നാസയുടെ ബഹിരാകാശ യാത്രികരുമായി സ്‌പേസ് എക്‌സ് പേടകം കടലില്‍ പതിച്ചു Video

കാലിഫോര്‍ണിയ- യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ രണ്ട് ബഹിരാകാശ യാത്രികരുമായി ഭൂമിയിലേക്കു മടങ്ങിയ സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയുടെ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.18നാണ് യുഎസിലെ ഫ്‌ളോറിഡയ്ക്കു സമീപം മെക്‌സിക്കോ കടലിടുക്കില്‍ പേടകം പതിച്ചത്. ലോകത്തെ മുന്‍നിര ഇലക്ടിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ് ല സ്ഥാപകന്‍ എലന്‍ മസ്‌കിന്റെ ബഹിരാകാശ യാത്രാ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സ് നിര്‍മിച്ച ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ എന്ന പേടകമാണ് സുരക്ഷിതമായി കടലില്‍ പതിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ ഡഗ് ഹേളി, ബോബ് ബെന്‍കെന്‍ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. കടലില്‍ പതിച്ച പേടകത്തില്‍ നിന്ന് ഒരു മണിക്കൂറിനു ശേഷമാണ് ഇരുവരേയും പുറത്തെത്തിച്ചത്. രണ്ടു മാസം മുമ്പാണ് ക്രൂ ഡ്രാഗണ്‍ പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 5.04നാണ് ഇവര്‍ ഭൂമിയിലേക്ക് യാത്ര തിരിച്ചത്. 

അമേരിക്കയില്‍ 45നു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു ബഹിരാകാശ പേടകം കടലില്‍ പതിച്ച് ഭൂമിയില്‍ തിരിച്ചിറക്കുന്നത്. സമീപ ഭാവിയില്‍ വിനോദ സഞ്ചാരികളെ ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും കൊണ്ടു പോകാനുള്ള തയാറെടുപ്പിലാണ് സ്‌പേസ് എക്‌സ്.

Latest News