ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച സൗദി യുവാവിന് വധശിക്ഷ

കയ്‌റോ - ലിബിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഇലക്ട്രിക് വാള്‍ ഉപയോഗിച്ച് മൃതദേഹം വെട്ടിമുറിച്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയായ സൗദി യുവാവിന് അലക്‌സാണ്ട്രിയ കോടതി വധശിക്ഷ വിധിച്ചു. ഈജിപ്തില്‍നിന്ന് രക്ഷപ്പെട്ട പ്രതിയുടെ അഭാവത്തിലാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നടപ്പാക്കുന്നതില്‍ മതപരമായ അഭിപ്രായം തേടി കേസ് ഫയല്‍ അലക്‌സാണ്ട്രിയ കോടതി ചീഫ് ജസ്റ്റിസ് അബ്ദുല്‍ഹമീദ് അല്‍ഖോലി ഈജിപ്ഷ്യന്‍ മുഫ്തിക്ക് സമര്‍പ്പിച്ചു.
അലക്‌സാണ്ട്രിയയിലെ അറേബ്യന്‍ അക്കാദമി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി വിദ്യാര്‍ഥിയായ 26 കാരനാണ് 32 കാരിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. സഹപാഠികളായ രണ്ടു കൂട്ടുകാരുടെ സഹായത്തോടെ വെട്ടിമുറിച്ച മൃതദേഹ ഭാഗങ്ങളില്‍ ഒരു ഭാഗം പ്ലാസ്റ്റിക് സഞ്ചികളിലാക്കി പ്രതി പാലത്തിനു താഴെ ഉപേക്ഷിച്ചു. അവശേഷിക്കുന്ന ഭാഗങ്ങള്‍ ബാഗിലാക്കി ഫഌറ്റിലെ റഫ്രിജറേറ്ററില്‍ ഒളിപ്പിക്കുകയായിരുന്നു. ഈ ബാഗ് പിന്നീട് മറ്റൊരു സ്ഥലത്തും കൂട്ടുകാരുടെ സഹായത്തോടെ പ്രതി ഉപേക്ഷിച്ചു. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെ കൊല്ലപ്പെട്ട യുവതിയെയും ഇവരുടെ താമസസ്ഥലവും സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു.
തന്റെ സമ്മതം കൂടാതെ ഏക മകനെ സൗദിയിലേക്ക് അയച്ചതിനെ ചൊല്ലി യുവതി ഭര്‍ത്താവുമായി പതിവായി കലഹിച്ചിരുന്നെന്നും മകനെ കാണണമെന്ന് പറഞ്ഞ് യുവതി വാശിപിടിച്ചിരുന്നെന്നും ഇതാണ് ഭാര്യയെ കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കൃത്യത്തിനു ശേഷം മാര്‍ച്ച് 20 ന് പ്രതി സൗദിയിലേക്ക് രക്ഷപ്പെട്ടു. കൂട്ടുപ്രതികളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും മൃതദേഹം വെട്ടിമുറിക്കുന്നതിനും ഉപേക്ഷിക്കുന്നതിനും മാത്രമാണ് പ്രതിയെ തങ്ങള്‍ സഹായിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു.

Latest News