Sorry, you need to enable JavaScript to visit this website.

ഓഹരി ഇൻഡക്‌സുകൾ തിരുത്തലിന്റെ പാതയിൽ

കാളക്കൂട്ടം നയിച്ച ഓഹരി വിപണിക്ക് മുകളിൽ കരടികൾ പത്മവ്യൂഹം ഒരുക്കി, ആറാഴ്ചകളിൽ ഉത്സവ തിമിർപ്പിൽ ആറാടിയ ഓഹരി ഇൻഡക്‌സുകൾ തിരുത്തലിന്റെ പാതയിലേയ്ക്ക് വഴുതാനുള്ള നീക്കത്തിലാണ്. മുൻ വാരം സൂചിപ്പിച്ച 10,304 ന് മുകളിൽ പിടിച്ച് നിൽക്കാനാവാഞ്ഞത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കും. പിന്നിട്ട വാരം നിഫ്റ്റി 120 പോയന്റും സെൻസെക്‌സ് 522 പോയന്റും നഷ്ടത്തിലാണ്. 
ഇന്ത്യൻ മാർക്കറ്റ് ഓവർ ബോട്ട് മേഖലയിൽ നീങ്ങിയതിനിടയിൽ നടന്ന കൺസോളിഡേഷൻ വിപണിയുടെ അടിയൊഴുക്കിൽ ശക്തമായ മാറ്റം സൃഷ്ടിച്ചു. സൂചികയുടെ ചലനങ്ങൾ നിരീക്ഷിക്കാനും പുതിയ ബാധ്യതകളിൽ നിന്ന് വിട്ടുനിൽക്കാനും ചെറുകിട നിക്ഷേപകർക്ക് മുൻ വാരങ്ങളിൽ മലയാളം ന്യൂസ് നൽകിയ സൂചനകൾ ഇടപാടുകാരുടെ നഷ്ട സാധ്യത കുറച്ചു. ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞ രണ്ടാഴ്ചകളിൽ മുൻനിര ഓഹരികളിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചു. എന്നാൽ വിദേശ ഫണ്ടുകൾ വൻ നിക്ഷേപം നടത്തി. 
ജൂലൈ മാസം ഇന്ത്യൻ മാർക്കറ്റിന് വൻ നേട്ടങ്ങൾ വാരിക്കോരി സമ്മാനിച്ചു. ആറാഴ്ച നീണ്ട ബുൾ റാലിയിൽ കഴിഞ്ഞ മാസം നിഫ്റ്റി സ്വന്തമാക്കിയത് 770 പോയന്റാണ്. ഇതിനിടയിൽ ഏറെ നിർണായകമായ 200 ആഴ്ചകളിലെ ശരാശരിക്ക് മുകളിൽ ഇടം കണ്ടെത്തിയത് ഹ്രസ്വ കാലയളവിലേയ്ക്ക് വീക്ഷിച്ചാൽ ശുഭകരം തന്നെ. 
10,430 ലാണ് 200 പ്രതിവാര ശരാശരി നിലകൊള്ളുന്നത്. സൂചിക 50,100 ആഴ്ചകളിലെ ശരാശരിക്ക് മുകളിലാണ്. നിഫ്റ്റി 11,194 പോയന്റിൽ നിന്ന് 11,341 വരെ കയറിയ ശേഷം 11,026 ലേയ്ക്ക് താഴ്ന്നങ്കിലും കഴിഞ്ഞ വാരം സൂചിപ്പിച്ച 11,018 ലെ സപ്പോർട്ട് നിലനിർത്തി. 
വാരാന്ത്യം നിഫ്റ്റി 11,073 ലാണ്. ഈ വാരം 10,952 ലാണ് ആദ്യ സപ്പോർട്ട്. ഇത് നിലനിർത്തി 11,267 ലേയ്ക്ക് ഉയരാൻ ശ്രമിക്കാം. ആ നീക്കം പരാജയപ്പെട്ടാൽ സ്വാഭാവികമായും 10,831 ലേയ്ക്കും തുടർന്ന് നിഫ്റ്റി 10,516 റേഞ്ചിലേയ്ക്കും സഞ്ചരിക്കാം.  
ബോംബെ സെൻസെക്‌സ് തുടക്കത്തിലെ 38,129 ൽ നിന്നുള്ള കുതിപ്പിൽ 38,617 വരെ കയറിയ ശേഷം 37,431 പോയന്റിലേയ്ക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 37,606 ലാണ്. ഈ വാരം ആദ്യ തടസം 38,338 ലാണ്. ആ പ്രതിരോധം തകർന്നാൽ 39,070 വരെ സൂചിക സഞ്ചരിക്കാം. സെൻസെക്‌സിന് താങ്ങ് 36,698 ലും 35,512 പോയന്റിലാണ്. 
രൂപയുടെ വിനിമയ മൂല്യം 74.76 ൽ നിന്ന് 74.91 ലേയ്ക്ക് നീങ്ങി. ഈ വാരം 74.50 ലെ താങ്ങ് നിലനിർത്തി 75.50 ലേയ്ക്ക് ദുർബലമാകാം. വിദേശ നിക്ഷേപം തൊട്ട് മുൻ വാരത്തെ അപേക്ഷിച്ച് കുറഞ്ഞു. 
ആർ.ബി.ഐ ഈ വാരം വായ്പാ അവലോകനത്തിന് ഒത്ത് ചേരുമെങ്കിലും വ്യാഴാഴ്ചയാവും തീരുമാനം പുറത്തുവിടുക. ചില്ലറ പണപ്പെരുപ്പം വളർച്ച നേരത്തെ വിലയിരുത്തിയതിലും ഉയരുന്നത് കേന്ദ്ര ബാങ്കിന് മേൽ സമ്മർദം ഉയർത്താം. റിസർവ് ബാങ്ക് വിപണി ഇടപെടൽ നടത്തിയതായി അനുമാനിക്കാം. വിദേശ നാണയ കരുതൽ ശേഖരം 517 ബില്യൻ ഡോളറിലെത്തി. ഡോളർ ഇൻഡക്‌സിനെ ബാധിച്ച മാന്ദ്യം തുടരുന്നു. ഒരു മാസത്തിനിടയിൽ രൂപയുടെ മൂല്യം ഒരു ശതമാനം ഉയർന്നു. എന്നാൽ ഇതേ കാലയളവിൽ മറ്റ് നാണയങ്ങൾക്ക് മുന്നിൽ ഡോളർ നാല് ശതമാനം തളർന്നു.മുൻനിരയിലെ പത്തിൽ ആറ് കമ്പനികളുടെ വിപണി മൂല്യത്തിൽ 138 കോടി രൂപയുടെ ഇടിവ്. ആർ.ഐ.എൽ, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി, എയർടെൽ എന്നിവയുടെ മുല്യം കുറഞ്ഞു. 
രാജ്യാന്തര ഓഹരി വിപണിയിലേയ്ക്ക് തിരിഞ്ഞാൽ യൂറോപ്യൻ ഇൻഡക്‌സുകൾ മാർച്ചിന് ശേഷമുള്ള ആദ്യ പ്രതിമാസ തളർച്ചയിലാണ്. കോവിഡ് വീണ്ടും തല ഉയർത്തിയതാണ് യൂറോപ്യൻ വിപണികളെ തളർത്തിയത്. വാരാന്ത്യം ചൈനീസ് മാർക്കറ്റായ ഷാങ്ഹായി ഒഴിച്ചാൽ ഏഷ്യയിലെ മറ്റ് വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കൻ ഓഹരി ഇൻഡക്‌സുകൾ നേട്ടത്തിലാണ്.
 

Latest News