ദല്‍ഹിയില്‍ കോവിഡ് വ്യാപനവും രോഗബാധയും കുത്തനെ കുറയുന്നു

ന്യദല്‍ഹി- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധയേറ്റ നഗരമായ ദല്‍ഹിയില്‍ രോഗബാധയും വ്യാപനവും വന്‍തോതില്‍ കുറഞ്ഞതായി കണക്കുകള്‍. ദല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ രോഗവ്യാപന നിരക്ക് ഒന്നില്‍ താഴെയായി. ദല്‍ഹിയിലെ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ജൂലൈ മാസം മുഴുവനായും ദല്‍ഹി ഈ നിലയിലായിരുന്നു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം (ആക്ടീവ് കേസ്‌ലോഡ്) സെപ്തംബറില്‍ ആയിരത്തിലും താഴെയാകും. ജൂണ്‍ 27ന് 28000 ആയിരമായിരുന്ന ആക്ടീവ് കേസുകളുടെ എണ്ണവും കുത്തനെ കുറഞ്ഞു. ജൂലൈ 31ലെ കണക്കു പ്രകാരം 10,705 പേരാണ് ഇനിയും രോഗമുക്തി നേടാനുള്ളത്. ദല്‍ഹിയില്‍ രോഗം ബാധിച്ച 1.35 ലക്ഷം പേരില്‍ 90 ശതമാനം പേരും സുഖംപ്രാപിച്ചു. രോഗ ബാധിതരില്‍ നിന്നും മാത്രമെ കോവിഡ് മറ്റുള്ളവരിലേക്ക് പടരൂ. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാതമാറ്റിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ രൂപം നല്‍കിയ മാതൃകാ പ്രവചനത്തിന്റെ ഏറ്റവും പുതിയ ഘട്ടത്തില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്നതാണ് ദല്‍ഹിയിലെ കണക്കുകള്‍.

ദല്‍ഹിയില്‍ കോവിഡ് രോഗവ്യാപനമുണ്ടായ ശേഷം ആദ്യമായാണ് വ്യാപന നിരക്ക് ഒന്നിലും താഴെ പോകുന്നത്. ജൂലൈ 23നും 26നുമിടയില്‍ ഇവിടുത്തെ വ്യാപന നിരക്ക് 0.66 ആയിരുന്നു. അതായത് ദല്‍ഹിയില്‍ രോഗ ബാധയേല്‍ക്കുന്ന ഓരോ 100 പേരില്‍ നിന്നും 66 പേര്‍ക്കു മാത്രമാണ് രോഗം കൈമാറുന്നത്. ഏത്ര വേഗത്തിലാണ രോഗം വ്യാപിക്കുന്നത് എന്നു മനസ്സിലാക്കാനുള്ള ഗണിതശാസ്ത്ര സൂചികയാണിത്. ഇത് ഒന്നിലും താഴെ പോകുന്നത് സൂചിപ്പിക്കുന്നത് രോഗ വ്യാപനം കുറയാന്‍ തുടങ്ങി എന്നാണ്. അതേസമയം ദല്‍ഹിയിലെ സാഹചര്യങ്ങളില്‍ ഗവേഷകര്‍ ഇപ്പോഴും ജാഗ്രതയിലാണ്.
 

Latest News