Sorry, you need to enable JavaScript to visit this website.
Saturday , August   08, 2020
Saturday , August   08, 2020

കൺസൾട്ടൻസികളുടെ സുവർണ കാലം

കേരള സർക്കാറിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ തുടർച്ചയായ ദിവസങ്ങളിൽ എൻ.ഐ.എ മണിക്കൂറുകളെടുത്ത് ചോദ്യം ചെയ്തപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു തമാശയുണ്ട്. എന്തിനിങ്ങനെ കഷ്ടപ്പെടുന്നു, ഈ പരിപാടിയും നമുക്ക് വല്ല കൺസൾട്ടൻസിയെ ഏൽപിച്ചാൽ പോരെയെന്ന് ദേശീയ അന്വേഷണ ഏജൻസിയോട് അദ്ദേഹം ചോദിച്ചുവെന്നാണ് ജോക്ക്. വേണമെങ്കിൽ പറ്റിയ കൺസൾട്ടൻസിയെ മൂപ്പർ തന്നെ  പരിചയപ്പെടുത്തിക്കൊടുക്കുമെന്നും സമൂഹ മാധ്യമങ്ങളിലുണ്ടായിരുന്നു. അതിനിടയ്ക്ക് ഇടതുപക്ഷ സർക്കാറിലെ വ്യവസായ മന്ത്രിയും കൺസൾട്ടൻസികളുടെ പ്രാധാന്യത്തെ കുറിച്ച് പത്രക്കാർക്ക് ക്ലാസെടുത്തു കൊടുക്കുന്നത്  കണ്ടു. വികസനം വരണമെങ്കിൽ കൺസൾട്ടൻസികൾ അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ തിയറി. 
യു.ഡി.എഫ് സർക്കാറിന്റെ അവസാന കാലത്തെ കടുവെട്ട് ഓർമപ്പെടുത്തും വിധമാണ് കൺസൾട്ടൻസികൾ കേരളത്തിലേക്ക് ചിറക് വിരിച്ച് പറന്നെത്തുന്നത്. 
അടുത്ത കാലത്തായി വൻകിട പദ്ധതികളെ കുറിച്ച് മാത്രമേ കേൾക്കാനുള്ളൂ. പതിനഞ്ച് കൊല്ലം കൊണ്ട് പണിയുന്ന സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയായ കെ-റെയിൽ നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ. നാലഞ്ച് വിമാനത്താവളങ്ങളുള്ളിടത്ത് ഇതിന്റെ ആവശ്യമേയില്ലെന്ന് ഈ പൊട്ടന്മാർക്ക് മനസ്സിലാവുന്നില്ലല്ലോ. മുമ്പ് ഇടതു ബദ്ധിജീവികളെന്നറിയപ്പെടുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നത് മാത്രമാണ് അൽപമെങ്കിലും ആശ്വാസം പകരുന്നത്. ഇതിനെ കുറിച്ച് പ്രാരംഭ പഠനം നടത്താൻ ചെലവ് നൂറ് കോടി. സാധ്യതാ പഠനം നടത്താൻ വരുന്നവർ മഹാത്മാഗാന്ധിയൊന്നുമായിരിക്കില്ലല്ലോ. ഏറ്റവും ചുരുങ്ങിയത് ഇരുപത് ശതമാനം കമ്മീഷൻ വെച്ചു കൂട്ടിയാൽ തന്നെ ഏർപ്പാടാക്കിക്കൊടുക്കുന്നവർക്ക് ഇരുപത് കോടിയെങ്കിലും തടയും. 
തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ റെയിൽ പാത പണിയാൻ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ രൂപീകരിച്ചിട്ടുണ്ട്. 67,000 കോടി രൂപ മുതൽമുടക്കുള്ള പദ്ധതി യാഥാർഥ്യമാവുകയാണെങ്കിൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ നിക്ഷേപമായിരിക്കുമിത്. ഈ തുക ഒരു ലക്ഷം കോടി വരെയായി ഉയരാനാണ് സാധ്യത. കൺസൾട്ടൻസികളെ ഇത്തരം വൻകിട പദ്ധതികൾ ഏൽപിച്ചു കൊടുക്കുന്നവർക്ക് എത്രമാത്രം ഗുണകരമായിരിക്കുമെന്നത് പറയേണ്ടതില്ല. 3500 ഏക്കർ  ഭൂമി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കേണ്ട്. 80,000 മുതൽ ഒരു ലക്ഷം വരെ ആളുകൾ ഭവനരഹിതരാവും. പതിനായിരം കോടിയിലേറെ മുതൽമുടക്കുള്ള പദ്ധതികൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം വേണമെന്ന കാര്യമൊന്നും ആവേശത്തള്ളിച്ചയിൽ ഓർത്തു കാണില്ല. ഭൂമി ഏറ്റെടുക്കാൻ ലാന്റ് അക്വിസിഷൻ ഓഫീസ് ആരംഭിക്കുക വരെ ചെയ്തിട്ടുണ്ട്.  
ആഗോള തലത്തിൽ അറിയപ്പെടുന്ന കൺസൾട്ടൻസി സ്ഥാപനങ്ങൾ കേരളത്തെ ലക്ഷ്യമാക്കി വന്നു തുടങ്ങിയത് പുതിയ കാലത്തിന്റെ പ്രത്യേകതയാണ്. കെ റെയിലായാലും കെഫോണായാലും പുതിയ വിമാനത്താവളമായാലും പ്രവാസികളുടെ സ്വപ്‌ന പദ്ധതിയായ ഡ്രീം കേരള ആയാലും കൺസൾട്ടൻസികൾ റെഡി. 
2018 ലെ പ്രളയ ശേഷം ദുരന്തത്തെ കുറിച്ച് പഠിക്കാനും കേരളത്തെ പുനർനിർമിക്കാനുമുള്ള പദ്ധതി സൗജന്യമായി ഏറ്റെടുക്കാമെന്ന് പറഞ്ഞ് വന്ന കൺസൽട്ടൻസിയായിരുന്നു നെതർലാന്റ് കമ്പനിയായ കെ.പി.എം.ജി. ഞെട്ടിക്കുന്ന ഫീസാണ് ഇത്തരം സ്ഥാപനങ്ങളുടെ സേവനത്തിന് മുടക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട അണിയറക്കഥകൾ അടുത്തിടെയാണ് പാട്ടായത്. 
 പത്ത് ലക്ഷം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്ന ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് എന്ന  കമ്പനിക്കാണ് നൽകിയത്. ഒരു ബസിന് ഒന്നര കോടി വെച്ച്, ആദ്യ ഘട്ടത്തിൽ 3000 ബസുകൾ നിരത്തിലിറക്കാൻ 4500 കോടിയുടെ  പദ്ധതിയാണ് ഒരുങ്ങിയത്. ഇന്ത്യയിലെ പ്രമുഖ നിർമാതാക്കൾ ബസൊന്നിന് ഒരു കോടി ചെലവിൽ നൽകുമെന്നിരിക്കേയാണ് ഇഷ്ടദാനത്തിനുള്ള നീക്കം. പി. ഡബ്ല്യൂ.സിയുടെ പശ്ചാത്തലം വിശകലനം ചെയ്യേണ്ട കാര്യവുമില്ല ആർക്കും. ഇത്തരം കമ്പനികളുണ്ടാവുമ്പോൾ പത്താം ക്ലാസുകാർക്ക് വരെ ജനറൽ മാനേജർ, സി.ഇ.ഒ തുടങ്ങിയ വലിയ പോസ്റ്റുകൾ ലഭിക്കുമെന്ന ഗുണം കൂടിയുണ്ട്. കോവിഡ്19 ഡാറ്റാ വിശകലനവുമായി  ബന്ധപ്പെട്ട സ്പ്രിംഗ്ഌറിന്റെയും കാര്യം മറിച്ചല്ല. 
കേരളത്തിലെ ഭൂരഹിതർക്ക് പാർപ്പിട സമുച്ചയങ്ങൾ നിർമിച്ചുനൽകുന്ന ലൈഫ് മിഷനിലും കൺസൾട്ടൻസി കരാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന സർക്കാറിന്റെ അഭിമാന പദ്ധതിയാണിത്. ചെന്നൈയിലെ സി.ആർ. നാരാണ റാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൺസൾട്ടൻസി ഫീസായി നൽകിയത് 13.7 കോടി രൂപയാണ്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിനാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. 700 കോടിയാണ് മൂന്നാം ഘട്ട പദ്ധതി ചെലവ്. അതിന്റെ രണ്ട് ശതമാനത്തോളം വരും കൺസൾട്ടൻസി ഫീസ്. ശബരിമല വിമാനത്താവളമെന്നത് മുൻ യു.ഡി.എഫ് സർക്കാറിന്റെ ആശയമാണ്. പദ്ധതി വിജയമാവുമെന്നതിൽ ഒട്ടും സംശയം വേണ്ടതില്ല. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഏറെ സൗകര്യപ്രദമാവുമിത്. അമേരിക്കയിലും യൂറോപ്പിലും ഗൾഫിലും ധാരാളം പ്രവാസികളുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളോട് തൊട്ടു ചേർന്നാണിതിന്റെ സ്ഥാനം. ഈ പദ്ധതി അമേരിക്കയിലെ ന്യൂജഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂയിസ് ബർഗിനാണ് നൽകിയത്. കൺസൾട്ടൻസി ഫീ 4.6 കോടി. സർക്കാറിന്റെ സ്വന്തം ചെറുവള്ളി എസ്‌റ്റേറ്റിൽ നെടുമ്പാശ്ശേരി മോഡലിൽ നിഷ്പ്രയാസം വിമാനത്താവളം പണിയാവുന്നതേയുള്ളൂ. 
കേരളത്തിലെ ബി.പി.എൽ കുടുംബങ്ങളിലും ഗവ. ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും മറ്റും സർക്കാർ വക ഇന്റർനെറ്റ് കണക്ഷൻ എത്തിക്കാനുള്ള കെ ഫോൺ പദ്ധതിക്കു മൂന്ന് വർഷം മുമ്പാണ് തുടക്കമിട്ടത്.  ഇതിനായി കേരള സ്‌റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെ.എസ്.ഐ.ടി.എൽ) കെ.എസ്.ഇ.ബിയും ചേർന്നു പ്രത്യേക കമ്പനി രൂപീകരിക്കാനാണ് അക്കാലത്ത് മന്ത്രിസഭാ യോഗം  തീരുമാനിച്ചത്. കെ ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതിയുടെ അടങ്കൽ തുക 1028.2 കോടിയുടേതാണ്. കിഫ്ബിയുടെ ബോർഡ് ഈ പദ്ധതിക്ക് 823 കോടി അനുവദിച്ചു. കെ.എസ്.ഐ.ടി.എൽ ബാക്കി തുക കണ്ടെത്തും. ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുന്നത് കെ.എസ്.ഇ.ബിയുടെ ഹൈടെൻഷൻ പ്രസാരണ ലൈനുകളിലൂടെയാണ്. അതിനാൽ റോഡ് കുഴിക്കൽ വേണ്ടിവരില്ല. സബ്‌സ്‌റ്റേഷൻ വരെ എത്തുന്ന ഇത്തരം ലൈനുകളിൽ നിന്നു (കോർ നെറ്റ്‌വർക്ക്) നെറ്റ് കണക്ഷനുള്ള കേബിൾ കെ.എസ്.ഇ.ബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫീസുകളിലും എത്തിക്കാൻ പ്രാദേശിക ഏജൻസികളെ ചുമതലപ്പെടുത്തും. അങ്ങനെ കേബിളിലൂടെ തന്നെ എത്തുന്ന ഇന്റർനെറ്റ് കണക്ഷൻ സർക്കാർ ഓഫീസുകളിൽ ഇ ഗവേണൻസിനായി ഉപയോഗപ്പെടുത്തുന്നതിനു പുറമെ വീടുകളിൽ ഫോണും നെറ്റും വേണമെങ്കിൽ കാബിൾ ടി.വിയും നൽകാൻ പ്രയോജനപ്പെടുമെന്നതാണ് പദ്ധതിയുടെ നേട്ടം. 
2016 ൽ അധികാരത്തിേേലറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറാണ് സംസ്ഥാനത്ത് ഉടനീളം ഹൈസ്പീഡ് ബ്രോഡ് ബാൻഡ് ഇൻറർനെറ്റ് കണക്റ്റിവിറ്റി നൽകാനുള്ള പദ്ധതി എന്ന നിലയിൽ കെഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
പാവപ്പെട്ടവർക്ക് സൗജന്യമായും ഇടത്തരക്കാർക്ക് മിതമായ നിരക്കിലും ഗുണമേന്മയുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്നും വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രത്യേക പരിഗണന നൽകി സേവനം നൽകുമെന്നുമുള്ള പ്രഖ്യാപനത്തോടെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന നിലയിലാണ് സർക്കാർ കെ ഫോൺ പദ്ധതി ആരംഭിച്ചത്.
2017 ഫെബ്രുവരിയിൽ സർക്കാർ നിയോഗിച്ച ചീഫ് സെക്രട്ടറി, ധനകാര്യം, വൈദ്യുതി എന്നിവയുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി സെക്രട്ടറി, കെ.എസ്.ഇ.ബി ചെയർമാൻ എന്നിവർ ഉൾപ്പെട്ട സമിതിയുടെ വിലയിരുത്തലിന് ശേഷം 2017 മെയ് മാസമാണ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്.  കെ ഫോൺ പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഐ.ടി.ഐ.എല്ലിനെ സർക്കാർ നിയോഗിക്കുകയുണ്ടായി.
2016 ജനുവരിയിൽ ടെണ്ടർ ക്ഷണിച്ചപ്പോഴാണ് പി.ഡബ്ല്യൂ.സി ഉൾപ്പെടെയുള്ള കമ്പനികൾ അവരുടെ ഓഫർ സമർപ്പിച്ചത്. ഇടത് സർക്കാർ വന്നയുടനെയാണ് ഇതിന്റെ നടപടികൾ പൂർത്തിയാക്കിയത്. 
കൺസൾട്ടൻസികളെ ആശ്രയിക്കുന്നതിനെ ന്യായീകരിക്കുന്നതാണ് ഏറെ കഷ്ടം. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തും കേന്ദ്ര സർക്കാറും ഇങ്ങനെ ചെയ്യാറുണ്ടുപോലും. ബി.ജെ.പി എന്നത് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരാണെന്നതെല്ലാം മറന്നതാവാം. വലതുപക്ഷ പാർട്ടിയായ കോൺഗ്രസും സഖ്യകക്ഷികളുമാണ് ഇത്തരം അനീതികൾക്കെതിരെ പ്രതികരിച്ചു കാണുന്നത്. 
ലക്ഷക്കണക്കിന് തൊഴിൽരഹിതരായ യുവാക്കൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് എന്നെങ്കിലും ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കൺസൾട്ടൻസികൾ യോഗ്യതയില്ലാത്തവരെ യഥേഷ്ടം നിയമിക്കുന്നത്. സർക്കാർ ഖജനാവിലെ പണം ചോർത്തുന്ന ഈ വക ഇടപാടുകൾക്ക് കടിഞ്ഞാണിടേണ്ടത് അനിവാര്യമാണ്. 

Latest News