Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കവിളിൽ മുത്തം നൽകിയും ആശ്ലേഷിച്ചും  ഹൗസ് ഡ്രൈവറെ സ്‌പോൺസർ യാത്രയാക്കി

ഹൗസ് ഡ്രൈവറായ ശിഹാബുദ്ദീൻ സ്‌പോൺസർ ഇബ്രാഹീം, ശിഹാബ് കൊട്ടുകാട് എന്നിവരോടൊപ്പം.

റിയാദ് - കവിളിൽ മുത്തം നൽകിയും കൈകൾ കൂട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചും ചികിത്സക്കുള്ള പണം നൽകിയും ഇന്ത്യക്കാരനായ ഹൗസ് ഡ്രൈവറെ സ്‌പോൺസറായ സൗദി പൗരൻ വിദഗ്ധ ചികിത്സക്ക് നാട്ടിലേക്കയച്ച രംഗം കണ്ടുനിന്നവരിൽ ആശ്ചര്യമുണ്ടാക്കി. പക്ഷാഘാതം പിടിപ്പെട്ട് മുന്നു മാസത്തോളം ആശുപത്രിയിൽ കിടന്ന ഹൗസ് ഡ്രൈവറായ യു.പി സ്വദേശി ശിഹാബുദ്ദീനെയാണ് സ്‌പോൺസർ ഇബ്രാഹീം അൽദൊസരി റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ കോവിഡ് കാലത്തും സ്‌നേഹോഷ്മള യാത്രയയപ്പ് നൽകിയത്.


പത്ത് വർഷമായി ഇബ്രാഹീമിന്റെ വീട്ടിലെ ഡ്രൈവറാണ് ശിഹാബുദ്ദീൻ. വീട്ടുകാരുമായി ഏറെ അടുപ്പം പുലർത്തി വീട്ടിലെ ഒരംഗത്തെ പോലെയാണ് ശിഹാബുദ്ദീന്റെയും വീട്ടുകാരുടെയും പെരുമാറ്റം. മൂന്നു മാസം മുമ്പ് ശിഹാബുദ്ദീന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും പക്ഷാഘാതം പിടിപ്പെട്ട് ശരീരത്തിന്റെ വലത് ഭാഗം തളരുകയും ചെയ്തു. ഉടൻ തന്നെ റിയാദിലെ കിംഗ് സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പിന്നീട് സുലൈമാൻ അൽഹബീബ് ആശുപത്രി ഐ.സി.യുവിൽ രണ്ടരമാസം ചികിത്സയും നൽകി. 
ഡോക്ടർമാരുടെ നിർദേശപ്രകാരം ഇദ്ദേഹത്തെ നാട്ടിലയക്കാൻ സ്‌പോൺസർ ശ്രമം നടത്തിയെങ്കിലും വിമാനസർവീസുകൾ ഇല്ലാത്തതിനാൽ വിജയിച്ചില്ല. ഇതിനിടെയാണ് ഇദ്ദേഹം വേൾഡ് മലയാളി ഫെഡറേഷൻ സൗദി കോർഡിനേറ്റർ ശിഹാബ് കൊട്ടുകാടുമായി ബന്ധപ്പെട്ട് സഹായമഭ്യർഥിച്ചത്. ശിഹാബ് ലഖ്‌നോയിലേക്കുള്ള വന്ദേഭാരത് മിഷൻ വിമാനത്തിൽ ടിക്കറ്റ് ശരിയാക്കി നൽകുകയും ചെയ്തു. 


കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു യാത്രയെങ്കിലും രാത്രി തന്നെ സ്‌പോൺസർ ആശുപത്രിയിലെത്തി ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ മുൻപന്തിയിലുണ്ടായിരുന്നു. നടപടികളെല്ലാം പൂർത്തിയായപ്പോഴാണ് 2,60,000 റിയാലിന്റെ ബിൽ ആശുപത്രി അധികൃതർ നൽകിയത്. ബിൽ സർക്കാർ അടക്കുമെന്നും ഇല്ലെങ്കിൽ ഞാൻ അടക്കാമെന്നും സ്‌പോൺസർ എഴുതിക്കൊടുത്തു. ശേഷം അദ്ദേഹത്തെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ അനുഗമിക്കുന്നയാൾക്കും സ്‌പോൺസർ തന്നെയാണ് ടിക്കറ്റ് നൽകിയത്. വിമാനത്താവളത്തിൽ വെച്ചാണ് 5000 റിയാൽ നൽകിയ ശേഷം കവിളിൽ ചുംബിച്ചും കൈകളിൽ പിടിച്ച് ആശ്വസിപ്പിച്ചും യാത്രയാക്കിയത്. ഇത്രയും കാലം ആശുപത്രിയിൽ കിടന്ന ഇദ്ദേഹത്തോട് കോവിഡ് കാലത്തും സ്‌നേഹവായ്പ് കാണിച്ച സ്‌പോൺസറുടെ നടപടി കണ്ടുനിന്നവരിൽ ആശ്ചര്യമുളവാക്കി. കൃത്യസമയത്ത് ഇദ്ദേഹം നാട്ടിലെത്തിയെന്ന് ശിഹാബ് കൊട്ടുകാടിനെ വിളിച്ച് സ്‌പോൺസർ ഉറപ്പുവരുത്തുകയും ചെയ്തു.

 

 

Latest News