Sorry, you need to enable JavaScript to visit this website.

റിയാദിൽ നിന്ന് കെ.എം.സി.സിയുടെ നാലു വിമാനങ്ങൾ കൂടി നാട്ടിലെത്തി; നാലായിരത്തോളം പേർ നാടണഞ്ഞു 

റിയാദ്- കോവിഡ് മിഷന്റെ ഭാഗമായി രണ്ടാഴ്ചക്കിടെ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചാർട്ട് ചെയ്ത നാല് വിമാനങ്ങൾ കൂടി റിയാദിൽ നിന്ന് കോഴിക്കോട്ടെത്തി. 
260 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസിന്റെ ജംബോ വിമാനങ്ങളാണ് സർവീസ് നടത്തിയത്. നാല് വിമാനങ്ങളിലുമായി ആയിരത്തിലധികം പേർ റിയാദിൽ നിന്നും കോഴിക്കോട്ടെത്തി. 
വ്യാഴാഴ്ച രാത്രി 11 മണിക്കാണ് സൗദി എയർലൈൻസിന്റെ ജംബോ വിമാനം റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 256 യാത്രക്കാരായിരുന്നു ഈ വിമാനത്തിൽ യാത്ര ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.  
യാത്രക്കാർക്കാവശ്യമായ സഹായങ്ങൾ നൽകാനായി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി കബീർ വൈലത്തൂരിന്റെ നേതൃത്വത്തിൽ ചാർട്ടേഡ് ഫ്‌ളൈറ്റ് കോ-ഓർഡിനേറ്റർ റഫീഖ് പുപ്പലം, സിദ്ദീഖ് തുവ്വൂർ, സഫീർ തിരൂർ, അബ്ദുറഹിമാൻ ഫറോക്ക്, മുഹമ്മദ് കണ്ടങ്കൈ, ഷാഫി വടക്കേക്കാട്, അൻഷാദ് കൈപ്പമംഗലം, ഹുസൈൻ കുപ്പം, ഷാഹുൽ ചെറൂപ്പ, മുത്തു കട്ടുപ്പാറ, ജാബിർ വാഴമ്പുറം, ഷഫീഖ് കൂടാളി, മജീദ് പരപ്പനങ്ങാടി, അഷ്‌റഫ് വെള്ളപ്പാടം, അഷ്‌റഫ് അച്ചൂർ, സുഹൈൽ കൊടുവള്ളി എന്നിവർ വിവിധ സേവനങ്ങൾക്കായി രംഗത്തുണ്ടായിരുന്നു. റിയാദിൽ നിന്നും കെ.എം.സി.സിയുടെ പതിനേഴാമത്തെ വിമാനമാണ് വെള്ളിയാഴ്ച കോഴിക്കോട്ടെത്തിയത്. 
നാലായിരത്തോളം ആളുകൾക്ക് ഇതു വഴി നാട്ടിലെത്താനായെന്നും ഓഗസ്റ്റ് ആറിന് റിയാദിൽ നിന്നു തിരുവനന്തപുരത്തേക്കു സർവീസ് നടത്തുന്നുണ്ടെന്നും പ്രസിഡന്റ് സി.പി.മുസ്തഫ അറിയിച്ചു.
 

Tags

Latest News