നെടുമ്പാശ്ശേരി- തിരുവനന്തപുരത്ത് നടന്ന സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി.
ദല്‍ഹിയില്‍ നിന്നുള്ള ഐ.ജി നിതീഷ് കുമാര്‍ , സ്വര്‍ണ്ണ കള്ളക്കടത്ത് അന്വേഷണ സംഘത്തിലെ ഡി.ഐ.ജി വന്ദന, എസ്.പി രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നല്‍ പരിശോധനക്ക് എത്തിയത്. ഇവര്‍ കസ്റ്റംസ് പരിശോധന സംവിധാനങ്ങളും കാര്‍ഗോ ടെര്‍മിനലിലെ ക്രമീകരണങ്ങളും പരിശോധിച്ചു.
കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംഘം വിശദമായി ചര്‍ച്ച നടത്തി. വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണ കള്ളക്കടത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയായിരുന്നു മുഖ്യ ലക്ഷ്യമെന്ന് അറിയിന്നു.
കഴിഞ്ഞ മാസങ്ങളില്‍ വന്ദേ ഭാരത് മിഷന് പ്രകാരം പ്രവാസികളുമായി സര്‍വീസ് നടത്തിയ വിമാനങ്ങളിലും ഈ കാലയളവില്‍ സര്‍വീസ് നടത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി സ്വര്‍ണ്ണ കള്ളക്കടത്ത് നടന്നിട്ടുണ്ടന്ന സൂചന ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് വിശദമായി പഠിക്കാനാണ് സംഘം മിന്നല്‍ പരിശോധനക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.