അമേരിക്കയില്‍ കോവിഡ് അസാധാരണമാം വിധം വ്യാപിച്ചെന്ന് വൈറ്റ് ഹൗസ് വിദഗ്ധര്‍

വാഷിങ്ടണ്‍- കൊറോണ വൈറസ് വ്യാപനത്തിന്റെ പുതിയൊരു ഘട്ടത്തിലാണ് യുഎസ് എന്നും നഗരങ്ങളിലും ഗ്രാമങ്ങളിലും വൈറസ് ബാധ അസാധരണമാം വിധം വ്യാപകമാണെന്നും വൈറ്റ് ഹൗസിലെ കൊറോണവൈറസ് വിദഗ്ധര്‍. രാജ്യത്തിന്റെ പലഭാഗങ്ങളിലും വൈറസ് വ്യാപനം കൂടിവരികയാണ്. ഓരോ മേഖലയ്ക്കും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടി ആരോഗ്യ ഉദ്യോഗസ്ഥര്‍ സംസ്ഥാന ഗവര്‍ണര്‍മാരുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് കാണുന്ന സ്ഥിതി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേതു പോലെ അല്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും അസാധാരണ വ്യാപനമാണെന്ന് വിദഗ്ധ സംഘം മേധാവി ഡോ. ഡെബൊറ ബിക്‌സ് പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ജീവിക്കുന്നവര്‍ വൈറസ് ഭീഷണിയില്‍ നിന്നു മുക്തരോ സംരക്ഷിതരോ അല്ലെന്നും സിഎന്‍എന്‍ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. കൂടുതല്‍ അംഗങ്ങള്‍ ഒന്നിച്ചു കഴിയുന്ന വീടുകളില്‍ ആളുകള്‍ വീട്ടിനകത്തും മാസ്‌ക് ധരിക്കണം. പ്രായമേറിയവരേയും മറ്റു രോഗങ്ങളുള്ളവരേയും സംരക്ഷിക്കാന്‍ ഇതാവശ്യമാണെന്നും വൈറ്റ് ഹൗസ് കൊറോ ദൗത്യ സേനയുടെ കോഓര്‍ഡിനേറ്ററായ ഡോ. ബിക്‌സ് പറഞ്ഞു. 

കേന്ദ്ര ഉദ്യോഗസ്ഥര്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സമൂഹ വ്യാപന പ്രവണതകളും ആശുപത്രികളിലെ കണക്കുകളും പഠിച്ച് പ്രത്യേകം പ്രതിരോധ പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു. 

മാസ്ക് ധരിക്കേണ്ടതിന്റ പ്രാധാന്യം ആരോഗ്യ സെക്രട്ടറി അഡ്മിറല്‍ ബ്രെറ്റ് ജിറോയിറും ആവര്‍ത്തിച്ചു. ഈ ഘട്ടത്തില്‍ വളരെ ആശങ്കയുണ്ടെന്നും എന്‍ബിസിയോട് അദ്ദേഹം പറഞ്ഞു. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് ഒന്നര ലക്ഷത്തിലേറെ പേരാണ് അമേരിക്കയില്‍ മരിച്ചത്. 46 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം പിടിപെട്ടു.

Latest News