Sorry, you need to enable JavaScript to visit this website.

കോവിഡ് വായുവിലൂടെയും പകരുമെന്ന സാധ്യത ചൂണ്ടികാട്ടി ലോകാരോഗ്യ സംഘടന

ജനീവ-ചില പ്രത്യേക സാഹചര്യങ്ങളില്‍ കോറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ലോകാരോഗ്യ സംഘടന. അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പ്രത്യേക സാഹചര്യങ്ങളില്‍ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക ലോകാരോഗ്യസംഘടന മുന്നോട്ടുവെയ്ക്കുന്നത്.ആളുകള്‍ സാമൂഹികാകലം പാലിക്കാതെ നിന്ന ഇടങ്ങളായ, റസ്‌റ്റോറന്റുകള്‍, നിശാപാര്‍ട്ടികള്‍, ചര്‍ച്ചിലെ ക്വയര്‍ വേദികള്‍ എന്നിവിടങ്ങളിലുണ്ടായിരുന്നവര്‍ക്കിടയിലുണ്ടായ കോവിഡ് ബാധ വിരല്‍ചൂണ്ടുന്നത് കൊറോണ വൈറസ് വായുവിലൂടെ പകരും എന്ന് തന്നെയാണെന്നാണ് പഠനം. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുമായി അടുത്തിടപഴകുന്ന ഡോക്ടര്‍മാര്‍, നഴ്‌സ് തുടങ്ങിയവര്‍ക്കും വായുവിലൂടെ രോഗബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊറോണ വൈറസിന് വായുവില്‍ 8 മുതല്‍ 14 മിനുട്ട് വരെ തങ്ങിനില്‍ക്കാനുള്ള കഴിവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തുവന്നിരുന്നു. കൃത്യമായ വായുസഞ്ചാരമില്ലാത്ത അടച്ചിട്ട മുറികള്‍ പോലുള്ള സ്ഥലങ്ങളില്‍ രോഗാണുക്കള്‍ സാധാരണയില്‍ കൂടുതല്‍ നേരെ വായുവില്‍ തങ്ങിനില്‍ക്കാന്‍ സാധ്യത കൂടുതലാണ്. സാമൂഹിക അകലം പാലിക്കുന്നത് മാത്രമാണ് ഇത്തരം രോഗവ്യാപനം തടയുന്നതിനുള്ള പോംവഴിയെന്നും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു.
 

Latest News