Sorry, you need to enable JavaScript to visit this website.

യുദ്ധം എന്ന തുടർക്കഥ

സിനിസിസം തുളുമ്പുന്ന ഒരു പഴയ മൊഴി ഓർക്കുന്നു: 'രണ്ടു വമ്പൻ പരസ്യങ്ങളുടെ ഇടയിൽ തിരുകിവെക്കുന്നതാണ് വാർത്ത.' അതിനെ അനുകരിച്ച് ഇങ്ങനെയും പറയാം: രണ്ടു നീണ്ട യുദ്ധങ്ങൾക്കിടയിൽ അനുഭവപ്പെടുന്നതാണ് സമാധാനം.
സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുക എന്നൊരു വിരോധാഭാസമുണ്ടല്ലോ.  കൂടെക്കൂടെ ആവർത്തിക്കപ്പെടുന്നതാണ് ഈ തത്വം. നാലഞ്ചു നാൾ കൊണ്ട് അതു നിലച്ചെന്നും വരില്ല.  ഗാൽവാൻ മലയിടുക്കിൽ ആയുധമില്ലാതെ അടരാടാൻ വന്ന ചീനപ്പട്ടാളം തൽക്കാലം ഒതുങ്ങിയിട്ടുണ്ടെങ്കിലും സ്ഥിരമായി ഒരു കൺഫ്യൂഷൻ ശാന്തതയിൽ ലയിച്ചു ചേരില്ലെന്ന് മൂന്നു തരം. യുദ്ധത്തെപ്പറ്റി പൊതുവെ ഇങ്ങനെ പറയാവുന്നതാണ്. സ്ഥിരമായത് യുദ്ധം തന്നെ.  അതിനിടയിൽ വല്ലപ്പോഴും വീണു കിട്ടുന്ന ഇടവേളയത്രേ സമാധാനം.
ഉള്ളതു പറഞ്ഞാൽ സമാധാന പ്രേമിയല്ല മനുഷ്യൻ.  പ്രവൃത്തിയിലും ചിന്തയിലും മറ്റേതു മൃഗത്തേക്കാളും കൂടുതൽ അക്രമത്തിൽ ഏർപ്പെട്ടിരിക്കുന്നു മനുഷ്യൻ എന്നു കാണാം. 'പല്ലും നഖവും ചുമന്ന പ്രകൃതി'യെപ്പറ്റി ഉപന്യസിക്കുമ്പോൾ ടെന്നിസൻ മനുഷ്യനെ ഒഴിവാക്കിയത് തെറ്റായിപ്പോയി. സാഹിത്യത്തിലും മതത്തിലും വിനോദത്തിലും അധികാരക്കളിയിലും മനുഷ്യനു സ്വന്തമായുള്ളതാണ് യുദ്ധം പണ്ടേക്കു പണ്ടേ.  
ഉൽപ്രേക്ഷയും വ്യാഖ്യാനവും അവിടെ നിൽക്കട്ടെ.  ക്രിസ്തുവിനേക്കാൾ പഴക്കമുള്ള ഗീതയുടെ സാരാംശം ഒരു വാക്കിൽ ഒതുങ്ങും: 'പോരാടുക'. കൃഷ്ണൻ പേർത്തും പേർത്തും പറയുന്നു, 'അതുകൊണ്ടൊക്കെ  പോരാടാൻ ഉറച്ച് എണീക്കുക, കൌന്തേയ, യുദ്ധത്തിനുള്ള ആഹ്വാനവും അതിൽനിന്നുള്ള പലായനവും അതുപോലെ പല സുവിശേഷങ്ങളിലും കേൾക്കാം. ശാന്തിമന്ത്രം ഉരുവിടുമ്പോഴും അങ്കത്തട്ടിൽ കേറാൻ കച്ച കെട്ടുകയാണ് മനുഷ്യരാശി.  
അഹിതമെന്നു കരുതുന്ന എന്തിനെയും കീഴ്‌പ്പെടുത്താനാണ് മനുഷ്യന്റെ പ്രഖ്യാപിത നയം. മനസ്സിൽ കണ്ടത് നേടും വരെ ഉറച്ചെണീറ്റ് പൊരുതുക -അതു തന്നെ ആചാര്യ വചനം. മനസ്സിൽ കണ്ടതോ മനസ്സിനെ ആക്രമിക്കുന്നതോ ആയ എന്തുമാകാം, കീഴ്‌പ്പെടരുത്, ജനിമരണ ഭയമെന്യേ, അതിനെ എതിർത്തു തോൽപിക്കുക. കോവിഡ് എന്ന മഹാമാരിയാകാം, ഭീകര ഭീഷണിയാകാം, ചതുരംഗപ്പലകയിലെ കരുക്കളാകാം, ശത്രു ആരുമാകാം, അതിനെ യുദ്ധത്തിലെന്ന പോലെ നേരിടുക.  നല്ലൊരു കാര്യം ചെയ്യുന്നെങ്കിൽ അത് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യണമെന്നാണ് പഴയ പ്രമാണം.  
ഒരു വശത്ത് 'യുദ്ധായ കൃതനിശ്ചയ' എന്ന വിഷാദനാശകമായ ഉപദേശം മുഴങ്ങുമ്പോൾ മറുവശത്ത് സർവഭക്ഷകമായ യുദ്ധത്തിനു കോപ്പു കൂട്ടുന്നു. ആ ഉൾക്കാഴ്ചയോടെയാകാം യുദ്ധങ്ങളിൽ വെച്ച് ഏറ്റവും ഭീഷണമായ യുദ്ധത്തിന്റെ സാക്ഷിയും കാഥികനുമായ വ്യാസൻ ഒടുവിൽ കൈ രണ്ടും മാനത്തേക്കുയർത്തി പരിതപിക്കുന്നു, 'ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല.'  നമ്മുടെ കാലഘട്ടത്തിൽ ഋഷിസദൃശനായ വേറൊരു കാഥികൻ 'യുദ്ധവും സമാധാനവും' രചിച്ചപ്പോഴും അതേ ഉൾക്കാഴ്ചയും വേദനയും അനുഭവിച്ചിരിക്കും.
 ഒന്നോർത്താൽ, കരുണമാണ് ഒരേയൊരു രസം എന്നു നിർവചിക്കുന്നതു പോലെ, എല്ലാ മികച്ച സാഹിത്യ സൃഷ്ടിയിലും യുദ്ധത്തിന്റെയും സമാധാനത്തിന്റെയും അംശം ഉണ്ടെന്നു പറയണം. 
മരണത്തിന്റെ ഗണിതമാണ് ഒരു തരത്തിൽ നോക്കിയാൽ യുദ്ധം. ഇന്നേ വരെ ഏറ്റവുമധികം മനുഷ്യരെ വക വരുത്തിയ സംഭവമാകും 39 മുതൽ അഞ്ചു കൊല്ലം നീണ്ടുപോയ രണ്ടാം ലോകയുദ്ധം. തുടക്കത്തിലെ ലോക ജനസംഖ്യയുടെ മൂന്നു ശതമാനം (ആറു കോടി) ജീവൻ അതിനിടെ അപഹരിക്കപ്പെട്ടു.  എത്ര പേർ മുറിവേറ്റു വീണു, എത്ര പേർ കണക്കിൽ പെടാതെ പോയി -അതിനൊന്നും കണ്ണടച്ചു വിശ്വസിക്കാവുന്ന കണക്കില്ല.  
രണ്ടാം ലോകയുദ്ധത്തിലെ ഒരു ഉപയുദ്ധത്തിൽ മാത്രം ഉണ്ടായ നാശത്തിന്റെ കണക്ക് നോക്കൂ. സർവശക്തമായ അമേരിക്ക ആക്രമിക്കപ്പെട്ടു, 1941 ഡിസമ്പറിലെ പ്രഭാതത്തിൽ. വടക്കൻ ഹവായിയിലെ പവിഴത്തുറയിൽ (പേൾഹാർബർ) ജപ്പാന്റെ കടൽപട നാശം വിതച്ചു. തുറമുഖം ലക്ഷ്യമാക്കി പറന്നത് 360 യുദ്ധവിമാനങ്ങളായിരുന്നു. അമേരിക്കൻ കപ്പലുകളിൽ നാലെണ്ണത്തെ മുക്കി. ബാക്കിയുള്ളവയെ കാര്യമായി കേടു വരുത്തി.  വേറെ കുറെ ജലവാഹനങ്ങളെ നിഷ്‌ക്രിയമാക്കി. അമേരിക്കൻ ജനതയെയും സർക്കാറിനെയും ഞെട്ടിച്ച ആ ആക്രമണത്തിൽ 2403 അമേരിക്കക്കാർ മരിച്ചു, 1178 പേർക്കു മുറിവേറ്റു.  നാശത്തിന്റെ ഗണിതം അവിടെ തീരുന്നില്ല.
യുദ്ധത്തിൽ ചേരാൻ മടിച്ചുനിന്നിരുന്ന അമേരിക്കയുടെ ആലസ്യം അപ്പോഴേ തീർന്നു. അവർ ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഹിരോഷിമയുടെയും നാഗസാക്കിയുടെയും പശ്ചാത്തലം ഇതിൽ കൂടുതൽ ചുരുക്കി പറയാൻ വയ്യ.  അൽ ഖാഇദക്കെതിരെ പ്രസിഡന്റ് ബുഷ് യുദ്ധം പ്രഖ്യാപിക്കുന്നതിനു മുമ്പും പിമ്പും നടന്ന നാശത്തിന്റെ കഥ ഇവിടെ ചേർത്തു വായിക്കാം. 
പവിഴത്തുറയിലെ ജാപ്പനീസ് ആക്രമണം ഉണ്ടായില്ലെങ്കിൽ രണ്ടാം ലോകയുദ്ധത്തിന്റെ ഗതി എന്താകുമായിരുന്നുവെന്ന് ഓർത്തു രസിക്കാം. ജർമനിയിൽ ഹിറ്റ്‌ലറുടെ ഭീകരതയോടെയല്ലെങ്കിലും ലോക ചക്രവർത്തിയാകാനായിരുന്നു ഫ്രാൻസിലെ നെപ്പോളിയന്റെയും അശ്വമേധം. വാട്ടർലൂവിലെ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തോടു തോറ്റ നെപ്പോളിയൻ രക്ഷപ്പെടാൻ വഴിയൊന്നും തുറക്കാത്ത സെന്റ് ഹെലെന എന്ന തുരുത്തിൽ മരണം വരെ തടവിലായി.  
നമ്മുടെ ഒരു ചക്രവർത്തിയും അതുപോലെ ഒരിക്കൽ ഭൂഖണ്ഡമെങ്ങും ആക്രമണം അഴിച്ചുവിടുകയുണ്ടായി.  ഗീതാഗോവിന്ദം എന്ന മധുര കാവ്യം നമുക്കു തന്ന കവിയുടെ നാടായ കലിംഗ രാജ്യത്തിൽ ചോരയുടെ പുഴ ഒഴുകി. ചോരയും ശവവും കണ്ട് ''ദേവന്മാർക്ക് പ്രിയങ്കരൻ'' എന്ന് ആശ്രിതന്മാർ വാഴ്ത്തിയിരുന്ന അശോക ചക്രവർത്തി മോഹാലസ്യപ്പെട്ടു. യുദ്ധത്തിന്റെ പരിണാമം അവിടെ പതിവു പോലെ വിനാശം മാത്രമായിരുന്നില്ല. ആ യുദ്ധം തന്റെ അവസാനത്തെ യുദ്ധമാക്കാൻ അശോകൻ തീരുമാനിച്ചു. 
അശോകന്റെ ശിലാശാസനങ്ങളും വടക്കൻ പാട്ടിലെ പാണന്മാരും നമ്മുടെ കാലഘട്ടത്തിലെ  സൈനിക ലേഖകരും ഒരുക്കിത്തരുന്നതാണ് യുദ്ധസ്മരണ. വിക്റ്റർ ഹാൻസണിന്റെ രണ്ടാം ലോകയുദ്ധവും ജോൺ ലിന്നിന്റെ  യുദ്ധത്തിന്റെ സൈനികവും സാംസ്‌കാരികവുമായ പശ്ചാത്തലവും  ജോൺ കീഗന്റെ യുദ്ധത്തിന്റെ ഒരു ചരിത്രവും അതിൽ പ്രത്യേക പരാമർശം അർഹിക്കുന്നു. ഹാസ്യവും ന്യൂനോക്തിയും വശത്താക്കിയ മാർക് ട്വയിൻ പത്തൊമ്പതാം നൂറ്റാണ്ടിൽ ഇറങ്ങിയ ഏറ്റവും മികച്ച ഇംഗ്ലീഷ് പുസ്തകമായി തെരഞ്ഞെടുത്തത് യൂലിസസ് ഗ്രാന്റിന്റെ ഓർമക്കുറിപ്പുകളായിരുന്നു. അമേരിക്കയുടെ സേനാപതിയും പിന്നീട് പ്രസിഡന്റുമായ ആളാണ് ഗ്രാന്റ്. അത്ര ശ്ലാഘ അർപ്പിച്ചതിനു ശേഷം ട്വയിൻ പറയുന്നു, 'മിക്ക മിലിറ്ററി മേധാവികളും എഴുതിവിടുന്നത് പുളുവും നുണയും ആണേ.'
ജോൺ ലിൻ എഴുതിയ പുസ്തകത്തിന്റെ ശീർഷകം തന്നെ അതിന്റെ കാഴ്ചപ്പാടിന്റെ ഗൗരവം കാണിക്കുന്നു. യുദ്ധം: സംഘട്ടനത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രം.  പേര് അത്ര ഉറക്കെ പറയുന്നില്ലെങ്കിലും വ്യാസനും ഹോമറും വാൽമീകിയും രചിച്ചതൂ മാത്രമല്ല, യുദ്ധസാഹിത്യമായി രചിക്കപ്പെട്ടിട്ടുള്ളതെല്ലാം സാംസ്‌കാരിക അവലോകനമായി പഠിക്കപ്പെടണം.  ഒരു ജനതയുടെ ഭാവത്തിലും സ്വപ്‌നത്തിലും സംഭവിക്കുന്ന വികാസ പരിണാമം അതു പ്രതിഫലിപ്പിക്കണം. 
പാനിപ്പത്തിൽ 1526 ൽ ഉണ്ടായ യുദ്ധത്തിൽ അങ്ങനെ ഒരു പരിണാമം സംഭവിച്ചു: ബാബർ: മുഗള സാമ്രാജ്യത്തിന് അടിക്കല്ലിട്ടു. അവിടെ വെച്ചു തന്നെ എതിർക്കാൻ വന്നവരെയെല്ലാം കീഴ്‌പ്പെടുത്തുകയും സാമൂഹികവും രാഷ്ട്രീയവുമായ പല ധീര പരീക്ഷണങ്ങളും നടത്തുകയും ചെയ്ത ബാബറിന്റെ കൊച്ചുമകൻ മറ്റൊരു യുദ്ധത്തിൽ, സാർവ ഭൗമത്വം സ്ഥാപിച്ചു.  ഭരണത്തിന്റെ ഭാവവും ഭാഷയും നിറവും മാറുകയായിരുന്നു, യുദ്ധത്തിലൂടെ.  ഒരാൾ മാത്രം എല്ലാം അക്ബർക്ക് വിട്ടുകൊടുക്കാൻ കൂട്ടാക്കാതെ നിന്നു: മേവാടിലെ റാണാ പ്രതാപ്.  ഹൽദിഘാടിയിലെ യുദ്ധത്തിൽ രണ്ടു സൈന്യങ്ങളും മുട്ടിനോക്കി. ആരും ജയിച്ചില്ലെന്ന് ഒരു കൂട്ടം ചരിത്രകാരന്മാർ. രജപുത്രകേസരി തന്നെ ജയിച്ചുവെന്ന് മറ്റൊരു കൂട്ടം. അക്കൂട്ടരുടെ ഭാഷ്യം പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.  അതെന്തായാലും തനിക്കു കീഴടങ്ങാൻ കൂട്ടാക്കാത്ത റാണയുടെ നിര്യാണ വാർത്ത കേട്ടപ്പോൾ അക്ബർ പൊട്ടിക്കരഞ്ഞുവത്രേ. 
ഭരണപരവും സാംസ്‌കാരികവുമായ മറ്റൊരു പതനം 1757 ലെ പ്ലാസി യുദ്ധത്തിലായിരുന്നു.  കാലുമാറ്റവും കുതിരക്കച്ചവടവും പ്രോത്സാഹിപ്പിച്ച റോബർട് ക്ലൈവ് ബംഗാളിന്റെ ഭരണം കൈക്കലാക്കി, വ്യാപാരത്തിനു വന്ന കമ്പനിയെ രാഷ്ട്രീയത്തിലേക്കു കേറ്റിവിട്ടു. വഞ്ചനക്ക് നമുക്കുള്ള പ്രതിഭ പുറത്തു വന്നു.    പിന്നെ കണ്ടത് കൊച്ചുപോരാട്ടങ്ങളുടെ നീണ്ട പരമ്പരയായിരുന്നു. പുതിയ അടവിൽ തോറ്റുകൊണ്ടാണെങ്കിലും  പഴശ്ശി രാജ പുൽപള്ളിയിൽ നയിച്ച ഒളിപ്പടയും ഒരു യൂറോപ്യൻ ശക്തിയെ നമ്മുടെ കടൽത്തീരത്ത് കൊളച്ചൽ വെച്ച് മുട്ടുകുത്തിച്ച യുദ്ധവും അവയുടെ ത്രസിക്കുന്ന ഭാഗമായിരുന്നു. പിന്നീടു വന്ന മൈസൂർ-മറാഠാ യുദ്ധപരമ്പര യിലൂടെ ചെറുത്തുനിൽപിന്റെ രാഷ്ട്രീയം നിർവചിക്കപ്പെട്ടു.
തളിക്കോട്ടയിലെ ദുരന്തം മറ്റൊരു പോർമുഖം തുറന്നു.  വിദ്യാരണ്യ സ്വാമിയുടെ ഗുരുത്വമറിഞ്ഞ് ഒരു നൂറ്റാണ്ട് ഭരണം കൈയാളിയ വിജയനഗര സാമ്രാജ്യം പൊടുന്നനവേ തകർന്നടിയുകയായിരുന്നു, അയൽപക്കത്തെ സുൽത്താന്മാർ ഒന്നു ചേർന്ന് സമ്പന്നവും സമൃദ്ധവുമായ ആ മഹാജനപദത്തെ കൊത്തിപ്പെറുക്കുകയായിരുന്നു.  ജയിച്ചുനിന്നിരുന്ന രാമ രായനു തുണയേകിയിരുന്ന രണ്ടു സൈനിക സ്തംഭങ്ങൾ ഒരു നാൾ ഒറ്റിക്കൊടുപ്പിന്റെ തന്ത്രം പണിതു. പന്തവും വാളും കവണയും വെണ്മഴുവുമായി അവർ നാശത്തിനു പൂർണത വരുത്തി. വിജയനഗരത്തിന്റെ ചരിത്രം വിസ്മൃത സാമ്രാജ്യം എന്ന പുസ്തകത്തിലാക്കിയ റോബർട് സെവെൽ അതിന്റെ അവസാനത്തെ ഇങ്ങനെ വിവരിക്കുന്നു:
'മുമ്പൊരിക്കലും ഇങ്ങനെയൊരു നാശം ഉണ്ടായ ചരിത്രമില്ല. ഇത്ര പെട്ടെന്ന്, ഇത്ര സുന്ദരമായ ഒരു നഗരം, ഇത്ര ഐശ്വര്യപൂർണമായ ഒരു ജനപദം, ഇത്ര പെട്ടെന്ന്, ഒരു നാൾ സമൃദ്ധിയുടെ പരമകാഷ്ഠയിൽനിന്ന്, വരും നാൾ തികഞ്ഞ നാശത്തിലേക്ക് പതിക്കുക! നിഷ്ഠുരമായ നരഹത്യയുടെയും കൊള്ളയടിയുടെയും രംഗങ്ങൾ വിവരിക്കാൻ വാക്കുകളില്ല.'
 

Latest News