പട്‌ന- ബിജെപി കൂടി ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യം ഭരിക്കുന്ന ബിഹാറില്‍ വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പരീക്ഷാ ചോദ്യ പേപ്പറില്‍ കശ്മീരിനെ വിശേഷിപ്പിച്ചത് മറ്റൊരു രാജ്യമായി. സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് തയാറാക്കിയ എട്ടാം ക്ലാസ് ചോദ്യപേപ്പറിലാണ് അബദ്ധം പിണഞ്ഞത്. വിവിധ രാജ്യങ്ങളുടെ പേര് നല്‍കി ഇവിടങ്ങളിലെ ജനങ്ങളെ എങ്ങനെ വിശേഷിപ്പിക്കുമെന്നായിരുന്നു ചോദ്യം. ചൈനക്കാരെ ചൈനീസ് എന്നു വിളിക്കുമെന്ന് ഉദാഹരണം നല്‍കിയ ശേഷം വിവിധ രാജ്യങ്ങളുടെ പേര് നല്‍കിയിരിക്കുന്നു. നേപ്പാള്‍, ഇംഗ്ലണ്ട്, കശ്മീര്‍, ഇന്ത്യ എന്നിങ്ങനെയാണ് രാജ്യങ്ങളുടെ പേര് നല്‍കിയിരിക്കുന്നത്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ബിഹാര്‍ എജുക്കേഷന്‍ പ്രൊജക്ട് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ തയാറാക്കിയതാണീ ചോദ്യപേപ്പര്‍. ഒക്ടോബര്‍ അഞ്ചിനു തുടങ്ങിയ പരീക്ഷ ബുധനാഴ്ച അവസാനിച്ചു. വൈശാലി ജില്ലയിലെ വിദ്യാര്‍ത്ഥികളാണ് ഈ അബദ്ധം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. സംഭവം നാണക്കേടുണ്ടാക്കിയെന്ന് സമ്മതിക്കുന്നതായി ബിഹാര്‍ എജുക്കേഷന്‍ പ്രൊജക്ട് കൗണ്‍സില്‍ പ്രോഗ്രാം ഓഫീസര്‍ പ്രേം ചന്ദ്ര സമ്മതിച്ചു. കൗണ്‍സില്‍ കേന്ദ്രീകൃതമായി ഉണ്ടാക്കുന്ന ചോദ്യ പേപ്പറാണിത്.






