വേങ്ങരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

മലപ്പുറം- വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ടുമണിക്കൂറില്‍ 16 % പോളിങ് രേഖപ്പെടുത്തി.
 
രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. രാവിലെ തിരക്ക് കുറവായിരുന്നുവെങ്കിലും ബൂത്തുകളിലേക്ക് കൂടുതല്‍ പേര്‍ എത്തിത്തുടങ്ങി. രാത്രി കനത്ത മഴ പെയ്തുവെങ്കിലും രാവിലെ തെളിഞ്ഞ അന്തരീക്ഷമാണ്. വൈകിട്ട് ആറുവരെയാണ് വോട്ടിംഗ് സമയം. വൈകിട്ട് ആറിനു ബൂത്തില്‍ പ്രവേശിച്ചു വരിയില്‍നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ആകെ 165 പോളിങ് ബൂത്തുകളുണ്ട്. ആര്‍ക്കാണു വോട്ട് ചെയ്തതെന്നു വോട്ടര്‍മാര്‍ക്കു കാണാന്‍ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്.
 
രണ്ടു സ്വതന്ത്രരുള്‍പ്പെടെ ആറു സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. 1.7 ലക്ഷം വോട്ടര്‍മാരാണു വേങ്ങരയിലുള്ളത്. ആറു മാസം മുന്‍പു നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ശതമാനവും.
ലോക്‌സഭാംഗമായതിനെ തുടര്‍ന്ന് പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കെ.എന്‍.എ.ഖാദര്‍ (യുഡിഎഫ്), പി.പി.ബഷീര്‍ (എല്‍ഡിഎഫ്), കെ.ജനചന്ദ്രന്‍ (എന്‍ഡിഎ), കെ.സി.നസീര്‍ (എസ്ഡിപിഐ), ഹംസ കറുമണ്ണില്‍ (സ്വതന്ത്രന്‍), ശ്രീനിവാസ് (സ്വതന്ത്രന്‍) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്‌ട്രോങ് റൂമിലെത്തിക്കും.  ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.
 

Latest News