Sorry, you need to enable JavaScript to visit this website.

മരണാസന്നയായ മകളുടെ മുന്നില്‍നിന്ന് പിതാവിനെ പോലീസ് വലിച്ചിഴച്ചു

ലണ്ടന്‍- മരണാസന്നയായ ആറുവയസ്സുകാരി മകളുടെ ആശുപത്രി കിടക്കക്കരികില്‍നിന്ന്
ദുഃഖിതനായ പിതാവിനെ പോലീസ് ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചത് ബ്രിട്ടനില്‍ വിവാദമായി.

59 കാരനും ആശുപത്രി കണ്‍സള്‍ട്ടന്റുമായ റാഷിദ് അബ്ബാസിയും മുന്‍ ഡോക്ടര്‍ കൂടിയായ ഭാര്യ ആലിയയും പോലീസിനെതിരെ നിയമനടപടിക്കൊരങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഭാര്യ തടയാന്‍ ശ്രമിച്ചിട്ടും കേണപേക്ഷിച്ചിട്ടും വഴങ്ങാത്ത പോലീസ് അബ്ബാസിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ധരിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന്  ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

മകള്‍ സൈനബിന്റെ കിടക്കകരികില്‍നിന്ന് കാലുകള്‍ ബന്ധിച്ചാണ് അബ്ബാസിയെ ട്രോളിയില്‍ കയറ്റിയത്. സമീപത്തുണ്ടായിരുന്ന ഭാര്യയെ തള്ളി തറയിലുടുകയും ചെയ്തു.
തനിക്ക് നെഞ്ചുവേദനയുണ്ടെന്നും പോക്കറ്റില്‍നിന്ന് മരുന്നെടുത്ത് നല്‍കണമെന്നും  ഹൃദയാഘാതം ഉണ്ടാകുമെന്നും അബ്ബാസി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

സംഭവത്തിനുശേഷം തനിക്ക് ഹൃദയാഘാതമുണ്ടായെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അബ്ബാസി പിന്നീട് അറിയിച്ചതായി  മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈഫ് സപ്പോര്‍ട്ട് പിന്‍വലിക്കുകയാണെന്ന് അറിയിച്ച ശേഷം അതിനു മുതിര്‍ന്ന സീനയര്‍ ഡോക്ടറെ അബ്ബാസി തടഞ്ഞുവെന്നും തുടര്‍ന്നാണ് പോലീസിനെ വിളിച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.  

എന്നാല്‍ ചിത്രങ്ങള്‍ സ്വയം സംസാരിക്കുന്നതാണെന്നും അവര്‍ വളരെ ക്രൂരമായാണ് പെരുമാറിയതെന്നും അവര്‍ വരുന്നതിന് അരമണിക്കൂര്‍ മുമ്പ് എന്റെ മകള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നുവെന്നുമാണ് അബ്ബാസിയുടെ പ്രതികരണം.

ദമ്പതികളുടെ മകള്‍ സൈനബ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നീമാന്‍ പിക്ക് എന്ന അപൂര്‍വ ജനിതക രോഗവും ബാധിച്ചാണ് മരിക്കാനിടയായത്.

ഇതിനു മുമ്പ് രണ്ടുതവണ സൈനബ് ഗുരുതരാവസ്ഥയിലായപ്പോഴും ലൈഫ് സപ്പോര്‍ട്ട് പിന്‍വലിക്കുന്നതിനു പകരം സ്റ്റിറോയിഡ് നല്‍കി ഭേദമാക്കിയിട്ടുണ്ടെന്ന് ഡോക്ടര്‍മാരുടെ വാദങ്ങള്‍ ചോദ്യം ചെയ്ത് അബ്ബാസിയും ഭാര്യയും പറയുന്നു.

 

Latest News