Sorry, you need to enable JavaScript to visit this website.

കുരുക്ക് മുറുകുന്നതാർക്ക്?

കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത സംഭവങ്ങളാണല്ലോ തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വരുന്നത്. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിക്കുള്ള ഡിപ്ലോമാറ്റിക് പാഴ്‌സലിന്റെ മറവിൽ ഒരു വർഷത്തിലേറെയായി വിമാനത്താവളം വഴി നടന്നുവന്ന സ്വർണ കള്ളക്കടത്തിന്റെ രഹസ്യങ്ങൾ ഓരോ ദിവസവും ചുരുളഴിഞ്ഞു വരികയാണ്. ഈ സംഭവത്തിന് പിന്നിലെ ഉന്നതർ ആരൊക്കെയെന്നും ആർക്കൊക്കെയാണ് കുരുക്ക് മുറുകുകയെന്നും ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് രാഷ്ട്രീയ കേരളം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും കരുത്തനായ ഉദ്യോഗസ്ഥനുമായിരുന്ന എം. ശിവശങ്കറിനെ കസ്റ്റംസും എൻ.ഐ.എയും പല ദിവസങ്ങളിലായി നാൽപത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. 
തൽക്കാലം അദ്ദേഹത്തെ സ്വർണക്കടത്തിൽ നേരിട്ട് ബന്ധിപ്പിക്കാൻ കഴിയുന്ന വ്യക്തമായ തെളിവുകൾ കിട്ടാത്തതിനാൽ കഴിഞ്ഞ ദിവസത്തെ എൻ.ഐ.എയുടെ കൊച്ചി ഓഫീസിലെ ചോദ്യം ചെയ്യൽ കഴിഞ്ഞ് വിട്ടയച്ചു, വീണ്ടും വിളിപ്പിക്കുമെന്ന സൂചനയോടെ.
കേസിൽ നിലവിൽ അറസ്റ്റിലായ സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, കെ.ടി.റമീസ് തുടങ്ങിയവരുമായി ശിവശങ്കറിനുള്ള അസാധാരണമായ അടുപ്പമാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കിയത്. ശിവശങ്കറിന് സ്വർണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് സരിത്ത് മൊഴി നൽകിയതായാണ് മാധ്യമങ്ങളിൽ വന്ന വാർത്ത. എന്നാൽ സ്വപ്‌നയും മറ്റും അദ്ദേഹത്തിന് അറിയുമായിരുന്നില്ലെന്നും, തങ്ങളാണ് സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും പറയുന്നു. കേസിന്റെ രാഷ്ട്രീയ പ്രാധാന്യം അറിയാവുന്നതു കൊണ്ടാവണം വളരെ സൂക്ഷ്മമായും ഇഴകീറിയുമുള്ള അന്വേഷണവും പരിശോധനയുമാണ് എൻ.ഐ.എ ഇക്കാര്യത്തിൽ നടത്തുന്നത്.
ശിവശങ്കറിന് സ്വർണക്കടത്തുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുണ്ടെന്ന് കണ്ടെത്തുന്നപക്ഷം അത് ഏറ്റവുമധികം ബാധിക്കുക മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനെയുമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ശിവശങ്കറിന് ഏതെങ്കിലും തരത്തിലുള്ള ബന്ധം തെളയുന്നപക്ഷം തനിക്കൊന്നും അറിയില്ലായിരുന്നുവെന്ന പിണറായിയുടെ ഇതുവരെയുള്ള ഒഴികഴിവുകളൊന്നും വിലപ്പോകില്ല. കാരണം, ഇതേ ശിവശങ്കറിനെതിരെ മുമ്പ് പല ആരോപണങ്ങളും ഉയർന്നപ്പോൾ അദ്ദേഹത്തിന് പിന്തുണ നൽകുകയും സംരക്ഷിക്കുകയും ചെയ്തിരുന്നത് പിണറായി തന്നെയാണ്. വാസ്തവത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ച കരുത്തുറ്റ പിൻബലം കൊണ്ടാണ് മുമ്പ് പല തവണ സർക്കാരിന്റെ നടപടിക്രമങ്ങൾ മറികടന്ന്, ചീഫ് സെക്രട്ടറിയുടെ എതിർപ്പ് പോലും വകവെക്കാതെ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളാൻ ശിവശങ്കറിന് കഴിഞ്ഞത്. വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി ഉയർന്നപ്പോഴും, പ്രതിപക്ഷം നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും, ഒരു ഉദ്യോഗസ്ഥനെ ഇങ്ങനെ കയറൂരി വിടരുതെന്ന് മുഖ്യമന്ത്രിയോട് പറയാൻ സർക്കാരിലോ, സി.പി.എമ്മിലോ, ഇടതു മുന്നണിയിലോ ആരുമുണ്ടായില്ല. ഒടുവിൽ സ്വർണക്കടത്ത് എന്ന ഗുരുതര രാജ്യദ്രോഹക്കുറ്റം കയ്യോടെ പിടിക്കപ്പെടുകയും അതിലെ പ്രതികൾക്ക് ശിവശങ്കറുമായുള്ള പരിധിയിൽ കവിഞ്ഞ അടുപ്പം പുറത്തു വരികയും ചെയ്തപ്പോൾ നിൽക്കക്കള്ളിയില്ലാതെ മുഖ്യമന്ത്രി നടപടിക്ക് നിർബന്ധിതനാവുകയായിരുന്നു. അപ്പോഴും ആദ്യം തന്റെ ഓഫീസിലെ ചുമതലകളിൽ നിന്ന് തൽക്കാലം മാറ്റിനിർത്തിയതേയുള്ളൂ. പിന്നീട് കസ്റ്റംസും എൻ.ഐ.എയും ശിവശങ്കറിനെ ചോദ്യം ചെയ്യുകയും പ്രതി സ്വപ്‌ന സുരേഷിനും കുടുംബത്തിനും താൻ താമസിക്കുന്ന കെട്ടിടത്തിൽ വേറെ ഫഌറ്റ് എടുത്തു കൊടുക്കാൻ ഏർപ്പാട് ചെയ്യുകയും ചെയ്ത വിവരം പുറത്തു വന്നപ്പോഴാണ് ഗത്യന്തരമില്ലാതെ സസ്‌പെൻഡ് ചെയ്തത്. ഇനി എൻ.ഐ.എയും കസ്റ്റംസും നടത്തുന്ന ഓരോ നീക്കവും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഏറെ നിർണായകമാണ്. 
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കൊടിയ അഴിമതിയും ക്രമക്കേടുകളും കുറേ കാലമായി നടന്നു വരികയായിരുന്നു എന്നതിന്റെ വിശദാംശങ്ങൾ കൂടി പുറത്തു വരുന്നു എന്ന സ്വർണക്കടത്ത് കേസിന്റെ മറ്റൊരു ആഫ്റ്റർ ഇഫക്ട്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കെ.പി.എം.ജി, സ്പ്രിംഗ്ലർ, ബെവ്‌കോ ആപ്, ഇ-മൊബിലിറ്റി, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് തുടങ്ങിയ ഇടപാടുകളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറേ കാലമായി അഴിമതി ആരോപിക്കുകയും കത്തുകളും പരാതികളും നൽകുകയും ചെയ്യുന്നുണ്ട്. പക്ഷേ മാധ്യമങ്ങൾ പോലും, പ്രത്യേകിച്ച് ചാനലുകൾ, ഒരു വിശ്വാസം വരാത്ത പോലെയാണ് അതെല്ലാം റിപ്പോർട്ട് ചെയ്തത്. എന്നാൽ സ്വർണക്കടത്തെന്ന ദേശദ്രോഹം പച്ചക്ക് പിടിച്ചപ്പോൾ മാധ്യമങ്ങൾ മേൽപറഞ്ഞ അഴിമതിക്കഥകളുടെയെല്ലാം പിറകേ പോയി. അപ്പോഴാണ് ഞെട്ടിക്കുന്ന അഴിമതികളുടെ പുതിയ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയത്. എല്ലാ അഴിമതികളുടെയും ക്രമക്കേടുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസും, ഐ.ടി വകുപ്പും. മതിയായ യോഗ്യതയില്ലാത്ത സ്വപ്‌ന സുരേഷിനെയും അരുൺ ബാലചന്ദ്രനെയും പോലെയുള്ളവരെ മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ഐ.ടി വകുപ്പിൽ പ്രത്യേക തസ്തികകൾ സൃഷ്ടിച്ച് ലക്ഷങ്ങൾ ശമ്പളത്തിന് നിയമിച്ചതു മുതൽ തുടങ്ങുന്നു അഴിമതി. മന്ത്രിസഭയോ, ധനവകുപ്പോ, നിയമവകുപ്പോ എന്തിന് ചീഫ് സെക്രട്ടറി പോലും അറിയാതെ അമേരിക്കയിലെയും യൂറോപ്പിലെയും സ്ഥാപനങ്ങളുമായി കോടികളുടെ കരാറുകളുടെ ചർച്ച നടത്തുന്നു. സംശയാസ്പദമായ പശ്ചാത്തലമുള്ള പി.ഡബ്ല്യു.സി പോലുള്ള കമ്പനികൾക്ക് കൺസൾട്ടൻസി നൽകുന്നു. നിഷ്പക്ഷമായ ഒരു ഏജൻസി അന്വേഷിച്ചാൽ ശിവശങ്കരൻ മാത്രമല്ല മുഖ്യമന്ത്രിക്കും കുരുക്ക് മുറുകുന്ന കാര്യങ്ങളാണ് ഇതിനകം പുറത്തു വന്നിട്ടുള്ളത്. അപ്പോഴും മടിയിൽ കനമില്ല, വഴിയിൽ ഭയമില്ല... ഉപ്പു തിന്നവൻ വെള്ളം കുടിക്കും... പോലുള്ള പഴഞ്ചൊല്ലുകൾ പറഞ്ഞും പ്രതിപക്ഷത്തെ ആക്ഷേപിച്ചും പരിഹസിച്ചും, മാധ്യമങ്ങളെ ഗുണദോഷിച്ചും പരമാവധി പിടിച്ചു നിൽക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വാസ്തവത്തിൽ കോവിഡ് മഹാമാരി കേരളത്തിൽ ആർക്കെങ്കിലും സഹായകമായി മാറിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രി പിണറായിക്കും അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽക്കുന്നവർക്കുമാണ്. 
മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്തേതു പോലെ ഈ സർക്കാരിന്റെയും അവസാന കാലഘട്ടത്തിലാണ് വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പെരുമഴ പെയ്യുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സരിതാ നായർ എന്നൊരു തട്ടിപ്പുകാരി മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അടുപ്പം ദുരുപയോഗം ചെയ്തും, വ്യാജ ലെറ്റർ ഉപയോഗിച്ചും സോളാർ ഇടപാടിന്റെ പേരിൽ നിരവധി പേരെ പറ്റിച്ച് കോടികൾ തട്ടിയെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ സർക്കാരോ മുഖ്യമന്ത്രിയോ നേരിട്ട് അഴിമതി നടത്തുകയോ ജനങ്ങളുടെ നികുതിപ്പണം നഷ്ടപ്പെടുത്തുകയോ ചെയ്തതായി ആരോപിക്കപ്പെട്ടിരുന്നില്ല. ഊഹക്കണക്കിൽ പതിനായിരം കോടിയുടെ ആരോപണം അന്ന് ഇടതുപക്ഷം ഉന്നയിച്ചെങ്കിലും അതൊന്നും പിന്നീട് തെളിയിക്കപ്പട്ടില്ല. എന്തിന്, ഉമ്മൻ ചാണ്ടിക്കെതിരെ സർക്കാരിന്റെ അവസാന കാലത്ത് സരിതയെ മുൻനിർത്തിയുള്ള പൂഴിക്കടകനായ ലൈംഗിക ആരോപണങ്ങൾ പോലും പിന്നീട് തെളിയിക്കപ്പെട്ടില്ല. ആ ആരോപണങ്ങളാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ പതനത്തിന് വലിയൊരളവിൽ കാരണമായത്. എന്നിട്ട് സരിതയുടെ പരാതിയിന്മേലോ, ഇടതു മുന്നണി തന്നെ മുമ്പ് ഉന്നയിച്ച അഴിമതി ആരോപണങ്ങളിന്മേലോ പിന്നീട് അധികാരത്തിലേറിയ പിണറായി സർക്കാർ കഴിഞ്ഞ നാല് വർഷത്തിനിടെ അന്വേഷിച്ച് നടപടിയെടുത്തില്ല. കാരണം അതെല്ലാം തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള കള്ളക്കഥകളായിരുന്നുവെന്ന് അവർക്ക് തന്നെ ബോധ്യമുണ്ടായിരുന്നു. എങ്കിലും ഇപ്പോഴും സരിതയുടെ കത്തിലെ അശ്ലീലം വീണ്ടും വീണ്ടും പറഞ്ഞ് ആസ്വദിക്കുകയും ആത്മരതി കൊള്ളുകയുമാണ് ഇടത് അണികൾ.
എന്നാലിവിടെ സ്വപ്‌നയുടെ തട്ടിപ്പുകൾ പിണറായിയുടെ പോലീസ് തന്നെ അന്വേഷിച്ച് കണ്ടെത്തിയിരിക്കുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്‌ന ഐ.ടി വകുപ്പിൽ ജോലി നേടിയതെന്നും അത് ശിവശങ്കറിന്റെ ശുപാർശ പ്രകാരമാണെന്നും കണ്ടെത്തി. സ്വർണക്കടത്തിന് അവർ മറയാക്കിയതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി. ഈ പദവിയിലിരുന്ന് സ്വപ്‌ന ചെയ്തിട്ടുള്ള തട്ടിപ്പുകൾ ഇനി പുറത്തു വരാനിക്കുന്നതേയുള്ളൂ. അതിൽ ശിവശങ്കറിനു പുറമെ മറ്റാർക്കൊക്കെ പങ്കുണ്ടെന്ന് നിഷ്പക്ഷ ഏജൻസികൾ അന്വേഷിച്ചാൽ നിഷ്പ്രയാസം പുറത്തുവരും. അപ്പോഴും, എനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ലെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി. തൊലിക്കട്ടി, അല്ലാതെന്തു പറയാൻ.

Latest News