Sorry, you need to enable JavaScript to visit this website.

കാലം നിശ്ശബ്ദമാക്കിയ സന്നദ്ധ സേവനം

ജിദ്ദ ഹജ് വെൽഫെയർ ഫോറം വളണ്ടിയർ പരിശീലനത്തിൽനിന്ന് (ഫയൽ ചിത്രം)

സന്നദ്ധ സേവനം മലയാളികളുടെ, പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്. മറ്റൊരാളെ സഹായിക്കാൻ കിട്ടുന്ന അവസരം അവർ അധിക പേരും പാഴാക്കാറില്ല. നേരിട്ടോ, മറ്റാരെങ്കിലും വഴിയോ, അതല്ലെങ്കിൽ അതിനു സഹായകരമായ നിലപാടുകൾ സ്വീകരിച്ചോ സേവന നിരതരാവുകയെന്നത് പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ആഹ്ലാദം പകരുന്നതാണ്. അതുവഴി ലഭിക്കുന്ന മനോസുഖവും ദൈവാനുഗ്രഹവും, അതാണവരെ ഇതിനു പ്രേരിപ്പിക്കുന്നത്. അതിനു വേണ്ടി സമയവും സമ്പത്തും ആരോഗ്യവുമെല്ലാം അവർ ചെലവഴിക്കും. ഇന്ന് പലർക്കും ജീവൻ തിരിച്ചുകിട്ടാനും സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനും പ്രതിസന്ധിയുടെ കയത്തിലകപ്പെട്ട് മുങ്ങിത്താഴ്ന്നിരുന്നവർക്ക് പിടിവള്ളിയായി മാറാനുമെല്ലാം സഹായിച്ചത് ഈ നിലപാടാണ്. ഇതിന്റെ പ്രതിഫലനം ഇന്നു നാട്ടിലും കാണാം. ഇത്തരക്കാരുടെ പ്രവർത്തനം കേരളത്തിന് തെല്ലൊന്നുമല്ല ആശ്വാസം പകർന്നത്. രണ്ടു പ്രളയങ്ങളെ കേരളത്തിന് അതിജീവിക്കാനായത് ജാതിയും മതവും രാഷ്ട്രീയവും നോക്കാതെയുള്ള ഈ നല്ല മനസ്സിനുടമകളുടെ പ്രവർത്തനങ്ങൾ കൊണ്ടാണ്. ഏറെ പ്രയാസങ്ങൾ നേരിടുന്ന കൊറോണക്കാലത്തു പോലും അതു കാണാനാവും. എവിടെയായിരുന്നാലും മലയാളികളുടെ മനസ്സിൽ പരസ്പര സഹായത്തിന്റെ അനുരണനങ്ങളുണ്ടാവും. പല കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യങ്ങളിലും മലയാളികൾ ലോകത്തിനു മാതൃകയാണ്. ലോക മുസ്്‌ലിംകൾ ഒത്തുകൂടുന്ന ഹജ് വേളയിൽ ലോകത്തെ തന്നെ മലയാളികൾ ഇതു കാണിച്ചു കൊടുത്തിട്ടുള്ളതാണ്. രാജ്യമേതെന്നു നോക്കാതെയുള്ള ഹജ് വേളയിലെ സേവനം 'കേരള മോഡൽ സേവനം' എന്ന നിലയിൽ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. സംസ്ഥാനത്തിനു പുറത്തുള്ള ഇന്ത്യക്കാരും മറ്റു രാഷ്ട്രക്കാരും ഇതിൽ ആകൃഷ്ടരായി സേവന രംഗത്തിറങ്ങാൻ തുടങ്ങിയതിന്റെ ക്രഡിറ്റും കേരളത്തിനവകാശപ്പെട്ടതാണ്.
സൗദി അറേബ്യയിലെ സന്നദ്ധ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അവരെന്നും പ്രവർത്തന സജ്ജരാണ്. ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ സേവന നിരതരായി അവർ രംഗത്തുണ്ടാവും. കൊറോണ വ്യാപനം മൂലമുണ്ടായ പ്രതിസന്ധികൾക്ക് ആശ്വാസമേകി സ്വന്തം ജീവൻ പോലും പണയംവെച്ച് സഹായങ്ങളുമായി ഓടി നടക്കുന്ന സാമൂഹിക പ്രവർത്തകർ നിരവധിയാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വിവിധ സംഘടനകളുടെ ബാനറുകൾക്കു കീഴിലാണെങ്കിലും ഒരേ മനസ്സും ശരീരവുമെന്ന പോലെ സന്നദ്ധ പ്രവർത്തകർ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാറുള്ള ഹജ് ദിവസങ്ങളിലൂടെയാണിപ്പോൾ സൗദി അറേബ്യ കടന്നു പോകുന്നത്. എന്നാൽ ഇക്കുറി ഈ രംഗം നിശ്ചലമാണ്. കൊറോണ വൈറസ് എന്ന സൂക്ഷ്മാണു ലോകത്തെ നിശ്ചലമാക്കിയപ്പോൾ അതിന്റെ ഫലമായി പതിനായിരക്കണക്കിനു സന്നദ്ധ പ്രവർത്തകരും നിശ്ചലമാക്കപ്പെട്ടു. 


ഹജ് സീസൺ സൗദി അറേബ്യയിലെ സന്നദ്ധ പ്രവർത്തകരുടെ ഉത്സവ സീസണാണ്. മക്കയിൽ ഹാജിമാരുടെ സേവനത്തിന് പോകുന്നത് ഒരു സമുദായത്തിൽപ്പെട്ടവർ മാത്രമാണെങ്കിലും അവർക്കു വേണ്ട എല്ലാവിധ സഹായങ്ങളുമായി ഇതര സമുദായാംഗങ്ങളും രംഗത്തുണ്ടാവാറുണ്ട്. അവിടെയും കേരളത്തിന്റെ മത സൗഹാർദമാണ് പുലരാറുള്ളത്. ഒരു കാലത്ത് മക്ക, മദീന, ജിദ്ദ നഗരങ്ങളിലെ സന്നദ്ധ പ്രവർത്തകരിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സേവന പ്രവർത്തനം കഴിഞ്ഞ കുറെ വർഷങ്ങളായി സൗദിയിലൊന്നാകെയുള്ളവരുടെ സാന്നിധ്യത്താൽ സമ്പന്നമാണ്. കൂടുതൽ വളണ്ടിയർമാരെ പങ്കെടുപ്പിക്കുകയെന്ന വാശിയോടു കൂടി ഓരോ സംഘടനകളും ഓരോ വർഷവും കൂടുതൽ പേരെ രംഗത്തിറക്കാൻ തയാറായപ്പോൾ അതു സൗദി ഒന്നാകെ വ്യാപിക്കുകയായിരുന്നു. കിലോമീറ്ററുകൾക്കപ്പുറത്തു നിന്നു പോലും ഒന്നും രണ്ടും ദിവസം യാത്ര ചെയ്തും സയമം ചെലവഴിച്ചും സ്വന്തം കീശ കാലിയാക്കിയുമാണ് പലരും ഹാജിമാരുടെ സേവനത്തിന് മക്കയിലെത്താറുള്ളത്. 
രണ്ടു മാസം മുൻപ് റമദാനിൽ തന്നെ ഹജ് സേവനത്തിനുള്ള വളണ്ടിയർമാരെ സജ്ജമാക്കാനുള്ള ഒരുക്കങ്ങൾ ഓരോ സംഘടനകളും നടത്താറുണ്ട്. രജിസ്‌ട്രേഷനിൽ തുടങ്ങി ദിവസങ്ങൾ നീളുന്ന പരിശീലനങ്ങളും ക്ലാസുകളും പിന്നിട്ട് ഏതു പ്രതികൂല സാഹചര്യങ്ങളിലും സേവന നിരതരാകാനുള്ള മനസ്സ് പാകപ്പെടുത്തിയാണ് ഓരോ വളണ്ടിയർമാരും ഹജ് കർമങ്ങൾ നടക്കുന്ന പുണ്യ സ്ഥലങ്ങളിൽ എത്തിയിരുന്നത്. ആദ്യ കാലങ്ങളിൽ മുതിർന്ന പുരുഷന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വളണ്ടിയർ ഗ്രൂപ്പുകൾ സ്ത്രീകളിലേക്കും കുട്ടികളിലേക്കും വരെ വ്യാപിപ്പിച്ച് അവരിൽ കൂടി സേവന മനസ്സ് വളർത്തിയെടുക്കാൻ സംഘടനകൾക്കു കഴിഞ്ഞിരുന്നു. 
അവധി ദിനങ്ങൾ സ്വന്തം ജീവിത സുഖങ്ങൾക്കായി മാറ്റിവെക്കുന്നതിനു പകരം മറ്റുള്ളവർക്ക് സേവനത്തിനായി നീക്കിവെക്കുന്ന വിശാല മനസ്സിനുടമകളായി ഓരോ വർഷവും ആയിരങ്ങളാണ് പുതുതായി വളണ്ടിയർ സേവനത്തിനായി വന്നിരുന്നത്. മിനായിൽ നിന്ന് അവസാനത്തെ ഹാജിയും മടങ്ങുന്നതു വരെ, ഇരു ഹറമുകളിൽ നിന്നും എല്ലാ ഹാജിമാരും അവരവരുടെ നാടുകളിലേക്ക് തിരിക്കുന്നതു വരെ സേവന രംഗത്തുണ്ടാവാറുള്ള സന്നദ്ധ പ്രവർത്തകരെല്ലാം ഈ വർഷം നിശ്ചലമാണ്. സന്നദ്ധ പ്രവർത്തകരെ കണ്ടെത്തുന്നതിനും അവർക്കു വേണ്ട പരിശീലനവും സഹായങ്ങളും ഒരുക്കിയിരുന്ന സംഘടനകളും ഇത്തരമൊരു സാഹചര്യം നേരിടുന്നത് ഇതാദ്യം. വർഷങ്ങളായി മുടങ്ങാതെ ഹജ് സേവന രംഗത്ത് ഇറങ്ങാറുള്ള വളണ്ടിയർമാർ ഈ വർഷത്തെ ഹജിന് തുടക്കം കുറിച്ച നിമിഷത്തിലും പുണ്യ കേന്ദ്രങ്ങളിലേക്കു പോകാൻ കഴിയാതെ വീർപ്പുമുട്ടി അവരവരുടെ താമസയിടങ്ങളിൽ കഴിയുകയാണ്. ഹജിന് ഭംഗം വരാതെ പരിമിതമായ ഹാജിമാർ ഹജ് നിർവഹിക്കുന്നുവെന്നതൊഴിച്ചാൽ തീർഥാടകരാൽ വീർപ്പു മുട്ടേണ്ട ഇടങ്ങളെല്ലാം നിശ്ചലമാണ്. അവർക്കു സേവനവുമായി രാപ്പകലില്ലാതെ ഓടി നടക്കേണ്ടിയിരുന്നവരും ചലനമറ്റിരിക്കുകയാണ്. ഈ കാലവും കടന്നുപോയി മുൻപെന്നത്തേക്കാളും കൂടുതൽ സേവന നിരതരാവാൻ വരും വർഷങ്ങളിലാവുമെന്ന പ്രതീക്ഷയാണ് നിശ്ചലാവസ്ഥയിലും ഇവരെ നയിക്കുന്നത്.

Latest News