ടിക് ടോക്ക് വില്‍ക്കാന്‍ യുഎസ് സമ്മര്‍ദ്ദം; മൈക്രോസോഫ്റ്റ് വാങ്ങിയേക്കുമെന്ന് റിപോര്‍ട്ട്

വാഷിങ്ടണ്‍- ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക് ദേശീയ സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി യുഎസ് കമ്പനിക്ക് വില്‍ക്കാന്‍ യുഎസ് ഉത്തരവിറക്കിയേക്കും. പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ഇതിനായി തയാറെടുപ്പുകള്‍ നടത്തിവരുന്നതായി റിപോര്‍ട്ടുണ്ട്. ടിക് ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും വില്‍ക്കണമെന്ന് ട്രംപ് ഉത്തരവിറക്കാനിരിക്കുകയാണെന്ന് വോള്‍ സ്ട്രീറ്റ് ജേണല്‍, ബ്ലൂംബര്‍ഗ് എന്നീ ബിസിനസ് പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ടിക് ടോക് സര്‍വീസ് ചൈന രഹസ്യാന്വേഷണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണിത്. ടിക് ടോക്കിനെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നെങ്കിലും എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. 

അതേസമയം യുഎസ് ടെക് ഭീമനായ മൈക്രോസോഫ്റ്റ് ടിക് ടോക്കിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി ന്യൂയോര്‍ക്ക് ടൈംസും ഫോക്‌സ് ന്യൂസും റിപോര്‍ട്ട് ചെയ്യുന്നു. ഇരു കമ്പനികളും ചര്‍ച്ച നടത്തി വരികയാണ്. ശതകോടി ഡോളറിന്റേതായിരിക്കും ഇടപാടെന്നും സൂചനയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല.

യുഎസിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപാടുകള്‍ അന്വേഷിക്കുന്ന കമ്മിറ്റി ഓണ്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ടിക് ടോക്ക് നിക്ഷേപം പുനപ്പരിശോധനയ്ക്കായി എടുത്തതിനു പിന്നാലെയാണ് ഈ നീക്കങ്ങള്‍. 

Latest News