Sorry, you need to enable JavaScript to visit this website.

ബലിയുടെ ആത്മാവും പെരുന്നാളിന്റെ മനസ്സും

ഇന്ന് ഈദുൽ അദ്ഹയാണ്. ബലിപെരുന്നാൾ സുദിനം. മഹാമാരിയുടെ ഇരുണ്ട മേഘങ്ങൾ ഭൂമിയെ ആവരണം ചെയ്ത പരീക്ഷണ നാളുകളിലാണ് പെരുന്നാൾ ദിനങ്ങൾ കടന്നുവന്നിരിക്കുന്നത്.  പരീക്ഷണങ്ങളെ അനുഗ്രഹതുല്യമാക്കിയ പ്രവാചകൻ ഇബ്രാഹിമിന്റെ സ്മരണകൾ വിശ്വാസികൾ അയവിറക്കുമ്പോൾ അത് പരീക്ഷണനാളുകളെ അതിജയിക്കാനുള്ള കരുത്തായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. മഹാമാരിക്കാലത്ത് പാലിക്കേണ്ട ആരോഗ്യ മാനദണ്ഡങ്ങളെ അക്ഷരംപ്രതി അനുസരിച്ച് കൊണ്ട് ഹാജിമാർ മക്കയിലും മിനയിലും അറഫയിലും സമ്മേളിച്ചു കഴിഞ്ഞു. അറഫയിൽ അവർ അല്ലാഹുവിനോട് മനമുരുകി പ്രാർഥിച്ചു മുസ്ദലിഫയിൽ ഒരു രാവും കഴിച്ചുകൂട്ടി ഇന്നുരാവിലെ ഹാജിമാർ ലബ്ബൈക്ക മുഴക്കി ജംറത്തുൽ അഖബയെ ലക്ഷ്യമാക്കി നടന്നുനീങ്ങി. ലോകമുസ്‌ലിംകൾ പ്രഭാത നമസ്‌കാരാനന്തരം പള്ളികളിലും വീടുകളിലുമൊക്കെയായി പെരുന്നാൾ നമസ്‌കാരം നിർവഹിച്ചും ബലികർമം നടത്തിയും പ്രപഞ്ചനാഥന്റെ കൽപനകളെ സാധിക്കുന്ന വിധേന അനുസരിച്ച് കൃതാർഥരായിരിക്കുകയാണ്. മൃഗബലിയും ആഘോഷവും ഒത്തുചേർന്നതാണ് ബലിപെരുന്നാൾ. കഴിവുണ്ടായിട്ടും അറുക്കാത്തവർ പെരുന്നാൾ നമസ്‌കരിക്കുന്നതിൽ അർത്ഥമില്ലെന്ന പ്രവാചകന്റെ താക്കീത് പെരുന്നാളിന്റെ ആത്മാവാണ് ബലികർമമെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു. 
യഥാർഥത്തിൽ എന്താണ് ബലി? മലയാള ഭാഷയിലെ ബലി എന്ന പദത്തിന്റെ അതേ ആശയമല്ല അറബിയിലെ 'ഉദ്ഹിയത്ത്' എന്ന പദത്തിനുള്ളത്. അല്ലാഹുവിന്റെ കൽപനപ്രകാരം ഒരു മൃഗത്തെ അറുത്ത് അതിൽ നിന്നും ഭക്ഷിക്കുകയും ബന്ധുക്കളെയും അഗതികളെയും ഭക്ഷിപ്പിക്കുകയും ചെയ്യുക എന്നതിനാണ് 'ഉദ്ഹിയത്ത്' എന്ന് പറയുന്നത്.  ദുൽഹജ് മാസത്തിലെ 10 (പെരുന്നാൾ), 11, 12, 13  (തശ് രീഖ്) ദിവസങ്ങളിൽ പൂർവാഹ്ന സമയങ്ങളിൽ അത് നിർവഹിക്കുമ്പോഴാണ് അത് ഉദ്ഹിയത്തായി മാറുന്നത്. ഉദ്ഹിയത്ത് എന്ന പദത്തിന് അറുക്കുക എന്ന അർഥമില്ല. 'ദുഹാ' അഥവാ പൂർവാഹ്നം എന്നർഥം വരുന്ന പദത്തിൽ നിന്നാണ് ഉദ്ഹിയത്ത് ഉൽഭവിച്ചിട്ടുള്ളത്. സൂര്യോദയം കഴിഞ്ഞു അൽപസമയം പിന്നിട്ട ശേഷം നിർവഹിക്കപ്പെടുന്ന പുണ്യകർമം എന്നാണ് ഉദ്ഹിയത്തിന്റെ യഥാർഥ അർഥം. മൃഗങ്ങളെ അറുത്ത് മാംസം വിതരണം ചെയ്യുക എന്നതാണ് അപ്പോൾ പ്രവർത്തികമാക്കേണ്ട പുണ്യകർമം. 
മൃഗങ്ങളെ മാത്രമല്ല മനുഷ്യരെ പോലും തങ്ങളുടെ ദൈവങ്ങൾക്ക് ബലി നൽകുന്ന സമുദായങ്ങൾ കഴിഞ്ഞുപോയിട്ടുണ്ട്. ഇന്നും ചില സമൂഹങ്ങളിൽ അത്തരം പ്രാകൃത സമ്പ്രദായങ്ങൾ നിലനിൽക്കുന്നുമുണ്ട്. കോപാന്ധരായ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് നരബലിയും മൃഗബലിയും പൗരാണിക സമൂഹങ്ങളിൽ നിലനിന്നിരുന്നത്. സ്വന്തം മക്കളെപ്പോലും ബലി നൽകിയിരുന്ന അവസ്ഥകളെക്കുറിച്ച് ഖുർആൻ വിവരിക്കുന്നത് ഇങ്ങനെയാണ്: 'ബഹുദൈവവാദികളിൽപ്പെട്ട പലർക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവർ പങ്കാളികളാക്കിയ ദൈവങ്ങൾ ഭംഗിയായി തോന്നിച്ചിരിക്കുന്നു. അവരെ നാശത്തിൽ പെടുത്തുകയും, അവർക്ക് അവരുടെ മതം തിരിച്ചറിയാൻ പറ്റാതാക്കുകയുമാണ് അതുകൊണ്ടുണ്ടായിത്തീരുന്നത്. 
ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങൾക്ക് അല്ലാഹു നൽകിയത് അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചുകൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവർ തീർച്ചയായും നഷ്ടത്തിൽ പെട്ടിരിക്കുന്നു.' (6:137, 140). വികലമായ ദൈവസങ്കൽപങ്ങളിൽ നിന്നാണ് നരബലിപോലെയുള്ള പ്രതിലോമകരമായ ചിന്തകൾ ഉത്ഭവിക്കുന്നത്. കോപിക്കുന്ന ദൈവങ്ങളെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് അവർ ഇങ്ങനെ പ്രവർത്തിച്ചിരുന്നത്. നരബലി നടത്താൻ സാധിച്ചില്ലെങ്കിൽ മൃഗബലി നടത്തുകയായിരുന്നു അവരുടെ ശീലം. ബലി അറുക്കപ്പെട്ടതെല്ലാം ദൈവങ്ങളിൽ എത്തിച്ചേരുമെന്നും അവയിൽ നിന്നും യാതൊന്നും എടുക്കാനോ ഭക്ഷിക്കാനോ പാടില്ലെന്നുമുള്ള വിശ്വാസമായിരുന്നു അവർക്കുണ്ടായിരുന്നത്.  
ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളുടെ അടിവേരറുക്കുകയാണ് ഖുർആൻ ചെയ്തിട്ടുള്ളത്. നരബലിയും മറ്റും നടത്തിയിരുന്നവർ കരുതിയിരുന്ന 'ദൈവപ്രീതി' ഇസ്‌ലാം പഠിപ്പിക്കുന്നില്ല. മറിച്ച് പുണ്യകർമങ്ങൾ ചെയ്ത് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുകയാണ് വേണ്ടത് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഭക്ഷ്യാവശ്യങ്ങൾക്ക് വേണ്ടി മൃഗങ്ങളെ അറുക്കുക എന്നത് മനുഷ്യസമൂഹങ്ങളിലെല്ലാം നില നിൽക്കുന്ന കാര്യമാണ്. അതൊരു കുറ്റമായി ആരും കാണുന്നില്ല. മൃഗങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ, സസ്യങ്ങൾ തുടങ്ങി ഭൂമിയിലെ ജീവജാലങ്ങൾ മനുഷ്യന് ആഹരിക്കാനും ഉപയോഗപ്പെടുത്താനും പര്യാപ്തമായ നിലയിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. 'ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു' (2:29) എന്ന ദൈവിക വചനം അതാണ് സൂചിപ്പിക്കുന്നത്. മൃഗങ്ങളെ അറുക്കുന്നതിനെ എതിർക്കുന്നവർക്കും പ്രത്യക്ഷമായോ പരോക്ഷമായോ മറ്റു ജീവജാലങ്ങളെ ഭക്ഷിക്കാതെ ജീവിക്കാൻ സാധിക്കില്ല എന്നതും ഒരു വസ്തുതയാണ്. മൃഗങ്ങളെ ഭക്ഷണത്തിനായും മറ്റാവശ്യങ്ങൾക്കായും ഉപയോഗപ്പെടുത്തുക എന്ന മനുഷ്യപ്രകൃതിയെ അംഗീകരിക്കുകയാണ് ഖുർആൻ ചെയ്തിട്ടുള്ളത്. 'കാലികളെയും അവൻ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങൾക്ക് അവയിൽ തണുപ്പകറ്റാനുള്ളതും മറ്റു പ്രയോജനങ്ങളുമുണ്ട്. അവയിൽ നിന്നു തന്നെ നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു. നിങ്ങൾ വൈകുന്നേരം ആലയിലേക്ക് തിരിച്ച് കൊണ്ട് വരുന്ന സമയത്തും, നിങ്ങൾ മേയാൻ വിടുന്ന സമയത്തും അവയിൽ നിങ്ങൾക്ക് കൌതുകമുണ്ട്. ശാരീരിക ക്ലേശത്തോട് കൂടിയല്ലാതെ നിങ്ങൾക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങൾ വഹിച്ച് കൊണ്ട് പോകുകയും ചെയ്യുന്നു.' (16: 5, 6, 7).  
ഉദ്ഹിയ്യത്ത് അടക്കമുള്ള ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ള മൃഗങ്ങളെ അറുത്തുകൊണ്ടുള്ള ആരാധനാകർമങ്ങൾ കൊണ്ടുള്ള ഉദ്ദേശ്യമെന്താണെന്നു ഖുർആൻ വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്: 'ബലി ഒട്ടകങ്ങളെ നാം നിങ്ങൾക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാക്കിയിരിക്കുന്നു. നിങ്ങൾക്കവയിൽ ഗുണമുണ്ട്. അതിനാൽ അവയെ വരിവരിയായി നിർത്തിക്കൊണ്ട് അവയുടെ മേൽ നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് അറുക്കുക. അങ്ങനെ അവ പാർശ്വങ്ങളിൽ വീണ് കഴിഞ്ഞാൽ അവയിൽ നിന്നെടുത്ത് നിങ്ങൾ ഭക്ഷിക്കുകയും, യാചിക്കാതെ സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങൾ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. നിങ്ങൾ നന്ദികാണിക്കുവാൻ വേണ്ടി അവയെ നിങ്ങൾക്ക് അപ്രകാരം നാം കീഴ്‌പെടുത്തിത്തന്നിരിക്കുന്നു. അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമനിഷ്ഠയാണ് അവങ്കൽ എത്തുന്നത്. അല്ലാഹു നിങ്ങൾക്ക് മാർഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ അവന്റെ മഹത്വം പ്രകീർത്തിക്കേണ്ടതിനായി അപ്രകാരം അവൻ അവയെ നിങ്ങൾക്ക് കീഴ്‌പ്പെടുത്തി തന്നിരിക്കുന്നു.' (22:36, 37).  
മൃഗങ്ങളെ അറുത്തുകൊണ്ടുള്ള ആരാധനാകർമങ്ങളുടെ ഉദ്ദേശ്യമാണ് മുകളിൽ വിവരിച്ചത്. അതിന്റെ രക്തമോ മാംസമോ അല്ലാഹുവിനു ആവശ്യമില്ല. അറുക്കുന്നവന്റെ ധർമനിഷ്ഠയിലേക്കാണ് അല്ലാഹു നോക്കുന്നത്. മൃഗങ്ങളെ അറുത്ത് ഉപേക്ഷിച്ചു പോകുന്നതിൽ പുണ്യമില്ല. സ്വയം ഭക്ഷിക്കുവാനും മറ്റുള്ളവരെ ഭക്ഷിപ്പിക്കുവാനും വേണ്ടിയാണ് അവയെ അറുക്കുന്നത്. സ്വന്തമായി അറുക്കുവാനോ മാംസം പണം കൊടുത്തു വാങ്ങിക്കുവാനോ സാധ്യമല്ലാത്ത ദരിദ്രരായ സാധുജനങ്ങൾക്ക് അത് എത്തിച്ചുകൊടുക്കുമ്പോൾ അവിടെ വളരുന്നത് ഉദാത്തമായ സ്‌നേഹവും കരുണയുമാണ്. 
ബന്ധുക്കളിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കുന്നതോടെ കുടുംബബന്ധങ്ങളുടെ ഊഷ്മളത വർധിക്കുകയും ചെയ്യുന്നു. ഏകാരാധ്യനായ അല്ലാഹുവിന്റെ നാമത്തിലായിരിക്കണം അറുക്കേണ്ടത് എന്നുപറയുമ്പോൾ അതിൽ നിന്നും മനസ്സിലാക്കേണ്ടത് സ്വന്തം ഭാവനകൾക്കനുസരിച്ച് മനുഷ്യർ സൃഷ്ടിച്ചുണ്ടാക്കിയ ദൈവങ്ങളുടെ പ്രീതിക്ക് വേണ്ടിയല്ല മൃഗങ്ങളെ അറുക്കേണ്ടത് എന്നും ഈ മൃഗങ്ങളെയും മനുഷ്യരെയും സൃഷ്ടിച്ച് രക്ഷ നൽകിക്കൊണ്ടിരിക്കുന്ന ഏകനായ സ്രഷ്ടാവിനോടുള്ള നന്ദിയും കടപ്പാടുമാണ് ഉണ്ടായിരിക്കേണ്ടത് എന്നുമാണ് അത് ഉൽഘോഷിക്കുന്നത്. അതുവഴി ദൈവങ്ങളുടെ പേരിൽ നടക്കുന്ന സകലമാന അനാചാരങ്ങളുടെയും അഴിമതികളുടെയും വേരുകൾ അറുക്കപ്പെടുകയും ചെയ്യുന്നു. ഭക്ഷണമായും മറ്റുള്ള ഉപകാരങ്ങളായും മൃഗങ്ങളെ സംവിധാനിച്ചു നൽകിയ അല്ലാഹുവിനു നന്ദിയുള്ളവരാകുന്നതിനു കൂടിയാണ് ആ ഉപകാരങ്ങളെ അനുഭവിച്ചുകൊണ്ട് അവയെ അറുത്ത് ദാനം ചെയ്യുന്നത്.  അതോടൊപ്പം ശരിയായ വിശ്വാസവും വിജ്ഞാനവും കർമ്മവും സ്വീകരിച്ചുകൊണ്ട് ജീവിക്കുവാൻ അവസരം നൽകിയ അല്ലാഹുവിനെ പ്രകീർത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൂടി മൃഗങ്ങളെ അറുത്ത് ദാനം ചെയ്യുന്നതിലുണ്ടെന്ന് ഈ വചനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 
ഇബ്രാഹിം നബി (അ) യുടെ ചരിത്രത്തിൽ സ്വന്തം മകനായ ഇസ്മാഈലിനെ അറുക്കുന്നതായി സ്വപ്‌നം കാണുകയും അത് നിറവേറ്റാനായി അദ്ദേഹം തുനിഞ്ഞപ്പോൾ മകനെയല്ല പകരം ഒരു മൃഗത്തെയാണ് അറുക്കേണ്ടത് എന്ന് അല്ലാഹു അറിയിക്കുകയും ചെയ്ത സംഭവം വളരെ പ്രസിദ്ധമാണല്ലോ. നരബലിയെ ഏതെങ്കിലും വിധത്തിൽ അംഗീകരിക്കാൻ വേണ്ടിയല്ല ഈ സംഭവം ഖുർആൻ ഉദ്ധരിച്ചത്. മറിച്ചു അതിനെ പൂർണമായും തള്ളിക്കളയുന്നതിനുവേണ്ടിയാണ് പ്രസ്തുത സംഭവം അല്ലാഹു ആസൂത്രണം ചെയ്തത്. ദൈവിക കൽപനയിൽ മാനവവിരുദ്ധമായ യാതൊന്നുമില്ല. മനുഷ്യർക്ക് സന്ദേശമെത്തിച്ചുകൊടുക്കുന്ന ഒരു പ്രവാചകനിലൂടെ ഈ സത്യം അല്ലാഹു ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. അതോടെ അക്കാലം വരെ മനുഷ്യരിൽ നിലനിന്നിരുന്ന നരബലി സമ്പ്രദായത്തിന് തിരശീല വീഴ്ത്തുകയും ചെയ്‌തെങ്കിലും മനുഷ്യർ വീണ്ടും അന്ധവിശ്വാസങ്ങളിലേക്ക് ആപതിക്കുകയാണുണ്ടായത്.   
ഉദ്ഹിയ്യത്ത് സാമൂഹിക നന്മയിൽ അധിഷ്ഠിതമായ ഒരു ആരാധനാകർമമാണ്. അത് നിർവഹിക്കുന്നവർ ദുൽഹജ് പിറന്നാൽ അറവ് കഴിയുന്നതുവരെ അവരുടെ നഖവും മുടിയും മുറിക്കാൻ പാടില്ല എന്നാണ് നിയമം. ഒരു ആരാധനാകർമത്തിനു വേണ്ടിയുള്ള മാനസികമായ തയാറെടുപ്പാണത്. പെരുന്നാൾ നമസ്‌കാര ശേഷമാണ് ഉദ്ഹിയ്യത്ത് നിർവഹിക്കേണ്ടത്. പെരുന്നാൾ ദിനത്തിന് ശേഷമുള്ള മൂന്നു തശ്‌രീഖ് ദിവസങ്ങളിലും ഉദ്ഹിയത്ത് നിർവഹിക്കാം. മാംസം ഉണക്കി സൂക്ഷിച്ചിരുന്ന ദിവസങ്ങളായിരുന്നതു കൊണ്ടാണ് അതിന് തശ്‌രീഖ് എന്ന പേര് വന്നത്. 
എന്തിനാണ് മൃഗങ്ങളെ അറുക്കുന്നത്? എന്തിനാണ് കാതങ്ങൾ താണ്ടി മക്കയിലേക്ക് പോകുന്നത്? എന്തിനാണ് രണ്ടു തുണികൾ മാത്രം ധരിച്ച് ദീർഘദൂരം സഞ്ചരിക്കുന്നത്? എന്തിനാണ് നഖവും മുടിയും മുറിക്കാതെ ദിവസങ്ങളോളം കഴിയുന്നത്? ഇങ്ങനെ ധാരാളം ചോദ്യങ്ങൾ പലരും ചോദിക്കാറുണ്ട്. ആരാധനാകർമങ്ങളുടെ രീതികൾ നിശ്ചയിക്കുന്നത് അല്ലാഹുവാണ്. ഓരോ സമുദായത്തിനും അവരുടേതായ ആരാധനാരീതികൾ ഉണ്ടെന്നാണ് ഖുർആൻ പറയുന്നത്. അത് ദൈവിക കൽപനകൾക്കനുസരിച്ചാണ്. അല്ലാഹു പറയുന്നു: 'ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകർമം നിശ്ചയിച്ചിട്ടുണ്ട്. അവർക്ക് ഉപജീവനത്തിനായി അല്ലാഹു അവർക്ക് നൽകിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് അവർ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാൽ അവന്നു മാത്രം നിങ്ങൾ കീഴ്‌പ്പെടുക.' (ഖുർആൻ 22:34). 
ഈദ് അഥവാ പെരുന്നാൾ സന്തോഷത്തിന്റേതാണ്. സമൃദ്ധിയുടേതുമാണ്. അത് സംസ്‌കാരസമ്പന്നമായ ഒരു ആഘോഷത്തിന്റെ പേരാണ്. ദൈവസ്‌തോത്രങ്ങൾ ധാരാളം ഉരുവിട്ടുകൊണ്ടു ദൈവസ്മരണകളാൽ സമൃദ്ധമാവേണ്ട ദിവസങ്ങളാണത്. മനസ്സുകളിലെ പങ്കപ്പാടുകൾ മാറ്റിവെച്ച് കുടുംബങ്ങളും കുട്ടികളും കൂട്ടുകാരും അയൽപക്കങ്ങളും ഒത്തുചേർന്ന് മനസ്സുകളിൽ സന്തോഷത്തിന്റെ പൂമരങ്ങൾ പൂത്തുല്ലസിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിയെടുക്കണം. ധാരാളം ധർമം ചെയ്യണം. 
നല്ല ഭക്ഷണമുണ്ടാക്കി കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും വേണം. പെരുന്നാൾ സുദിനം ഉറങ്ങിത്തീർക്കാനുള്ളതല്ല. തക്ബീറും തഹ്‌ലീലും തഹ്മീദുമൊക്കെ ഉച്ചത്തിൽ ഉരുവിട്ടുകൊണ്ടുതന്നെ ആനന്ദിക്കുവാനും ആഹഌദിക്കുവാനുമുള്ളതാണ് ഈദിന്റെ പുണ്യദിനം. ഏതേത് പ്രതിസന്ധി ഘട്ടങ്ങളിൽ ആയിരുന്നാലും സ്രഷ്ടാവിനുള്ള ഭക്തിയാദരവുകൾ നിലനിർത്തിക്കൊണ്ടുതന്നെ ദുരിതങ്ങളും വിഷമങ്ങളും മറന്നു മനസ്സിൽ സന്തോഷത്തിന്റെയും കാരുണ്യത്തിന്റെയും പൂത്തിരികൾ കത്തിക്കാൻ മനുഷ്യനെ പ്രാപ്തമാക്കാൻ മാത്രം ദിവ്യമാണ് പെരുന്നാളിന്റെ മനസ്സ്.
 

Latest News