Sorry, you need to enable JavaScript to visit this website.

ടിക് ടോക് താരങ്ങളെ പിടിക്കാൻ ഫേസ്ബുക്ക് പണമെറിയുന്നു

സമൂഹ മാധ്യമങ്ങൾ തമ്മിലുള്ള മത്സരം തുടരുന്നതിനിടെ, ടിക് ടോക് താരങ്ങളെ പിടിക്കാൻ ഫേസ്ബുക്ക് പണം വാരിയെറിയുന്നുവെന്ന് റിപ്പോർട്ട്. പുതിയ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുകയാണെങ്കിൽ ഉപയോക്താക്കളുടെ സർഗാത്മക ശേഷി വളർത്താൻ സഹായിക്കുന്ന സവിശേഷ ഫീച്ചറുകൾ  മാത്രം ഉണ്ടായാൽ പോരാ. പരസ്യം ചെയ്യുന്നതിന് പുറമെ,  എതിരാളികളായ പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്ന താരങ്ങളെ വേട്ടയാടാനും പണം നീക്കിവെക്കേണ്ടതുണ്ട്. 
ടിക് ടോക്കിലെ ഏറ്റവും പ്രശസ്തരായ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനായി ഫേസ്ബുക്ക് പണം വാരിയെറിയുകയാണെന്ന റിപ്പോർട്ട് വാൾസ്ട്രീറ്റ് ജേണലാണ് പ്രസിദ്ധീകരിച്ചത്. പ്രമുഖരെ പിടിക്കാൻ ഫേസ് ബുക്ക് സി.ഇ.ഒമാർക്ക് സക്കർബർഗും സംഘവും വലിയ ഓഫറുകളാണ് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 
ടിക് ടോക്കിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ ഫേസ് ബുക്ക് ആരംഭിച്ച പുതിയ സവിശേഷതയാണ് റീൽസ്. സ്‌നാപ്ചാറ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ചതാണ് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഒരു ദിവസം മാത്രം നിലനിൽക്കുന്ന സ്‌റ്റോറികൾ. 
ബ്രസീൽ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ പരീക്ഷണാർഥം ആരംഭിച്ച റീൽസ്  വരും ആഴ്ചകളിൽ യു.എസിൽ തുടങ്ങുമെന്നാണ് കരുതുന്നത്.  
പുതിയ ഭീഷണി മണത്തറിഞ്ഞ ടിക് ടോക് ഉപയോക്താക്കളെ തങ്ങളുടെ 
സേവനത്തിൽ തന്നെ തുടരാൻ സഹായിക്കുന്നതിന് 200 മില്യൺ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  18 വയസ്സ് പൂർത്തിയായിരിക്കണം, എത്ര തവണ പോസ്റ്റ് ചെയ്യണം തുടങ്ങിയ ഒരു കൂട്ടം നിബന്ധനകൾ ടിക് ടോക് മുന്നോട്ടുവെച്ചിട്ടുണ്ട്. കത്തിക്കാൻ പണമുള്ള ഫേസ്ബുക്ക് ഇത് എങ്ങനെ  നേരിടുമെന്ന് കണ്ടറിയണം. 
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക് എതിരാളിയേക്കാൾ രാഷ്ട്രീയമായി ശക്തമായ സ്ഥാനത്താണ് ഫേസ്ബുക്ക്  നിലവിലുള്ളത്.  ഹ്വാവേയേയും  മറ്റ് ചൈനീസ് സ്ഥാപനങ്ങളെയും യു.എസ് തകർത്തുകളഞ്ഞിട്ടുണ്ട്.  ഏഷ്യൻ വിരുദ്ധ വികാരത്തിന്റെ അതേ തരംഗത്തിലാണ് ടിക് ടോക്കിനെയും അമേരിക്ക പിടികൂടിയത്. നിരവധി യുഎസ് കമ്പനികൾ അവരുടെ കോർപ്പറേറ്റ് ഫോണുകളിൽ ടിക് ടോക്  ആപ്ലിക്കേഷൻ വിലക്കിയിട്ടുണ്ട്. സമ്പൂർണ നിരോധനത്തിനും സാധ്യത നിലനിൽക്കുന്നു.  ടിക് ടോക്കിലെ മികച്ച 10 നിർമാതാക്കളിൽ എട്ട് പേർ യു.എസ് ആസ്ഥാനമായുള്ളവരാണെന്നതും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഇവർക്ക് ഗണ്യമായ ഫോളോവേഴ്‌സുണ്ട് എന്നതും ഫേസ്ബുക്കിന് മറ്റൊരു അനുകൂല ഘടകമാണ്. 
സോഷ്യൽ മീഡിയയുടെ ആദ്യ നാളുകളിൽ പ്ലാറ്റ്‌ഫോമുകൾക്കായിരുന്നു ശക്തി.  വൈറലായ താരങ്ങൾക്ക് അവരുടെ വിജയത്തിൽ നിന്ന് പണം സമ്പാദിക്കാനുള്ള വഴികൾ കണ്ടെത്താൻ കഠിനമായി പരിശ്രമിക്കേണ്ടിവന്നിരുന്നു. ഇപ്പോൾ സ്ഥിതി മറിച്ചാണ്.  വലിയ പ്രേക്ഷകരെ സൃഷ്ടിക്കാൻ കഴിവുള്ള താരങ്ങൾ  ധാരാളം പണം സമ്പാദിക്കുന്നു. നിൻജ എന്നറിയപ്പെടുന്ന സ്ട്രീമർ ടൈലർ ബ്ലെവിൻസ് ട്വിച്ചിൽ 15 ദശലക്ഷം ഫോളോവേഴ്‌സിനെ സൃഷ്ടിച്ചിരുന്നു. മൈക്രോസോഫ്റ്റ് തങ്ങളുടെ എതിരാളികളായ  മിക്‌സറിനെ തകർക്കാൻ   പ്ലാറ്റ്‌ഫോം മാറുന്നതിന് ബ്ലെവിൻസിന് പ്രതിവർഷം 30 ദശലക്ഷം ഡോളർ വരെ  നൽകിയതായാണ് റിപ്പോർട്ട്.
ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം എക്‌സ്‌ക്ലൂസിവ് പോസ്റ്റുകൾ കിട്ടണമെന്നാണ് ആഗ്രഹിക്കുന്നത്. പുതിയ സോഷ്യൽ മീഡിയാ ക്ലിപ്പുകൾ പോസ്റ്റുചെയ്യുന്ന ആദ്യത്തെ സ്ഥാനം റീൽസ് ആകണമെന്നാണ് അവരുടെ താൽപര്യം. മറ്റുവേദികളിൽനിന്ന് മികച്ച നിർമാതാക്കളെ ചാക്കിട്ടുപിടിക്കുമ്പോൾ അതിന്റെ പേരിൽ ധാരാളം ഉപയോക്താക്കളേയും പുതിയ വേദിയിലേക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
 

Latest News