തിരുവനന്തപുരം- കോൺഗ്രസിൽനിന്ന് ഒരു സർസംഘചാലകിനെയോ സംഘചാലകിനെയോ തങ്ങൾക്ക് ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
സ്വർണക്കടത്ത് കേസിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് ആർഎസ്എസ് ബന്ധം പറയുന്നതിലൂടെ കോടിയേരി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന ഉപവാസ സമരത്തിൽ വീഡിയോ കോൺഫറൻസ് മുഖേനെ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ കോടിയേരിക്ക് ധാർമിക അവകാശമില്ല. കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട രണ്ട് വിവാദ വിഷയങ്ങളിൽ പണം കൊടുത്ത് ഒത്തുതീർപ്പാക്കിയത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രൻ പിള്ളയുടേയോ പൂർവകാലം തങ്ങള്‍ക്ക് ബാധകമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ചെന്നിത്തലയുടെ പേരിലുള്ള വിജിലൻസ് കേസുകൾ അട്ടിമറിച്ചത്. സിപിഎം നേതാക്കളാണ്. കുഞ്ഞാലിക്കുട്ടിയെയും രക്ഷിച്ചത് സിപിഎമ്മാണ്. മാറാട് കേസ് ഒത്തുതീർപ്പാക്കിയത് എൽഡിഫും യുഡിഎഫും ചേർന്നാണ്. അതുകൊണ്ട് കാര്യങ്ങൾ വളച്ചൊടിച്ച് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹപരമായ ഒരു സംഭവത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുന്നത്. ഇതിലെ പ്രതികളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെന്നും കേസ് അട്ടിമറിക്കാൻ സിപിഎമ്മുകാരായ അഭിഭാഷകരുടെ സംഘം ശ്രമിക്കുന്നതായും സുരേന്ദ്രൻ ആരോപിച്ചു.