Sorry, you need to enable JavaScript to visit this website.

കൊറോണ കവചും കൊറോണ രക്ഷകും

ഇന്ത്യയിൽ ഐ.ആർ.ഡി.എ.ഐ നിർദേശപ്രകാരം എല്ലാ ഇൻഷുറൻസ് കമ്പനികളും കൊറോണ ഇൻഷുറൻസ് പദ്ധതികൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട അനേകം സംശയങ്ങളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. ഇന്ന് കൊറോണ ഇൻഷുറൻസ് പദ്ധതികളും അവയിലെ നിബന്ധനകളും അവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും നമുക്ക് നോക്കാം. 
പല ഇൻഷുറൻസ് കമ്പനികളിൽ നിന്നും നേരിട്ടും അഥവാ ഉദ്യോഗത്തിലുള്ള കമ്പനി മുഖേനയും എടുത്തിട്ടുള്ള പോളിസികൾ കൊറോണയുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുമോ എന്ന സംശയം എല്ലാവർക്കുമുണ്ട്. പേടക്കേണ്ടതില്ല. നിങ്ങളുടെ കൈയിലുള്ള പോളിസി കൊറോണയുടെ ചികിത്സയും ഉൾപ്പെടുത്തും. മുൻപ് വന്നിട്ടില്ലാത്ത അനുഭവമായതിനാൽ പരിരക്ഷ ലഭിക്കും. എന്നാൽ ഇതുവരെ ഒരു ഇൻഷുറൻസും എടുക്കാത്ത ആൾ ആരോഗ്യ ഇൻഷുറൻസിനായി അപേക്ഷിക്കുമ്പോൾ അതിന്റെ ചാർജുകൾ കൂടുതലായിരിക്കും. പക്ഷേ, മറ്റു പല രോഗങ്ങളും കൂടി ഉൾപ്പെടുത്തുന്ന ഒരു സമഗ്ര ഇൻഷുറൻസ് ഉണ്ടായിരിക്കുന്നതാണ് എപ്പോഴും നല്ലത്. അത് ജീവിതത്തിൽ ഉടനീളം ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ ഇപ്പോൾ നമ്മൾ നേരിടുന്ന ഈ സങ്കീർണതയ്ക്ക് പരിഹാരം കാണാൻ അധികം തുക ചെലവാക്കാതെ സാധാരണക്കാർക്കും താങ്ങാവുന്ന രീതിയിൽ കൊറോണയ്ക്ക് മാത്രമായി കൊണ്ടുവന്നിട്ടുള്ള രണ്ടു തരത്തിലുള്ള പോളിസികളാണ് 'കൊറോണ കവച്' പോളിസിയും പിന്നെ 'കൊറോണ രക്ഷക്' പോളിസിയും. നിലവിൽ ഇൻഷുറൻസ് കവർ ഉള്ളവർക്ക് പോലും ഈ ഹ്രസ്വകാല പോളിസികൾ എടുക്കുന്നതു വഴി കൈയിലുള്ള പോളിസിയെ ബാധിക്കാതെ നോക്കാം. അതിലെ നോ ക്ലെയിം ബോണസിന് കോട്ടം തട്ടുകയില്ല. 
'കൊറോണ കവചും' 'കൊറോണ രക്ഷകും' രണ്ടു തരത്തിലാണ് പ്രവർത്തിക്കുന്നത്. കൊറോണ കവച് പോളിസിയിൽ 50,000 മുതൽ 5 ലക്ഷം വരെ കവറേജ് ലഭിക്കും. ഹോസ്പിറ്റൽ ബില്ലും മറ്റ് ചെലവുകളും അടിസ്ഥാനമാക്കി ചെലവായ തുക തിരികെ ലഭിക്കുന്ന രീതിയിലാണ് കവച് പ്രവർത്തിക്കുന്നത്. അതേസമയം, രക്ഷക് പോളിസിയുടെ മുഴുവൻ തുകയും കൊറോണ സ്ഥിരീകരിച്ച ഉടൻ പോളിസി ഉടമയ്ക്ക് ലഭിക്കും. ഇതിന്റെ കവറേജ് 2.5 ലക്ഷം വരെയുണ്ട്. കവച് പോളിസിയിൽ പ്രതിമാസം 200 രൂപ മുതൽ മുകളിലേക്ക് പ്രീമിയം വരും. വിവിധ ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയത്തിൽ നേരിയ വ്യത്യാസം ഉണ്ടായിരിക്കും. 
ഇവ തമ്മിൽ മറ്റൊരു പ്രധാന വ്യത്യാസമുണ്ട്. കൊറോണ കവച് പോളിസി ആരോഗ്യ ഇൻഷുറൻസ് കമ്പനിക്ക് മാത്രമേ നൽകാൻ പറ്റൂ. എന്നാൽ കൊറോണ രക്ഷക് പോളിസി ലൈഫ് ഇൻഷുറൻസ് കമ്പനിക്കും നൽകാൻ സാധിക്കും. 
ഇന്ത്യയിലെ 29 ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ ജൂലൈ 10 മുതൽ കൊറോണ കവച് പോളിസി വിപണിയിലിറക്കിയിട്ടുണ്ട്. കവച് പോളിസിയുടെ ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് 24 മണിക്കൂറിന്റെ ഹോസ്പിറ്റൽ വാസം നിർബന്ധമാണ്. കൂടിയത് എത്ര വേണമെങ്കിലും ആകാം. പോളിസിയുടെ ഉയർന്ന തുകയായ 5 ലക്ഷം വരെ കവറേജ് ലഭിക്കും. എന്നാൽ കൊറോണ രക്ഷക് പോളിസിയുടെ ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് 72 മണിക്കൂറിന്റെ അഡ്മിഷൻ ആവശ്യമാണ്.  രണ്ടു പോളിസിക്കും ഒരു നിശ്ചിത കാലത്തേക്ക് ഒറ്റത്തവണയായാണ് പ്രീമിയം അടക്കേണ്ടത്. കൊറോണ കവച് ഒരു കുടുംബത്തിലെ എല്ലാവർക്കുമായി ഒറ്റ പോളിസി മതിയാകും. എന്നാൽ രക്ഷക് പോളിസി ഓരോ വ്യക്തിക്കും പ്രത്യേകം വേണ്ടിവരും. 
എന്തായാലും വില കുറവും ഗുണങ്ങൾ ഏറിയതും കൊറോണ കവച് പോളിസിയാണെന്നതിൽ സംശയമില്ല. കഴിയുന്നത്ര അധികം തുകയ്ക്ക് കവറേജ് എടുക്കുന്നതാണ് നല്ലത്. 105 ദിവസം, 195 ദിവസം, 285 ദിവസം എന്നീ കാലയളവുകളിലായാണ് പോളിസികൾ ഉള്ളത്. പോളിസിയിൽ പങ്കാളിയാകാനുള്ള പ്രായം 18നും 65നും മധ്യേയാണ്. പോളിസിയെടുത്ത് 15 ദിവസത്തിനു ശേഷമേ പോളിസിയുടെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരൂ എന്ന് ഓർക്കണം. 

(ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസിലെ നിക്ഷേപകാര്യ വിദഗ്ധനാണ് ലേഖകൻ)
 

Latest News