Sorry, you need to enable JavaScript to visit this website.

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കി കേന്ദ്രനിര്‍ദേശം

ന്യൂദല്‍ഹി- ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈനില്‍ ഇളവു നല്‍കുന്നതിന് നിര്‍ദേശം.  കോവിഡ് നെഗറ്റീവ് പരിശോധന ഫലം സമര്‍പ്പിക്കുന്നവര്‍ക്കും, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് നല്‍കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം. ഓഗസ്റ്റ് എട്ട് മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

എയര്‍ഇന്ത്യയാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. യാത്രക്കാര്‍ക്ക് ക്വാറന്റൈനില്‍ അനുവദിച്ചിരിക്കുന്ന ഇളവുകളാണ് ഇതില്‍ പ്രധാനം.

പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഇവയാണ്:

എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍(മൂന്ന് ദിവസം) മുമ്പ് newdelhiairport.in എന്ന വെബ്‌സൈറ്റില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമര്‍പ്പിക്കണം.

ഇന്ത്യയിലെത്തിയാല്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതില്‍ ഏഴ് ദിവസം പണം നല്‍കിയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ഏഴ് ദിവസം സ്വന്തം വീടുകളില്‍ ക്വാറന്റൈനുമാണ്.

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് വരെ നടത്തിയ ആര്‍.ടി.പിസിആര്‍ ടെസ്റ്റില്‍ കോവിഡ് ഫലം നെഗറ്റീവുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല.

കോവിഡ് ഫലം നെഗറ്റീവായവര്‍ പരിശോധനയുടെ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് യാത്ര പുറപ്പെടുന്നതിന് മുമ്പ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും കൃത്രിമം കാണിച്ചാല്‍ ക്രിമിനല്‍ കേസെടുക്കും.

ഗുരുതരമായ അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കൊപ്പം വരുന്ന മാതാപിതാക്കള്‍, മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ എന്നിവര്‍ക്കും 14 ദിവസം ഹോം ക്വാറന്റൈന്‍ അനുവദിക്കും. എന്നാല്‍ ഇളവ് ആവശ്യമുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ഇളവ് അനുവദിക്കുന്നതില്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ അധികൃതര്‍ക്കായിരിക്കും.

Latest News