പച്ച പുതച്ച ഹസ്‌വ സിലൈൽ താഴ്‌വര 

'അബഹ അറേബ്യൻ ടൂറിസത്തിന്റെ തലസ്ഥാനം' എന്ന തലക്കെട്ടിൽ ഈ വർഷം നടന്ന അബഹ  ഫെസ്റ്റിവലിന്റെ ടൂറിസം ഭൂപടത്തിലേക്ക് പുതിയ അതിഥിയായി  സിലൈൽ താഴ്‌വരയിലെ വെള്ളച്ചാട്ടവും. പച്ച പുതച്ച പ്രകൃതിരമണീയമായ ഹസ്‌വ ഗ്രാമവും ഇടം പിടിച്ചു. ഒരു മാസം മുമ്പ് വർഷിച്ച കനത്ത മഴയാൽ ഈ താഴ്‌വരയുടെ പച്ചപ്പും ഉറവ പൊട്ടിയ വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് കൗതുക കാഴ്ചയായി. ഈ പ്രദേശത്തുകാരനായ ഒരു സൗദി പൗരൻ സിലൈലിലെ വെള്ളച്ചാട്ടവും ഈ ഗ്രാമത്തിന്റെ പച്ചപ്പും സാമൂഹ്യ മാധ്യമങ്ങളായ ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സപ്പ് വഴി പ്രചരിപ്പിച്ചു. തുടർന്ന് അനിയന്ത്രിതമായ സന്ദർശക പ്രവാഹമായിരുന്നു.

പിന്നീട് സൗദിയിലെ പ്രമുഖ പത്രങ്ങളായ അൽ വതൻ, ഉക്കാദ് എന്നിവയിൽ  ഈ ഗ്രാമത്തെ കുറിച്ചു റിപ്പോർട്ട് പ്രസിദ്ധീകരിക്കയുണ്ടായി പ്രമുഖ വാർത്താ ചാനൽ എംബിസി  ഇതേക്കുറിച്ചു വാർത്ത സംപ്രേഷണം ചെയ്തു. ഇതിനാൽ സഞ്ചാരികളുടെ പച്ചപ്പ് തേടിയുള്ള യാത്ര അവരെ സിലൈൻ ഹസ്‌വ ഗ്രാമത്തിലെത്തിച്ചു. മഴ വർഷിക്കുമ്പോൾ പ്രപഞ്ചനാഥനെ സ്തുതിക്കുകയും ആനന്ദ ഭരിതരാകുകയും ചെയ്യുന്ന സൗദികൾക്ക് ഇവിടത്തെ വെള്ളച്ചാട്ടവും താഴ്‌വരയിലെ പച്ചപ്പും ഹൃദ്യമായി. ബത്തീലയിൽ നിന്ന് ഹസ്‌വ സിലൈയിലെക്കുള്ള ദുർഘട പാതയിലെ മെല്ലപ്പോക്ക്  വൻ ഗതാഗത കുരുക്കാണുണ്ടാക്കിയത്. പിന്നീട് റിജാൽ മുനിസിപ്പാലിറ്റി ഡിവൈഡറുകൾ സ്ഥാപിച്ചു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

സൗദയിലെ പൈതൃക ഗ്രാമമായ റിജാലിന് സമീപമാണ് ഈ താഴ്‌വരയും ഹസ്‌വ  ഗ്രാമവും.  ഈ മൂന്ന് ആഴ്ചക്കാലം ഈ പ്രദേശത്തുകാർക്ക് ഒരു ഉത്സവ പ്രതീതിയായിരുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ വഴിവാണിഭം നടത്തി. ചായ, കാവ, മറ്റു അറബിക്  ഭക്ഷണങ്ങൾ എന്നിവയുടെ വിൽപന നടത്തി. സഞ്ചാരികളുടെ അഭൂതപൂർവമായ പ്രവാഹം ബത്തീലയിലെ വിദേശികളായ കച്ചവടക്കാർക്കും വൻ നേട്ടമുണ്ടാക്കി. സമുദ്ര നിരപ്പിൽ നിന്നും 2000 അടി ഉയരത്തിലുള്ള ഹസ്‌വ  ഗ്രാമത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ സിലൈൽ താഴ്‌വരയുടെ നയന സുന്ദരമായ പ്രകൃതി രമണീയ കാഴ്ച മരുഭൂമി മണൽ കണ്ടു മടുത്ത സൗദികൾക്ക് കുളിരേകും.  പ്രകൃതി കനിഞ്ഞു നൽകിയ ഈ മനോഹര കാഴ്ച കാണാൻ വിദൂര ദിക്കുകളിൽ നിന്നും സഞ്ചാരികൾ ഈ ഗ്രാമത്തിലേക്ക് ഒഴുകി. ഹസ്‌വയിലേക്കുള്ള പാത വളരെ ദുർഘടവും സാഹസികവുമാണ്.  ഈ ഹരിതാഭമായ കാഴ്ച കാണാൻ വാരാന്ത്യങ്ങളിലും ഒഴിവ് ദിനങ്ങളിലും ഇവിടേക്ക് സഞ്ചാരികൾ പ്രവഹിക്കുകയാണ്. 

Latest News