കോവിഡ് വിവരങ്ങള്‍ മറച്ചുവെച്ചതിന് ചര്‍ച്ച് മേധാവി അറസ്റ്റില്‍

ലീ മാന്‍ ഹീ

സോള്‍- കോവിഡ് സമ്പര്‍ക്ക രോഗികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ മറച്ചുവെച്ചുവെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദക്ഷിണ കൊറിയയില്‍ രഹസ്യ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ ചര്‍ച്ച് സ്ഥാപകനെ അറസ്റ്റ് ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തുനിന്നാണ് ഷിന്‍ചിയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് തലവന്‍ ലീ മാന്‍ ഹീയെ അറസ്റ്റ് ചെയ്തത്. ദക്ഷിണ കൊറിയയില്‍ കോവിഡ് ബാധിച്ച 5200 ലേറെ പേര്‍ ഈ ചര്‍ച്ചുമായി ബന്ധപ്പെട്ടവരാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ 36 ശതമാനം വരും ഇത്.

രണ്ട് ലക്ഷത്തോളം വരുന്ന അനുയായികളില്‍ കോവിഡ് ബാധിച്ചാല്‍ അധികൃതര്‍ക്ക് വിവരം നല്‍കാതിരിക്കാന്‍ 89 കാരനായ ഇദ്ദേഹം മറ്റു ചര്‍ച്ച് ഭാരവാഹികളുമായി ഗൂഢാലചോന നടത്തിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.

കോവിഡ് വ്യാപനം തടുയുന്നതിനായി  വൈറസിന്റെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ ശ്രമിച്ചപ്പോള്‍ ചര്‍ച്ചിലെ അംഗങ്ങളെ കുറിച്ചും പ്രാര്‍ഥനാ കേന്ദ്രങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന ആരോപണങ്ങളാണ് ലീ നേരിടുന്നതെന്ന് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ച് ഫണ്ടുകളില്‍നിന്ന് 5.6 ബില്യണ്‍ വോണ്‍ (4.7 മില്യണ്‍ ഡോളര്‍) ലീ തട്ടിയെടുത്തതായും  സംശയിക്കുന്നു. കോവിഡിന്റെ മറവില്‍ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തി അധികൃതര്‍ ചര്‍ച്ചിനെ തകര്‍ക്കാന്‍ ശ്രമിക്കുമെന്നാണ് ലീയടക്കമുള്ള ചര്‍ച്ച് നേതാക്കള്‍ ഭയപ്പെട്ടിരുന്നത്. ചര്‍ച്ച് അംഗങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതല്ലാതെ ലീ വിവരങ്ങളൊന്നും മറച്ചുവെച്ചിട്ടില്ലെന്ന് ചര്‍ച്ച് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സോളിനു തെക്ക് സുവോണ്‍ ഡിസ്ട്രിക്റ്റിലെ കോടതി വാറണ്ടിന് അംഗീകാരം നല്‍കിയ ഉടന്‍ തന്നെ ലീ അറസ്റ്റിലായി.

 

Latest News