ഇന്ത്യയില്‍ പടര്‍ന്ന കൊറോണ വൈറസില്‍ ഏറിയ പങ്കും യൂറോപ്പില്‍ നിന്നെത്തിയത്

ന്യൂദല്‍ഹി- ഇന്ത്യയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസുകളില്‍ ഏറിയ പങ്കും പ്രധാനമായും യുറോപ്പില്‍ നിന്നുള്ള യാത്രക്കാര്‍ വഴി എത്തിയ പ്രത്യേക ഇനത്തില്‍പ്പെട്ടവയാണെന്ന് പഠനം. SARS-CoV-2 വൈറസിന്റെ ജനിതകഘടന സംബന്ധിച്ച ഇന്ത്യയിലെ ആദ്യ പഠന റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കോവിഡിനെ വേഗത്തില്‍ പിടിച്ചുകെട്ടാന്‍ സഹായകമാകുന്നതാണ് ഈ കണ്ടെത്തല്‍. വ്യത്യസ്ത വകഭേദങ്ങളിലുള്ള കോവിഡ് വൈറസിനേ നേരിടുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഒരു വിഭാഗത്തില്‍പ്പെട്ട വൈറസുകളെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പക്ഷം. വിദേശങ്ങളില്‍ നിന്നും വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്കിടയിലുമുള്ള യാത്രകൾക്ക് വിലക്കുണ്ടായിരുന്ന ലോക്ഡൗണ്‍ കാലം യഥാര്‍ത്ഥത്തില്‍ തുണയായി എന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഈ യാത്രാ വിലക്കാണ് പുതിയ തരം കോവിഡ് വൈറസുകളുടെ വ്യാപനത്തെ തടഞ്ഞതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ്19ന് കാരണമാകുന്ന വൈറസുകളുടെ ജനിതകഘടന സംബന്ധിച്ച പഠനത്തിന്റെ റിപോര്‍ട്ട് ബയോടെക്‌നോളജി വകുപ്പ് ശനിയാഴ്ചയാണ് ആരോഗ്യ മന്ത്രാലയത്തിനു സമര്‍പ്പിച്ചത്.

ആദ്യ ഫലങ്ങളിലെ സൂചന യൂറോപ്പ്, യുഎസ്എ, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വഴി എത്തിയ SARS-CoV-2 ന്റെ ബഹുവിധ ഇനങ്ങള്‍ ഇന്ത്യയില്‍ പടരുന്നു എന്നായിരുന്നു. ഇവയില്‍ ഒരു പ്രത്യേക ഇനം വൈറസ് രാജ്യത്ത് എല്ലാ മേഖലകളിലും പടര്‍ന്നതായി കാണപ്പെട്ടു. വേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ള ഇനമായിരുന്നു ഇതെന്ന് പല രാജ്യങ്ങളിലും റിപോര്‍ട്ട് ചെയ്യപ്പെട്ടതാണെന്നും റിപോര്‍ട്ട് പറയുന്നു. 

വ്യാപകമായി കാണപ്പെട്ട ഈ പ്രത്യേക ഇനം യൂറോപ്പിലെ ഒരു ക്ലസ്റ്ററില്‍ നിന്നാണ് ഇന്ത്യയിലെത്തിയത് എന്നു കണ്ടെത്തി. യൂറോപ്പില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള യാത്രക്കാര്‍ വഴിയാണ് ഈ വൈറസ് എത്തിയത്. തുടക്ക സമയത്ത്, ജനുവരിയില്‍ ചൈനയില്‍ പടര്‍ന്ന കൊറോണ വൈറസിന്റെ വുഹാന്‍ വകഭേദമാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഈ വൈറസ് കേസുകള്‍ കുറവായിരുന്നു. യൂറോപ്യന്‍ വകഭേദമാണ് പിന്നീട് വ്യാപകമായി കാണപ്പെട്ടത്. ഇപ്പോള്‍ ഇന്ത്യയില്‍ എല്ലായിടത്തും നിലനില്‍ക്കുന്നവയില്‍ ഭൂരിപക്ഷവും ഈ കൊറോണ വൈറസ് ഇനമാണ്- പഠന സംഘത്തിലെ ലീഡ് സയന്റിസ്റ്റും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജെനോമിക്‌സിലെ ശാസ്ത്രജ്ഞനുമായ ഡോ. അരിന്ദം മിത്ര പറയുന്നു. 

Latest News