ശ്രീനഗര്‍- കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ജമ്മു കശ്മീര്‍ ഭരണകൂടം സുപ്രീം കോടതിയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സെയ്ഫുദ്ദീന്‍ സോസ്. ശ്രീനഗറിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ച സോസിനെ പോലിസ് ഉദ്യോഗസ്ഥരെത്തി തടഞ്ഞു. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് കമ്പിവേലി കെട്ടിയ ചുറ്റുമതിലിനപ്പുറത്തു നിന്നാണ് സോസ് സംസാരിച്ചത്. സോസിനെ നിയമവിരുദ്ധമായി തടങ്കലിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സോസിനുമേല്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന കശ്മീര്‍ ഭരണകൂടത്തിന്റെ സത്യവാങ്മൂലം അംഗീകരിച്ച് കോടതി ബുധനാഴ്ച സോസിന്റെ ഭാര്യയുടെ ഹര്‍ജി തള്ളുകയായിരുന്നു.
കോടതി ഉത്തരവ് വന്നതിനു പിന്നാലെ ബുധനാഴ്ച വീട്ടില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചപ്പോഴും പോലീസ് തടഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതില്‍ പറഞ്ഞത് പച്ചക്കള്ളമാണ്. കശ്മീര്‍ ഭരണകൂടവും കേന്ദ്ര സര്‍ക്കാരും ഞാന്‍ സ്വതന്ത്രനാണെന്നാണ് സുപ്രീം കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ സ്വതന്ത്രനല്ല. 2019 ഓഗസ്റ്റ് അഞ്ചു മുതല്‍ ഞാന്‍ തടങ്കലിലാണ്. തടങ്കലില്‍ അല്ലെങ്കില്‍ എന്തുകൊണ്ട് വീടു വിട്ടിറങ്ങാന്‍ അനുവദിക്കുന്നില്ല? കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു നാലു തവണ വീട്ടില്‍ നിന്നറങ്ങാന്‍ ശ്രമിച്ചിട്ടും അനുവദിച്ചിട്ടില്ല- സോസ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.






