Sorry, you need to enable JavaScript to visit this website.
Monday , September   28, 2020
Monday , September   28, 2020

എന്തുകൊണ്ട്  മുഖ്യമന്ത്രി രാജിവെക്കണം?

ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരങ്ങളും ചുമതലകളും അനുസരിച്ച്  മുഖ്യമന്ത്രി എന്നാൽ  ഒരു സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ആണ്്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം  ഗവർണർ മന്ത്രിമാരെ നിയമിക്കുകയും  അത്തരത്തിൽ രൂപീകരിക്കപ്പെടുന്ന മന്ത്രിസഭ അഥവാ കാബിനറ്റ്്  സംസ്ഥാനത്തിന്റെ ഭരണം നടത്തുകയും ചെയ്യുന്നു.  വലിയ ചുമതലകളും ഉത്തരവാദിത്തങ്ങളുമാണ് മുഖ്യമന്ത്രി എന്ന പദവിയിൽ ഭരണഘടന നിക്ഷിപ്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ ചുമതലകളിലും ഉത്തരവാദിത്തങ്ങളിലും  വീഴ്ച വരുത്തുന്ന ഒരു വ്യക്തിക്ക്  ആ കസേരയിൽ  തുടർന്നിരിക്കാനുള്ള  ധാർമികമായ അധികാരവും അവകാശവും നഷ്ടപ്പെടുകയും ചെയ്യും.
സ്വർണ കള്ളക്കടത്ത് കേസിൽ  പിണറായി  വിജയൻ രാജിവെക്കണമെന്ന് കേരളത്തിലെ പ്രതിപക്ഷം ആവശ്യപ്പെടുന്നത്്  ഇതു മുൻനിർത്തിയാണ്.   രാജ്യദ്രോഹപരമായ സ്വർണ കള്ളക്കടത്ത്  കേസിലെ  പ്രധാന പ്രതികൾക്ക് മുഖ്യമന്ത്രിയുടെ  പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ  ശിവശങ്കറുമായി ഉറ്റ ബന്ധമുണ്ടായിരുന്നെന്നും ഇവർക്ക് ശിവശങ്കറിന്റെ സഹായമുണ്ടായതായും തെളിവുകൾ സഹിതം പുറത്ത് വന്നിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ് എന്നത്  അവിടെയുള്ള ഉദ്യോഗസ്ഥരല്ല, മറിച്ച് മുഖ്യമന്ത്രി തന്നെയാണ്.   പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ്  വരെയുള്ളവരെ സംബന്ധിച്ചും ഇത് ബാധകമാണ്. തന്റെ ഓഫീസിനെ നയിക്കാൻ താൻ നിയോഗിച്ച വ്യക്തി  സ്വർണ കള്ളക്കടത്ത്് പോലെ രാജ്യദ്രോഹപരമായ ഒരു ഗുരുതര കുറ്റകൃത്യം നടത്തിയവരുമായി ഉറ്റ ബന്ധം പുലർത്തിയതായി  തെളിയുകയും ആ വ്യക്തിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയും  ചെയ്യുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് അഥവാ മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയുടെ പേരിൽ ഏത് വ്യക്തിയോടും സ്ഥാപനത്തോടും  സംസാരിക്കാനും കത്തിടപാടുകൾ നടത്താനും  നിർദേശങ്ങൾ നൽകാനും മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയ ആളാണ്  പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ.  ആ വ്യക്തി അധികാര ദുർവിനിയോഗം നടത്തിയാൽ അതിനുത്തരവാദി മുഖ്യമന്ത്രിയല്ലാതെ മറ്റാരാണ്? 
 അത് അയാളുടെ വ്യക്തിപരമായ കാര്യം എന്നു പറഞ്ഞ്  മുഖ്യമന്ത്രിക്ക് അതിൽ നിന്ന് കൈകഴുകി ഒഴിയാൻ കഴിയില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഇനി ഇരിക്കാൻ പിണറായി വിജയന്  ധാർമികമായ  അവകാശമില്ലെന്നും അദ്ദേഹം രാജിവെക്കണമെന്നും  പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെടുന്നുത്.  രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടല്ല, ഭരണഘടന മുന്നോട്ട്  വെക്കുന്ന വിശുദ്ധമായ സങ്കൽപങ്ങളെ മുൻനിർത്തിയാണ്  പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പൂർണ പിന്തുണയോടും ഒത്താശയോടും കൂടിയാണ് കള്ളക്കടത്ത് കേസിലെ പ്രതികൾ കേരളത്തിൽ നിന്ന് കടന്നതെന്ന് ന്യായമായും സംശയിക്കാം. വഴി നീളെ പോലീസ് പരിശോധനയുള്ള ഒരു ഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്നും  ബാംഗഌർ വരെ ഈ കേസിലെ പ്രതികൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനും ഓഡിയോ ക്ളിപ്പിംഗ് ഉണ്ടാക്കി മാധ്യമങ്ങൾക്ക് അയച്ചു  കൊടുക്കാനും  ആരാണ് സൗകര്യം ചെയ്്തു കൊടുത്തത്?  പോലീസിന്റെ സഹായം  ഇല്ലാതെ  ഇവർക്ക് എങ്ങനെ  ഇതൊക്കെ സാധിക്കും? അപ്പോൾ  ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് നിന്ന് ആരെക്കെയോ ഇവർക്ക് കാര്യമായ സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടെന്ന് വ്യക്തമാവുകയാണ്. 
മാത്രമല്ല, രാജ്യത്തെ തന്നെ ഞെട്ടിച്ച ഇത്രയും ഗുരുതരമായ ഒരു കുറ്റകൃത്യം പുറത്തു വന്നിട്ടും അതിലെ പ്രതികളുടെ നീക്കങ്ങൾ എന്തുകൊണ്ട് സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം ശ്രദ്ധിച്ചില്ല? അത് അവരുടെ ചുമതലയല്ലേ?  കേസന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്ക് എന്തുകൊണ്ട് അത് സംബന്ധിച്ച് വിവരം നൽകിയില്ല? കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടതെന്ന് പറഞ്ഞ് സംസ്ഥാന പോലീസ് പൂർണമായി ഒഴിഞ്ഞുമാറിയത് സംശയാസ്പദമാണ്. 
നിരവധി തവണകളായി ഈ സംഘം 230 കിലോ സ്വർണം നയതന്ത്ര ചാനലിലൂടെ കടത്തിയെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. ഇത്രയും വിപുലമായ ഒരു സംഘം ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടും സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജൻസികൾ അറിയാതെ പോയതെന്താണെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാണ് ഉത്തരം നൽകേണ്ടത്. രഹസ്യാന്വേഷണ ഏജൻസികൾ അറിയാത്തതാണോ, അതോ അറിഞ്ഞിട്ടും അവരുടെ വായ മൂടിക്കെട്ടിയതോ? 
 പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ശിവശങ്കർ ചെയ്തിരുന്ന  ഔദ്യോഗിക കൃത്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ പേരിലാണ് എന്നതുകൊണ്ട് സ്വാഭാവികമായും ഉത്തരവാദിത്തം  മുഖ്യമന്ത്രിയിലാണെത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി പ്രവർത്തിക്കുന്ന  ഉദ്യോഗസ്ഥനാണ്   മുഖ്യമന്ത്രിയുടെ താൽപര്യം പ്രകാരം വിവിധ നിർദേശങ്ങൾക്കായി  കത്ത് നൽകുകയോ  ആശയവിനിമയം നടത്തുകയോ  ചെയ്യുന്നത്.   നിയമനമടക്കം എല്ലാ കാര്യത്തിലും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. ഇത് പരിഗണിക്കുമ്പോൾ സ്വപ്‌ന സുരേഷിന്റെ നിയമന വിഷയത്തിൽ മുഖ്യമന്ത്രിയുടെ പങ്കും സ്വാഭാവികമായി അന്വേഷണത്തിനു വിധേയമാക്കേണ്ടതാണ്.  
മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനും ഡി.ജി.പിയും തമ്മിലുള്ള ബന്ധം ഇതിനകം തന്നെ പുറത്തു വന്ന ഒരു ഫാഷൻ വീഡിയോയിലൂടെ പൊതുമധ്യത്തിൽ വന്നിട്ടുണ്ട്. കൂടാതെ, സ്വപ്്ന സുരേഷിനെതിരെ  ക്രൈം ബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന കേസിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടു പോലും  അവരെ  പ്രതിയാക്കാതിരിക്കാൻ  പോലീസിന്റെ ഉന്നത തലങ്ങളിൽ നിന്ന് ഇടപെടലുണ്ടായി.
 ഈ ഉന്നത ബന്ധങ്ങൾ ഉള്ളതുകൊണ്ടാണോ അവർക്ക് ട്രിപ്പിൾ ലോക്ഡൗൺ സമയത്തും രക്ഷപ്പെടാനായത് എന്നത് അന്വേഷിക്കേണ്ടതല്ലേ? സ്വർണ കള്ളക്കടത്ത് എയർപോർട്ടിന് അകത്ത് മാത്രം ഒതുങ്ങുന്നതല്ലെന്നത് ഇത് വ്യക്തമാക്കുന്നു. പുറത്ത് ഇവർക്ക്  ലഭിച്ച പിന്തുണ ആഭ്യന്തര  വകുപ്പിൽ നിന്നാണ്. അതുകൊണ്ടാണ്  വളരെ ഗൗരവതരമായ ഈ കുറ്റകൃത്യത്തിൽ എഫ്.ഐ.ആർ എടുക്കുക എന്ന പ്രാഥമിക നടപടി പോലും പോലീസ് ചെയ്യാത്തത്. 
നയതന്ത്ര ചാനലിലൂടെ നടന്ന സ്വർണ കള്ളക്കടത്തുമായി തന്റെ ഓഫീസിന്റെ   ബന്ധം പകൽ പോലെ വ്യക്തമായിട്ടും  മുഖ്യമന്ത്രി നിരപരാധി ചമഞ്ഞ് രക്ഷപ്പെടാൻ  ശ്രമിക്കുകയാണ്. കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് എങ്ങനെ മുഖ്യമന്ത്രിയുടെ വകുപ്പായ ഐ.ടി വകുപ്പിന്് കീഴിലെ സ്‌പേസ് പാർക്കിൽ  ഓപറേഷൻസ് മാനേജർ തസ്തികയിൽ വൻ തുക ശമ്പളം പറ്റിക്കൊണ്ട് ജോലിക്ക് കയറി?  യാതൊരു യോഗ്യതയുമില്ലാത്ത ഇവരുടെ നിയമനം  നിയമ വിരുദ്ധമായിരുന്നെന്ന് ചീഫ് സെക്രട്ടറി ഉൾപ്പെട്ട സമതി തന്നെ കണ്ടെത്തിയിട്ടുണ്ട്. അപ്പോൾ ആരാണ് അവരെ അനധികൃതമായി നിയമിച്ചത്? അതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ  തന്നെയായിരുന്നു.  
സ്വപ്ന സുരേഷ് എന്ന കള്ളക്കടത്ത്  കേസിലെ പ്രധാന പ്രതിയുടെ നേതൃത്വത്തിലുള്ള  ഒരു ഗൂഢസംഘം പ്രവർത്തിച്ചിരുന്നത്  മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന വ്യക്തിയുടെ സംരക്ഷണയിലാണ്.  ഈ സംഘത്തിന് സെക്രട്ടറിയേറ്റിന് വിളിപ്പാടകലെ ഫ്ളാറ്റ് ഏർപ്പാട്  ചെയ്തു  കൊടുത്തത് ശിവശങ്കറിന്റെ നിർദേശ പ്രകാരം  മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനായിരുന്നു. ശിവശങ്കർ മുഖ്യമന്ത്രിയുടെ  പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കാലയളവിൽ  നിരവധി തവണ  ഈ ഫ്ളാറ്റിൽ സ്വപ്ന സുരേഷ് അടക്കമുള്ള കള്ളക്കടത്ത് സംഘവുമായി ഒത്തുകൂടിയിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതി സരിത്്  എൻ.ഐ.എക്ക് മൊഴി നൽകിയിട്ടുമുണ്ട്.  എൻ.ഐ.എയും കസ്റ്റംസും അൻപത് മണിക്കൂറാണ് ശിവശങ്കറിനെ ദിവസങ്ങളോളം ചോദ്യം ചെയ്തത്.  അങ്ങനെ  ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം   തെളിവുകളുടെ അടിസ്ഥാനത്തിൽ  വ്യക്തമാക്കപ്പെട്ടു.  മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എൻ.ഐ.എ കടക്കാനൊരുങ്ങുകയാണ്. ഇനിയെങ്ങനെയാണ് ആ ഓഫീസിന് ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ പ്രവർത്തിക്കാനാവുക?
രഹസ്യാന്വേഷണ വിഭാഗത്തിന്റേതടക്കം   മുഖ്യമന്ത്രിയുടെ ഓഫീസിലെ അതീവ നിർണായകമായ ഫയലുകളെല്ലാം കാണാനും അതിൽ പലതിലും തീരുമാനമെടുക്കാനും  അധികാരമുള്ള ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കർ. അത്തരത്തിലൊരാൾക്ക് കള്ളക്കടത്ത് സംഘവുമായി  ബന്ധമുണ്ടാവുക എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടുവെന്നാണർത്ഥം. എന്തൊക്കെ രഹസ്യ വിവരങ്ങൾ ചോർന്നു എന്ന് കണ്ടെത്തേണ്ടതില്ലേ? മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി വകുപ്പിലും അതിന്റെ  കീഴിലുളള വിവിധ സ്ഥാപനങ്ങളിലും നടന്ന നിയമനങ്ങളെല്ലാം അനധികൃതവും ദുരൂഹതയുള്ളതുമായിരുന്നു. സ്പന സുരേഷ് പോലെ എത്ര പേർക്കാണ്  യാതൊരു യോഗ്യതയുമില്ലാതെ ഉന്നത തലങ്ങളിൽ അനധികൃത നിയമനങ്ങൾ ലഭിച്ചത്. പി.എസ്.സി പരീക്ഷയെഴുതി ഒരു ജോലിക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളെ വിഡ്ഢികളാക്കിയാണ് യാതൊരു യോഗ്യതയുമില്ലാത്തവർ കനത്ത ശമ്പളത്തിൽ സർക്കാർ ഉദ്യോഗങ്ങളിൽ കയറിപ്പറ്റിയത്. ഇതിന്റെ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കല്ലാതെ മറ്റാർക്കാണ്? 
കഴിഞ്ഞ നാല്് വർഷമായി പിണറായി വിജയന്റെ ഭരണം കനത്ത ഇരുമ്പുമറക്കകത്തായിരുന്നു.   പൊതുജനങ്ങൾക്ക് മാത്രമല്ല, സ്വന്തം പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് പോലും  ഭരണത്തിന്റെ  പൂമുഖത്തേക്ക്  എത്തിനോക്കാനെങ്കിലും  കഴിഞ്ഞിരുന്നില്ല. ഘടക കക്ഷികൾക്ക് അങ്ങോട്ട് പ്രവേശനമേ ഇല്ലായിരുന്നു. പാർട്ടിയും മുന്നണിയും മുഖ്യമന്ത്രിയുടെ മുന്നിൽ ഓഛാനിച്ചു നിന്നു. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ കാണാറുള്ള ഏകാധിപത്യ ഭരണത്തിന്റെ മിനിയേച്ചർ രൂപമാണ് രൂപപ്പെട്ടത്. 
എന്നാൽ ആ ഇരുമ്പുമറക്കകത്ത്  വൻകിട കോർപറേറ്റ് കൺസൾട്ടൻസികളുടെ ഏജന്റുന്മാരും ശിവശങ്കർമാരും കള്ളക്കടത്തുകാരും കളം നിറഞ്ഞാടുകയായിരുന്നു. കമ്മീഷൻ എന്ന ഒറ്റ താൽപര്യം മുൻനിർത്തിയാണ് ഈ കൺസൾട്ടൻസികളെയെല്ലാം അരങ്ങത്ത് കൊണ്ടുവന്നത്. വൻകിട പദ്ധതികൾ തട്ടിക്കൂട്ടുക, അതിന്റെ മറവിൽ കോടികൾ നൽകി അന്താരാഷ്ട്ര കൺസൾട്ടൻസികളെ നിയമിക്കുക, അവരിൽ നിന്ന് കമ്മീഷൻ പറ്റുക ഇതായിരുന്നു കഴിഞ്ഞ  നാലര വർഷമായി കേരളത്തിൽ  നടന്നുകൊണ്ടിരുന്നത്്. അത് എല്ലാ സീമകളും ലംഘിച്ച് വളർന്നു പന്തലിച്ചതിന്റെ പരിണത ഫലമാണ് സെക്രട്ടറിയേറ്റിൽ  പി.ഡബ്ല്യൂ.സി എന്ന അന്താരാഷ്ട്ര കൺസൾട്ടൻസി കമ്പനിക്ക് ഓഫീസ് തുറക്കാനുള്ള ഫയൽ നീങ്ങിയത്. 
പ്രതിപക്ഷം അത് പിടികൂടിയില്ലായിരുന്നെങ്കിൽ സെക്രട്ടറിയേറ്റിൽ പി.ഡബ്ല്യൂ.സിയുടെ ബോർഡ് തൂങ്ങുമായിരുന്നു. 
മുഖ്യമന്ത്രിയുടെ ഓഫീസോ വകുപ്പുകളോ ആണ് അഴിമതികളുടെയെല്ലാം പ്രഭവ കേന്ദ്രം എന്നതാണ് ഞെട്ടിക്കുന്ന കാര്യം. പ്രളയത്തിന്റെ മറവിൽ ബ്രൂവറി  ഡിസ്റ്റിലറികൾക്കുള്ള അനുമതിയായിരുന്നെങ്കിൽ കോവിഡിന്റെ മറവിൽ സ്പ്രിംഗ്ളർ മുതലുള്ള അഴിമതി പരമ്പരയാണ് അരങ്ങേറിയത്. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരം സ്പ്രിംഗഌ എന്ന അമേരിക്കൻ കമ്പനിക്ക് മറിച്ചുവിറ്റ്  കോടികൾ തട്ടാൻ നോക്കിയ ഈ ഇടപാടിന് ചുക്കാൻ പിടിച്ചതും ശിവശങ്കർ ആയിരുന്നു. മന്ത്രിസഭയെ പോലും അറിയിക്കാതെ, നിയമ വകുപ്പുമായി പോലും ചർച്ച ചെയ്യാതെ  സെക്രട്ടറിയേറ്റിൽ ഒരു ഫയൽ പോലും  രൂപപ്പെടുത്താതെ  ഒരു അന്താരാഷ്ട്ര  കമ്പനിയുമായി കരാറിൽ ഏർപ്പെടുകയായിരുന്നു സർക്കാർ.  ഇത്  പ്രതിപക്ഷം പുറത്ത് കൊണ്ടുവരികയും പിന്നീട് ഹൈക്കോടതി  ഇതിന് കൂച്ചുവിലങ്ങിടുകയും ചെയ്തു. ഇപ്പോഴും കേസ് തുടരുന്നു. 
ബിവറേജസ് കോർപറേഷനെ അടച്ചു പൂട്ടിക്കുന്ന തരത്തിൽ മദ്യവിതരണത്തിന് ബെവ്ക്യൂ ആപ്പുണ്ടാക്കിയത്,  പമ്പാ ത്രിവേണിയിൽ പ്രളയകാലത്ത് അടിഞ്ഞുകൂടിയ കോടികളുടെ മണൽ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മറവിൽ സ്വകാര്യ  കമ്പനിക്ക് മറിച്ചുവിൽക്കാനുള്ള നീക്കം, 4500 കോടി രൂപയുടെ ഇമൊബിലിറ്റി പദ്ധതിയിൽ ടെണ്ടർ പോലും വിളിക്കാതെ പിൻവാതിലിലൂടെ  പി.ഡബ്ല്യൂ.സിക്ക് കൺസൾട്ടൻസി നൽകിയത് തുടങ്ങി അഴിമതിയുടെ കുത്തൊഴുക്കാണ്  ഉണ്ടായത്. 
ശബരിമല വിമാനത്താവളത്തിന് സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമാകും മുൻപ് കൺസൾട്ടൻസിയെ വെച്ച് കോടികൾ വിഴുങ്ങിയതാണ് ഏറ്റവും ഒടുവിൽ പ്രതിപക്ഷം പുറത്തു കൊണ്ടുവന്ന അഴിമതി. കെ. ഫോൺ, ബാംഗ്ളൂർ  കൊച്ചി വ്യവസായ ഇടനാഴി എന്നിവയുടെ  കൺസൾട്ടൻസി നിയമനവും സംശയത്തിന്റെ നിഴലിലാണ്. കൺസൾട്ടൻസി രാജാണ് ഇവിടെ നടക്കുന്നത്. 
സ്വർണക്കടത്ത് പുറത്തു വന്നതോടെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ട പിണറായി വിജയനെ  പ്രതിക്കൂട്ടിൽ കയറ്റുന്നതാണ് ഈ അഴിമതി പരമ്പരകൾ. അതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവെച്ച് ഈ അഴിമതികളെക്കുറിച്ചെല്ലാം ഒരു സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 
ഇത് മുൻനിർത്തിയാണ് ഇന്ന് (തിങ്കൾ) സ്പീക്ക് അപ് കേരള എന്ന സമര പരിപാടിയുടെ ഭാഗമായി എം.പിമാരും എം.എൽ.എമാരും യു.ഡി.എഫ് നേതാക്കളും അവരുടെ വസതികളിലോ പാർട്ടി ഓഫീസുകളിലോ സത്യഗ്രഹമിരിക്കുന്നത്. ഇതിന് എല്ലാ ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
 

Latest News