ഗവര്‍ണര്‍ സമ്മതിച്ചു; രാജസ്ഥാന്‍ നിയമസഭ ഓഗസ്റ്റ് 14 മുതല്‍ ചേരും

ജയ്പുര്‍- രാജസ്ഥാന്‍ നിയമസഭ ഓഗസ്റ്റ് 14 ന് വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കി. അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭ ബുധനാഴ്ച വൈകിട്ട് നല്‍കിയ പുതിയ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാമത്തെ നിര്‍ദേശവും ഗവര്‍ണര്‍ കല്‍രാജ് മിശ്ര നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായിരുന്നു. എന്തുകൊണ്ടാണ് നിയമസഭ വേഗത്തില്‍ വിളിച്ചു ചേര്‍ക്കുന്നതെന്ന് വ്യക്തമാക്കാന്‍ കാബിനറ്റ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശുപാര്‍ശ നിരാകരിക്കുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഗവര്‍ണര്‍ മിശ്രയുമായി രാജ്ഭവനില്‍ 15 മിനിറ്റോളം ചര്‍ച്ച നടത്തി. വൈകുന്നേരം വീണ്ടും മന്ത്രിസഭ ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് പുതിയ ശുപാര്‍ശ സമര്‍പ്പിച്ചതും ഗവര്‍ണര്‍ അംഗീകരിച്ചതും.
21 ദിവസത്തെ നോട്ടീസ് നല്‍കിയാണ് സാധാരണ നിയമസഭ വിളിച്ചു ചേര്‍ക്കാറുള്ളത്. ഹ്രസ്വ അറിയിപ്പ് നല്‍കി നിയമസഭാ സെഷന്‍ നടത്താനുള്ള കാരണമാണ് ഗവര്‍ണര്‍ ചോദിച്ചിരുന്നത്.  21 ദിവസത്തെ അറിയിപ്പില്‍ സാധാരണ സെഷന്‍ വിളിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
മന്ത്രിസഭയുടെ നിര്‍ദേശം പുതുക്കി വീണ്ടും സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിനോട് ആവശ്യപ്പെട്ടിരുന്നത്.  
ലവ് ലെറ്റര്‍ ഇതിനകം വന്നു കഴിഞ്ഞുവെന്നും ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം ചായ കുടിക്കാന്‍ പോകുകയാണെന്നുമാണ് രാജ്ഭവനിലേക്ക് തിരിക്കുന്നതിനു മുമ്പ് സംസ്ഥാന കോണ്‍ഗ്രസ് ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നത്. ജൂലൈ 31 ന് നിയമസഭാ സെഷന്‍ ചേരണമെന്നാണ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്കു നല്‍കിയ പുതിയ നിര്‍ദേശത്തില്‍ മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ പദ്ധതിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നില്ല. വിശ്വാസ വോട്ട് അജണ്ടയില്‍ ഉള്‍പ്പെടുത്തി മാത്രമേ, ഹ്രസ്വ നോട്ടീസില്‍ നിയമസഭ വിളിക്കാനാകൂയെന്നാണ് നേരത്തെ നല്‍കിയ ശുപാര്‍ശ നിരാകരിച്ചു കൊണ്ട് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നത്. ഇന്നലേയും ഇതു തന്നെയാണ് അദ്ദേഹം ആവര്‍ത്തിച്ചത്.
ഹ്രസ്വ അറിയിപ്പിലൂടെ ഒരു സെഷന്‍ വിളിക്കുന്നതിനുള്ള ന്യായമായ കാരണം ഇതായിരിക്കണമെന്ന് ഗവര്‍ണര്‍ മിശ്ര പ്രസ്താവനയില്‍ പറഞ്ഞു. അല്ലാത്തപക്ഷം, 21 ദിവസത്തെ അറിയിപ്പില്‍ സംസ്ഥാന സര്‍ക്കാരിന് വര്‍ഷകാല സമ്മേളനം പോലെ പതിവ് സെഷന്‍ വിളിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
21 ദിവസത്തെ അറിയിപ്പ്, വിശ്വാസ വോട്ടെടുപ്പ് ഉണ്ടെങ്കില്‍ നടപടികളുടെ തത്സമയ സംപ്രേഷണം, സെഷനില്‍ സാമൂഹിക അകലം പാലിക്കല്‍ എന്നീ മൂന്ന് കാര്യങ്ങള്‍ കണക്കിലെടുത്തായിരിക്കണം പുതിയ ശുപാര്‍ശയെന്നും അദ്ദേഹം നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

 

Latest News