ചെന്നിത്തല കോണ്‍ഗ്രസിലെ ആർഎസ്എസ് സര്‍സംഘ്ചാലകെന്ന് കോടിയേരി

തിരുവനന്തപുരം- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ ആര്‍എസ്എസ് സര്‍സംഘ്ചാലക് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍ എസ് എസ് അനുഭാവിയുടെ മകനാണ് ചെന്നിത്തലയെന്നും ദേശാഭിമാനി പത്രിത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വിമര്‍ശിച്ചു. അയോധ്യ, മുത്തലാഖ്, പൗരത്വ നിയമഭേദഗതി തുടങ്ങിയ വിഷയങ്ങളിലെല്ലാം മൃദു ഹിന്ദുത്വകാര്‍ഡാണ് കോണ്‍ഗ്രസ് ഇറക്കുന്നത്. ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നും ലേഖനത്തില്‍ അദ്ദേഹം ആരോപിക്കുന്നു.

ബിജെപിയും കോണ്‍ഗ്രസും മുസ്ലിം ലീഗും മുഖ്യശത്രുവായി കാണുന്നത് സിപിഎമ്മിനേയാണ്. സര്‍ക്കാരിനെതിരെ ബിജെപി രാവിലെ പറയുന്നത് വെയിലാറും മുമ്പ് ചെന്നിത്തല ആവര്‍ത്തിക്കും. 2016ല്‍ ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ചെന്നിത്തലയ്ക്കു കിട്ടിയ വോട്ടിനേക്കാള്‍ 14,535 വോട്ട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു കിട്ടിയതിനേക്കാള്‍ 13,253 വോട്ട് അധികമായി ബിജെപിക്കു ലഭിക്കുകയും ചെയ്തു. ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പാണ് ചെന്നിത്തലയെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും കോടിയേരി ലേഖനത്തില്‍ ആരോപിക്കുന്നു.
 

Latest News