ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു നീക്കം; സര്‍ക്കാരിന്റെ അനുമതി തേടി

കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിരിക്കയാണ്.
പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ വിജിലന്‍സ് കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയുള്ളൂ.

എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ ആണ് പരാതി നല്‍കിയത്. സ്വപ്ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.
ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമികാന്വേഷണം നടത്തണമെങ്കില്‍ പോലും സര്‍ക്കാരിന്റെ അനുമതി ലഭിക്കണം. അതുകൊണ്ടാണ് പരാതി സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ നിയമനവും ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകളും വിവാദങ്ങളായിരുന്നു.  കേന്ദ്ര വിജിലന്‍സ് കമ്മീഷനും എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.

 

Latest News