'മൂന്നു ഭാഷാ ഫോര്‍മുല അംഗീകരിക്കില്ല'; ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്‌നാട്

ചെന്നൈ- കേന്ദ്ര സര്‍ക്കാര്‍ പുതുതായി അംഗീകാരം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ മൂന്നു ഭാഷാ ഫോര്‍മുല അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി വ്യക്തമാക്കി. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ സ്വീകരിച്ച നിലപാട് തന്നെയാണ് തുടരുന്നത്. മൂന്നു ഭാഷാ ഫോര്‍മുല പുനപ്പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പളനിസ്വാമി ആവശ്യപ്പെടുകയും ചെയ്തു. വിദ്യാഭ്യാസ നയത്തിലെ ഭാഷാ ഫോര്‍മുല ഖേദകരവും വേദനിപ്പിക്കുന്നതുമാണ്. നയപ്രകാരം ഇത് നടപ്പിലാക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്കു വിട്ടുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി ഔദ്യോഗിക ഭാഷായാക്കാനുള്ള മുന്‍ കേന്ദ്ര സര്‍ക്കാരുകളുടെ ശ്രമത്തിനെതിരെ 1965ല്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിയതും മുഖ്യമന്ത്രി സൂചിപ്പിച്ചു. മൂന്നു ഭാഷാ ഫോര്‍മുലയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെങ്കിലും ഈ ഫോര്‍മുല ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമായാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. പ്രതിപക്ഷമായ ഡിഎംകെയും വിദ്യാഭ്യാസ നയത്തിനെതിരെ രംഗത്തുണ്ട്.

Latest News