ഇന്ത്യന്‍ വംശജന്‍ പ്രേം സിക്ക ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക്

ലണ്ടന്‍- ഇന്ത്യന്‍ വംശജനും വടക്കന്‍ ഇംഗ്ലണ്ടിലെ യുണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡിലെ എമിരറ്റസ് പ്രൊഫസറുമായ പ്രേം സിക്കയെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായി നാമനിര്‍ദേശം ചെയ്തു. മറ്റു 36 പേര്‍ക്കൊപ്പം ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ അംഗമാകും. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ആണ് സിക്കയെ നാമനിര്‍ദേശം ചെയ്തത്. സാമൂഹിക നീതി, പങ്കാളിത്തപരമായ മാറ്റം എന്നിവയ്ക്കുള്ള ആവശ്യം പാര്‍ലമെന്റിനകത്തും പുറത്തും എല്ലായിടത്തും കേള്‍ക്കേണ്ടതുണ്ടെന്ന് സിക്ക പ്രതികരിച്ചു. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇയാന്‍ ബോത്തം, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇളയ സഹോദരനും മുന്‍ എംപിയുമായ ജോ ജോണ്‍സണ്‍, റഷ്യന്‍ ചാര സംഘടനയായ കെജിബിയുടെ മുന്‍ ഏജന്റിന്റെ മകന്‍ എവ്ജനി ലെബെദെവ് എന്നിവരും പുതിയ അംഗങ്ങളില്‍ ഉള്‍പ്പെടും. തന്റെ സഹോദരനടക്കം പല അടുപ്പക്കാരേയും നാമനിര്‍ദേശം ചെയ്തതില്‍ പ്രധാനമന്ത്രി ബോറിസിനെതിരെ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സമര്‍പ്പിച്ച 36 പേരുടെ പട്ടിക വെള്ളിയാഴ്ച എലീസബത് രാജ്ഞി അംഗീകരിച്ചു. 

Latest News