ന്യൂദൽഹി-ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി സർക്കാറുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഈ കൊറോണക്കാലത്ത് രാജ്യത്തിന്റെ അതിർത്തിയും നമ്മുടെ സാമ്പത്തിക മേഖലയും സുരക്ഷിതമല്ല. സമ്പദ് വ്യവസ്ഥ താറുമാറായി. ബാങ്കുകളുടെ നിലനിൽപ്പും ആശങ്കയിലാണ്. നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശനിരക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഓരോ പൗരനും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ ഓരോ നയങ്ങൾക്കെതിരെ പ്രതികരിക്കുന്ന നെറ്റിസണിനെതിരെയും ക്രൂരമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
രാജ്യത്തെ കോവിഡ് വ്യാപനം സമ്പദ് വ്യവസ്ഥ തകർത്തെന്നും അഖിലേഷ് വ്യക്തമാക്കി. തൊഴിൽ രഹിതരായ ജനം നഗരങ്ങളിൽ നിന്ന് കൂട്ടപ്പലായനം ചെയ്യുന്ന അവസ്ഥയാണ്.കോവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ഡൗൺ ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയെന്നും അദ്ദേഹം പറഞ്ഞു. യു.പിയിൽ കോവിഡ് ബാധിച്ച് മന്ത്രി മരിച്ചിരുന്നു. ഈ സഹചര്യത്തിൽ കൂടിയാണ് അഖിലേഷിന്റെ ട്വീറ്റ്.