Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്തും ചില ജനാധിപത്യ ചിന്തകളും

കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന മുന്നണി രാഷ്ട്രീയ ജീർണതയുടെ പ്രതിഫലനം കൂടിയാണ് സ്വർണക്കടത്ത് പോലുള്ള സംഭവങ്ങളെന്ന് തിരിച്ചറിയണം. ജനവിരുദ്ധ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്നു മുന്നണികളും ചോദ്യം ചെയ്യപ്പെടണം. ഇത്തരം സംഭവങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ജനാധിപത്യ സംവിധാനത്തിനേൽപിക്കുന്ന മുറിവുകൾ തിരിച്ചറിയണം. 

സ്വർണ കള്ളക്കടത്ത് വിഷയം കേരള രാഷ്ട്രീയത്തെ പിടിച്ചുലക്കുക തന്നെയാണ്. മുൻ സർക്കാറിനെ സോളാർ കേസ് എങ്ങനെ പിടിച്ചുലച്ചോ അതിനേക്കാൾ രൂക്ഷമാണ് സ്വർണക്കടത്ത്. കാരണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ചുള്ള ആരോപണം തുടങ്ങി മലയാളികൾക്ക് ഹരമായ ലൈംഗിക അഭ്യൂഹങ്ങളും രണ്ടിലുമുണ്ടെങ്കിലും ഇതിൽ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടല്ലോ. സോളാറിൽ അതൊന്നുമുണ്ടായിരുന്നില്ല. അന്നത്തെ ഭരണപക്ഷം ഇന്നത്തെ പ്രതിപക്ഷമായും തിരിച്ചുമുള്ള ന്യായീകരണങ്ങളെല്ലാം സമാനമാണ്. സോളാറിലെ മിക്കവാറും ആരോപണങ്ങളെ പോലെ ഈ സംഭവത്തിലെയും പല ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെടാനാണ് സാധ്യത. അപ്പോഴും കേരള രാഷ്ട്രീയം നേരിടുന്ന ഗുരുതരമായ ചില വിഷയങ്ങളിലേക്ക് സോളാർ പോലെ ഈ സംഭവവും വിരൽ ചൂണ്ടുന്നുണ്ട്. അതിനെ അഭിമുഖീകരിക്കാൻ ഓരോ മലയാളിയും  ജനാധിപത്യവാദിയും ബാധ്യസ്ഥരാണ്.

ലോകം ഇന്നോളം പരീക്ഷിച്ച സാമൂഹ്യ രാഷ്ട്രീയ സംവിധാനങ്ങൡ ഏറ്റവും മെച്ചപ്പെട്ടത് ജനാധിപത്യമാണെന്നതിൽ സംശയമില്ല. അതിൽ തന്നെ ഇന്ത്യയിലെ ജനാധിപത്യ സംവിധാനം ഏറെ മെച്ചപ്പെട്ടതു തന്നെയാണ്. അതേസമയം ജനാധിപത്യ സംവിധാനം നേരിടുന്ന നിരവധി വെല്ലുവിളികളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അഴിമതി. രാഷ്ട്രീയ നേതാക്കളും ഉദ്യാഗസ്ഥ മേധാവികളും നടത്തുന്ന വൻതോതിലുള്ള അഴിമതിയുടെ അവസാന ഫലം സാധാരണ ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു എന്നതാണ്. അതിന്റെ പ്രത്യാഘാതങ്ങൾ മാനവ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. അതിനാൽ തന്നെ ഈ വിഷയവും നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. 

മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത അനുചര വൃന്ദം കൂടി ഉൾപ്പെട്ടതാണ് സ്വർണ കള്ളക്കടത്ത് എന്നത് എന്തു ചെയ്താലും ഭരണകൂടത്തിനു കൈയടിക്കുന്നവർ കരുതുന്ന പോലെ ചെറിയൊരു കാര്യമല്ല. സംഭവം കേരള രാഷ്ട്രീയ മണ്ഡലത്തിൽ ദുർഗന്ധം വമിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അഴിമതി എങ്ങനെ സംഭവിച്ചു എന്നതിന്റെ കേവല സാങ്കേതികതയിൽ പ്രശ്‌നങ്ങളെ കുരുക്കിയിടാൻ ശ്രമിക്കുകയാണ്. നവ ലിബറൽ നയങ്ങളുടെ ഭാഗമായി ഇതെല്ലാം സംഭവിക്കുമെന്ന ധാരണയിൽ കേവല കക്ഷിരാഷ്ട്രീയം മാത്രമാണ് അവരെല്ലാം പറയുന്നത്. എന്നാൽ പ്രശ്‌നങ്ങളുടെ സാങ്കേതികതക്കപ്പുറം പോയി ഇന്നത്തെ സാഹചര്യം എങ്ങനെ സംജാതമായി എന്നതിനെ രാഷ്ട്രീയമായി പരിശോധിക്കാൻ യഥാർത്ഥ ജനാധിപത്യ വിശ്വാസികൾ ബാധ്യസ്ഥരാണ്. 

യഥാർത്ഥത്തിൽ അധികാര കേന്ദ്രങ്ങളും ക്രിമിനൽ മൂലധനവും രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികളും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിന്റെ സൂചനയാണ് ഈ സംഭവം. കേവല കക്ഷി രാഷ്ട്രീയ ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ഉപരി കേരളത്തിലെ മുന്നണി രാഷ്ടീയവും അധികാര കേന്ദ്രങ്ങളും അകപ്പെട്ടിരിക്കുന്ന ജീർണതയുടെയും ക്രിമിനൽവൽക്കരണത്തിന്റെയും ഉദാഹരണമാണ് ഈ കേസ്. 
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് കേസിലെ പ്രതികളുമായുള്ള അടുത്ത ബന്ധം തന്നെ രാജ്യദ്രോഹ പ്രവർത്തനം കൂടിയായ സ്വർണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഐ.ടി വകുപ്പിലെ പല ഉന്നതന്മാർക്കും അവരുമായി അടുപ്പമുണ്ട്്. സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രി കെ.ടി. ജലീലിനും ഈ കേസിലെ പ്രതികളുമായുള്ള ബന്ധവും ആരോപണ വിധേയമായിട്ടുണ്ട്. വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണിത്. നാലു വർഷമായി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായിരുന്ന ശിവശങ്കരനെ രണ്ടാം വട്ടവും എൻ.ഐ.എ ചോദ്യം ചെയ്യുന്നതിനെ എത്രയോ ലളിതമായാണ് മുഖ്യമന്ത്രി കാണുന്നത്. 

സത്യത്തിൽ കേസിൽ ഇപ്പോൾ പിടിയിലായിരിക്കുന്നവർ സ്വർണക്കടത്ത് നടത്തുന്നവരുടെ ഏജന്റുമാരോ പണം പറ്റി ജോലി ചെയ്യുന്നവരോ മാത്രമാണ്. വൻ ജ്വല്ലറി ഉടമകളും ഹവാല പണമിടപാടുകാരും അടങ്ങുന്ന ക്രിമിനൽ മൂലധന കൂട്ടുകെട്ടാണ് സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് കരുതേണ്ടിവരും. അവർക്ക് ഭരണാധികാര കേന്ദ്രങ്ങളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ മേധാവികളുമായി അടുത്ത ബന്ധങ്ങളുണ്ട്. ഏത് മുന്നണി അധികാരത്തിലിരുന്നാലും ഈ കൂട്ടുകെട്ടാണ് ഭരണത്തെ നിയന്ത്രിക്കുന്നതെന്നത് പച്ചയായ യാഥാർത്ഥ്യം മാത്രം. 

മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ള മർമപ്രധാനമായ ഭരണ കേന്ദ്രങ്ങൾ കള്ളക്കടത്ത് സംഘങ്ങളുടെയും ക്രിമിനൽ ബന്ധങ്ങളുള്ളവരുടെയും താവളമായി മാറുന്നത് തടയേണ്ടതുണ്ട്. മന്ത്രിസഭ പോലും ചർച്ച ചെയ്യാതെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിലും മറ്റു വകുപ്പുകളിലും നടക്കുന്ന കൺസൾട്ടൻസി നിയമനങ്ങളും ഉദ്യോഗസ്ഥ നിയമനങ്ങളും ദുരൂഹമായ പല സാമ്പത്തിക താൽപര്യങ്ങൾക്ക് വേണ്ടിയാണെന്ന് സംശയിക്കണം. കൺസൾട്ടൻസികളെ പൂർണമായും ഒഴിവാക്കാനാകില്ലായിരിക്കാം. പക്ഷേ അതിനും വേണം ശക്തമായ രാഷ്ട്രീയ നിയന്ത്രണം. പക്ഷേ കേരളത്തെ കടക്കെണിയിൽ വീഴ്ത്തുകയും ജനങ്ങളെ തെരുവിൽ ഇറക്കുകയും ചെയ്യുന്ന പല വൻകിട പദ്ധതികളും ഇടപാടുകളും ഇപ്പോൾ ഇവർ വഴിയാണ് നടക്കുന്നത്. ഇത്തരം നിയമനങ്ങൾ അടിയന്തരമായി റദ്ദാക്കണം. അനാവശ്യമായ നിയമനങ്ങളും ധൂർത്തുകളും തടയണം. മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് ഉൾപ്പെടെ എല്ലാ നിയമനങ്ങളും സുതാര്യവും നിയമ വിധേയവുമാക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. 

സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടോ എന്ന് എൻ.ഐ.എയോ മറ്റു ദേശീയ ഏജൻസികളോ കണ്ടെത്തട്ടെ.  സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമുണ്ടായ പാകപ്പിഴകളും അഴിമതിയും പക്ഷേ, അവരുടെ അന്വേഷണ പരിധിയിൽ വരില്ല. അത് അന്വേഷിക്കാൻ ഏറ്റവും ഉചിതമായ ഏജൻസിയെ ചുമതലപ്പെടുത്തണം. ചീഫ് സെക്രട്ടറിയുടെ ആഭ്യന്തര അന്വേഷണം മതിയാവുന്ന വിഷയമല്ല അത്. അതിനാലാണ്  മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലേക്കു വരുന്നത്. ജനാധിപത്യ ഭരണ സംവിധാനത്തിന്റെ മുകൾത്തട്ടിലാണ് വിള്ളലുകൾ വീണിരിക്കുന്നത്.

തീർച്ചയായും ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടലുകളും സംശയകരം തന്നെയാണ്. നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെയും ഫെഡറലിസത്തെയും തകർക്കുകയും പൗരാവകാശ പ്രവർത്തകരെയും ന്യൂനപക്ഷങ്ങളെയും ജയിലിൽ അടച്ച് ഇല്ലാതാക്കാൻ ശ്രമിക്കുകയും വംശീയത പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഏജൻസി തന്നെയാണ് എൻ.ഐ.എ. സ്വർണക്കടത്ത് കേസിൽ ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാതെ നേരിട്ട് എൻ.ഐ.എക്ക് കേസ് വിട്ടുകൊടുത്തത് കൈയടിച്ച് അംഗീകരിക്കാനാവില്ല. രാജ്യദ്രോഹമെന്നൊക്കെ പറഞ്ഞ് എൻ.ഐ.എ അന്വേഷിച്ച എത്രയോ കേസുകളിൽ അതൊന്നുമില്ല എന്ന് പിന്നീട് തെളിഞ്ഞിരിക്കുന്നു. അതംു കൂടി ഓർത്താകണം ഈ കേസിൽ എൻ.ഐ.എയുടെ നടപടികളെ നോക്കിക്കാണാൻ. 

അതേസമയം കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന മുന്നണി രാഷ്ട്രീയ ജീർണതയുടെ പ്രതിഫലനം കൂടിയാണ് സ്വർണക്കടത്ത് പോലുള്ള സംഭവങ്ങളെന്ന് തിരിച്ചറിയണം. ജനവിരുദ്ധ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്നു മുന്നണികളും ചോദ്യം ചെയ്യപ്പെടണം. ഇത്തരം സംഭവങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ജനാധിപത്യ സംവിധാനത്തിനേൽപിക്കുന്ന മുറിവുകൾ തിരിച്ചറിയണം. 

Latest News