ന്യൂദൽഹി- രാജസ്ഥാനിൽ നിയമസഭ സമ്മേളനത്തിലേക്ക് ദിവസങ്ങളുടെ ദൂരം കൂടിയപ്പോൾ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്റെ ഒപ്പം നിൽക്കുന്ന എം.എൽ.എമാരുമായി ജയ്പൂരിൽനിന്ന് ജയ്‌സാൽമീറിലെത്തി. ചാർട്ടർ ചെയ്ത വിമാനത്തിലാണ് ഗെഹ്‌ലോട്ടും സംഘവും ജയ്പൂർ വിട്ടത്. ഓഗസ്റ്റ് 14നാണ് രാജസ്ഥാനിൽ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാമെന്ന് ഗവർണർ സമ്മതിച്ചിരിക്കുന്നത്. നിയമസഭ സമ്മേളനം തുടങ്ങുന്ന ദിവസം വരെ എം.എൽ.എമാർ ജയ്‌സാൽമീറിലെ സൂര്യഗഡ് ആഡംബര റിസോർട്ടിൽ താമസിക്കും. ആദ്യഘട്ടത്തിൽ അൻപതോളം എം.എൽ.മാരെയാണ് ചാർട്ടേർഡ് വിമാനങ്ങളിൽ ജയ്‌സാൽമീരിലേക്ക് മാറ്റിയത്. ഒരു ചെയ്ഞ്ചിന് വേണ്ടി തങ്ങൾ ജയ്പൂരിൽനിന്ന് ജയ്‌സാൽമീരിലേക്ക് പോകുന്നു എന്നാണ് കോൺഗ്രസ് എം.എൽ.എ പ്രശാന്ത് ബൈരവ പറഞ്ഞത്.
എം.എൽ.എമാരുമായി ജയ്പൂർ വിട്ട ഗെഹ്‌ലോട്ടിന് വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. ജയ്‌സാൽമീറിന്റെ ഒരു വശത്ത് പാക്കിസ്ഥാനും മറുവശത്ത് ബി.ജെ.പി ഭരിക്കുന്നു ഗുജറാത്തുമാണ്. എം.എൽ.എമാരുമായി മുഖ്യമന്ത്രി എങ്ങോട്ടാണ് പോകാൻ ഉദ്ദേശിക്കുന്നതെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സതീഷ് പുനിയ ചോദിച്ചത്. അതിനിടെ എം.എൽ.എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ നോട്ടീസ് നൽകിയ കേസിൽ രാജസ്ഥാൻ ഹൈക്കോടതി നടപടിക്കെതിരേ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി സുപ്രീംകോടതിയെ സമീപിച്ചു. ബി.എസ്.പി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ആറ് എം.എൽ.എമാർ കോൺഗ്രസിൽ ലയിച്ചതിനെതിരേ ബി.ജെ.പി എംഎൽഎ നൽകിയ പരാതിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം നിയമസഭ സ്പീക്കർ സി.പി ജോഷിക്കും നിയമസഭ സെക്രട്ടറിക്കും എം.എൽ.എമാർക്കും നോട്ടീസ് നൽകിയിരുന്നു.
നിയമസഭ സമ്മേളനം നീണ്ടു പോകവേ കുതിരക്കച്ചവടത്തിന്റെ നിരക്കും വർധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ്പൂരിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ജയ്‌സാൽമീരിലേക്ക് ഗെഹ്‌ലോട്ട് എം.എൽ.എമാരെയും കൊണ്ടു പോയത്. മറുകണ്ടം ചാടാൻ ആദ്യം എംഎൽഎമാർക്ക് ആദ്യഗഡുവായി പത്തു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇപ്പോൾ ഇത് 15 കോടിയാക്കി ഉയർത്തിയിരിക്കുകയാണ്. ദിവസങ്ങൾ നീട്ടി നിയമസഭ സമ്മേളനം വിളിക്കാമെന്ന് ഗവർണർ കൽരാജ് മിശ്ര വ്യക്തമാക്കിയതിന് പിന്നാലെ ഭരണപക്ഷ എം.എൽ.എമാരെ ചാക്കിടാൻ നിരവധി ഫോൺകോളുകൾ വരുന്നുണ്ടെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. നിയമസഭ സമ്മേളനം തുടങ്ങിക്കിട്ടിയാൽ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ഗെഹ്‌ലോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗവർണർ നിയമസഭ വിളിച്ച് ചേർക്കുന്നതിനുള്ള ഇടവേള നീട്ടിയതോടെ എം.എൽ.എമാരെ പാട്ടിലാക്കാൻ കുതിരക്കച്ചടവത്തിന്റെ നിരക്ക് കൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനൊപ്പം പോയ വിമത എം.എൽ.മാരിൽ ബി.ജെ.പിയിൽ നിന്നും പണം കൈപ്പറ്റാത്തവർക്ക് കോൺഗ്രസിലേക്ക് മടങ്ങിയെത്താമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. അതേസമയം, നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് ഹരിയാനയിലെ മനേസറിൽ റിസോർട്ടിൽ കഴിയുന്ന സച്ചിൻ പൈലറ്റും എം.എൽ.എമാരും പറഞ്ഞിരിക്കുന്നതും.
വിശ്വാസ വോട്ടെടുപ്പു നടക്കും. അസംബ്ലിയിൽ ചെന്നാൽ നിയമസഭ കാര്യനിർവാഹക സമിതിയാണ് അക്കാര്യത്തിൽ തീരുമാനം എടുക്കുക എന്നാണ് ഗെഹ്‌ലോട്ട് പറഞ്ഞത്. നിയമസഭ സമ്മേളനത്തിൽ കോവിഡ് പ്രതിസന്ധിയെക്കുറിച്ചും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ചർച്ച ചെയ്യുമെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി.