ദല്‍ഹി മുസ്‌ലിം വിരുദ്ധ കലാപം: 'ആ കത്തിന്റെ' ആവശ്യകത എന്തെന്ന് കമ്മീഷണറോട് ഹൈക്കോടതി

ന്യുദല്‍ഹി- വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വംശീയ കലാപത്തില്‍ പ്രതികളായ ചില ഹിന്ദു യുവാക്കളെ അറസ്റ്റ് ചെയ്തത് ഹിന്ദു സമുദായത്തിനിടയില്‍ അതൃപ്തിക്കു കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതിയതിന്റെ ആവശ്യകത എന്തായിരുന്നുവെന്ന് ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പ്രവീര്‍ രഞ്ജനോട് ദല്‍ഹി ഹൈക്കോടതി. കലാപ കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ സംഘ തലവന്‍മാര്‍ക്ക് എഴുതിയ ഇത്തരത്തിലുള്ള അഞ്ച് കത്തുകള്‍ ഹാജരാക്കണമെന്നും കമ്മീഷണര്‍ പ്രവീര്‍ രഞ്ജനോട് ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത് ആവശ്യപ്പെട്ടു. സീല്‍ ചെയ്ത കവറില്‍ രണ്ടു ദിവസത്തിനകം കത്തുകള്‍ ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടത്.

"ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പ്രകാരം അറിവില്ലാത്തതാണ് ഇത്തരം കത്തുകള്‍. എങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് മുതിര്‍ന്ന ഓഫീസര്‍മാര്‍ ഇടക്കിടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് അവരുടെ ചുമതലയാണെന്നതില്‍ തര്‍ക്കമില്ല," എന്നും ജസ്റ്റിസ് കെയ്ത് വ്യക്തമാക്കി.

കലാപ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ 'വേണ്ടത്ര ശ്രദ്ധയും മുന്‍കരുതലുകളും' എടുക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് 'അനുയോജ്യമായ' രീതിയില്‍ വഴികാട്ടണമെന്നും  ജൂലൈ എട്ടിന് കമ്മീഷണര്‍ രഞ്ജന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ഉത്തരവില്‍ അറിയിച്ചിരുന്നു.

കലാപത്തില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ ബന്ധുക്കളായ സഹില്‍ പര്‍വേസ്, മുഹമ്മദ് സഈദ് സല്‍മാനി എന്നിവരാണ് ഈ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. സാഹിലിന്റെ പിതാവിനെ കലാപകാരികള്‍ വീട്ടിനു സമീപത്തു വെടിവെച്ചു കൊല്ലുകയായിരുന്നു. മുഹമ്മദ് സഈദിന്റെ മാതാവിനെ വീട്ടിനകത്തു വെച്ചാണ് കലാപകാരികള്‍ അടിച്ചുകൊന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതില്‍ ഹിന്ദുക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്നും ജാഗ്രത കാട്ടാന്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഈ വിവാദ ഉത്തരവ് റ്ദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. 

കമ്മീഷണര്‍ രജ്ഞന്‍ സമര്‍പ്പിക്കുന്ന കത്തുകളും രേഖകളും പരിശോധിച്ച ശേഷം കാരണം കാണിക്കല്‍ നോട്ടീസ് അയക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് വീണ്ടു പരിഗണിക്കാനായി ഓഗസ്റ്റ് ഏഴിലേക്കു മാറ്റി.

ചെലവുകള്‍ ഈടാക്കി ഹര്‍ജി തള്ളണമെന്ന് ദല്‍ഹി പോലീസിനു വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അമിത് മഹാജന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഹര്‍ജി ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ജി ഒരു പക്ഷേ ദുരുദ്ദേശപരമായിരിക്കാം. ഈ കത്തും ദുരുദ്ദേശപരമാണ്. അത് കോടതി തീരുമാനിക്കും. ഇത്തരമൊരു കത്ത് നല്‍കുന്നതിന്റെ ആവശ്യകത എന്തായിരുന്നു? ഏതു തരത്തിലുള്ള കത്തായിരുന്നു ഇത്? അദ്ദേഹം (രജ്ഞന്‍) മുതിര്‍ന്ന ഐപിഎസ് ഓഫീസറാണ്. എന്തു ഉത്തരവ് പുറപ്പെടുവിക്കണം, എന്തുവേണ്ടാ എന്ന് അദ്ദേഹത്തിന് അറിയില്ലെ. ചുമതലയില്‍ ഇരുന്ന് ഒരു കത്ത് ഇറക്കിയ ശേഷം മഹത്തായ കാര്യ ചെയ്‌തെന്നാണ് അദ്ദേഹം കരുതുന്നത്,' ജസ്റ്റിസ് കെയ്ത് നിരീക്ഷിച്ചു. 

Latest News