിൽ നഷ്ടം, ശക്തമായ സ്വദേശിവൽക്കരണ നടപടികൾ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കെയാണ് നാട്ടിലെ പ്രവാസി നിക്ഷേപം സർവകാല റെക്കോർഡിലെത്തിയിരിക്കുന്നത്. ഇതിനു പ്രധാന കാരണവും ഈ അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളാണെന്ന് മുൻനിര നിക്ഷേപ സേവന കമ്പനിയായ ജിയോജിത്തിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാർ പറയുന്നു. ഈ വർധനയുടെ ഭാവി അനിശ്ചിതത്വം നിറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 
'വിദേശങ്ങളിൽ നിന്ന് ഒരുപാട് പേർ തിരിച്ചു വരുന്നു. വീണ്ടും തിരിച്ചു പോകാനുള്ള സാധ്യതകൾ കൂടി കുറഞ്ഞതോടെ കയ്യിലുള്ള പണമെല്ലാം നാട്ടിലെത്തിക്കുന്ന പ്രവണത ഉണ്ട്. ഇത് നിക്ഷേപ വർധനയ്ക്ക് കാരണമാണ്. അതിലുപരിയായി നാലു പതിറ്റാണ്ടോളം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ചാലക ശക്തിയായ ഗൾഫ് റെമിറ്റൻസിൽ 2020 ൽ വലിയ ഇടിവുണ്ടാകും. ലോകത്തൊട്ടാകെ വിദേശ റെമിറ്റൻസിൽ 20 ശതമാനം ഇടിവുണ്ടാകുമെന്നാണ് ലോക ബാങ്കിന്റെ പ്രവചനം. വിദേശ റെമിറ്റൻസ് ഏറ്റവും കൂടുതൽ എത്തുന്ന ഇന്ത്യയിലും 20 ശതമാനം കുറവുണ്ടാകും. ഇതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടാകും. മറ്റൊന്ന്, പുതിയ സാഹചര്യത്തിൽ ആഡംബര ചെലവുകളെല്ലാം കുറയ്ക്കുന്ന പ്രവണതയുണ്ട്. ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങൾക്കു മാത്രമെ ഇനി കൂടുതൽ ചെലവഴിക്കാൻ മുതിരൂ. ഇതോടൊപ്പം സർക്കാരിന്റെ ജി.എസ്.ടി വരുമാനം ഗണ്യമായി കുറയും. കടുത്ത റവന്യൂ കമ്മി നേരിടുന്ന സർക്കാരിന് ശമ്പളം, പെൻഷൻ വിതരണം, വായ്പകളുടെ പലിശാ തിരിച്ചടവ് എന്നീ ഇനങ്ങളിൽ തന്നെ വൻ തുക വീണ്ടും കടമെടുക്കേണ്ട അവസ്ഥയിലാണ്. ഇതെല്ലാം കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കും -വിജയകുമാർ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികളുടെ നിക്ഷേപം റിയൽ എസ്റ്റേറ്റ് അടക്കമുള്ള പല സംരംഭങ്ങളിലേക്കും പോകുമായിരുന്നു. ഇപ്പോൾ നാട്ടിലും സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അത്തരം നിക്ഷേപങ്ങൾക്കൊന്നും പ്രവാസികളും മുതിരുന്നില്ല. കൂടുതൽ സുരക്ഷിതമെന്ന നിലയിൽ നിക്ഷേപം ബാങ്കിൽ തന്നെ നിലനിർത്തുന്നതിനായിരിക്കും മുൻഗണന. ഇത് പ്രവാസി നിക്ഷേപം വർധിപ്പിക്കുമെങ്കിലും സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് ഈ തുക വിനിയോഗിക്കപ്പെടുന്നില്ലെങ്കിലും സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകില്ലെന്ന് മുൻ ബാങ്കറും മാനേജ്‌മെന്റ് കൺസൾട്ടന്റുമായ ജിസ് കോട്ടുക പറയുന്നു. 
'അനിശ്ചിതത്വങ്ങളുണ്ടാകുമ്പോൾ കൂടുതൽ സുരക്ഷിതമെന്ന നിലയിൽ നിക്ഷേപം പ്രവാസികൾ നാട്ടിലേക്കു മാറ്റും. ഇതോടൊപ്പം രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവും ഈ വർധനയ്ക്ക് കാരണമാണ്. അനിശ്ചിതത്വം ഉള്ളിടത്തോളം ഈ ട്രെൻഡും നിലനിൽക്കും -അദ്ദേഹം പറഞ്ഞു.
 

Latest News