Sorry, you need to enable JavaScript to visit this website.

ഹജിന് അവസരം ലഭിച്ച  അത്യപൂർവ സൗഭാഗ്യ  നിർവൃതിയുമായി ഹസീബ്

മിനാ- ലോകത്തിലെ ലക്ഷോപലക്ഷം പേർക്ക് ലഭ്യമാവാതെ പോയ ഈ വർഷത്തെ ഹജിന്റെ ഭാഗമാവാൻ കഴിഞ്ഞതിലുള്ള അതിയായ സന്തോഷത്തിലാണ് മഞ്ചേരി മേലാക്കം സ്വദേശി മുസ്‌ലിയാരകത്ത് അബ്ദുൽ ഹസീബ്. അവസാന നിമിഷമാണ് ഹസീബിന് ഈ വർഷത്തെ തെരഞ്ഞെടൂക്കപ്പെട്ട പരിമിതമായ ഹജ് സംഘത്തിൽ ഇടം കിട്ടിയത്. കോവിഡ് രോഗമുക്തി നേടിയ ആളെന്നതും 12 വർഷമായി സൗദിയിലെങ്കിലും ഇതുവരെ ഹജ് നിർവഹിച്ചിട്ടില്ലെന്നതും ഹസീബിന് അനുകൂല ഘടകമായി മാറുകയായിരുന്നു. ജിദ്ദയിലെ പി.എം.എ സി.ബി.എം ഷിപ്പിങ് കമ്പനിയിൽ അക്കൗണ്ടന്റാണ് 36 കാരനായ ഹസീബ്. കൂടെ ജോലി ചെയ്യുന്ന സ്വദേശി സുഹൃത്താണ് ഓൺലൈൻ വഴി അപേക്ഷ നൽകാൻ സഹായിച്ചത്. 


തെരഞ്ഞെടുക്കപ്പെട്ടവരിലേറെ പേരും മക്കയിലെത്തി എന്നറിഞ്ഞ സാഹചര്യത്തിൽ ഒരു പ്രതീക്ഷയും പുലർത്താതെ ഇരിക്കുമ്പോഴാണ് തിങ്കളാഴ്ച ഹജ് മന്ത്രാലയത്തിൽനിന്നും വിളി വന്നത്. എത്രയും വേഗം ജിദ്ദ വിമാനത്താവളത്തിലെത്തി മറ്റ് ഹജ് സംഘാംഗങ്ങളോടൊപ്പം ചേരാനായിരുന്നു നിർദേശം. അതുപ്രകാരം എത്തുകയും സംഘത്തിൽ ചേരുകയുമായിരുന്നുവെന്ന് ഹസീബ് പറഞ്ഞു. വെയിറ്റിംഗ് ലിസ്റ്റിലായിരുന്ന ഹസീബിന് നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നവരിൽ ആരോ വരാതിരുന്നതിനാലാണ് നറുക്കു വീണത്. ഈ അത്യപൂർവ സൗഭാഗ്യം കിട്ടിയതിൽ അല്ലാഹുവിനോട് ഏറെ നന്ദിയുണ്ടെന്ന് ഹസീബ് മലയാളം ന്യൂസിനോട് പറഞ്ഞു.  


മിനായിൽ അബ്‌റാജ് മിന കെട്ടിട സമുച്ചയത്തിലാണ് താമസിക്കുന്നത്. ഹാളിന്റെ വലിപ്പമുള്ള ഹസീബ് താമസിക്കുന്ന മുറിയിൽ നാലു പേരാണുള്ളത്. മറ്റു മൂന്നു പേരും സ്വദേശികളാണ്. ഓരോ മുറികളിലുള്ളവർക്ക് മറ്റു മുറികളിൽ പ്രവേശിക്കുന്നതിനോ ഇടപഴകുന്നതിനോ അനുവാദമില്ല. അതാതു മുറികളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് നമസ്‌കാരം നിർവഹിക്കേണ്ടത്. പാക്കറ്റുകളിലാക്കിയ ഭക്ഷണവും സംസം വെള്ളവുമെല്ലാം സമയാസമയങ്ങളിൽ താമസിക്കുന്നിടത്തത് എത്തിച്ചു നൽകുന്നുണ്ട്. നിശ്ചിത ബസിൽ നിശ്ചിത സീറ്റുകളാണ് ഓരോ ഹാജിമാർക്കും നിശ്ചയിച്ചിട്ടുള്ളത്. 20 പേരടങ്ങുന്ന സംഘാംഗങ്ങളായി തിരിച്ചാണ് യാത്ര. 


പരസ്പരം കാണുന്നതിനും ആശയവിനിമയം നടത്തുന്നതിനും അനുവാദമില്ലാത്തതിനാൽ മറ്റു മലയാളികൾ ആരെങ്കിലും ഉണ്ടോ എന്നറിയില്ലെന്ന് ഹസീബ് പറഞ്ഞു. ഹജ് പൂർണമായും സൗജന്യമാണെന്ന് അദ്ദേഹം പറഞ്ഞു. അത്യപൂർവമായി ലഭിച്ച സൗഭാഗ്യത്തിന്റെ ത്രില്ലിലും പ്രാർഥനയിലുമാണ് ഹസീബ്. നാട്ടിലുള്ള ഭാര്യ ഇസ്രത്ത് പർവീനും കൊച്ചു മക്കളായ അയ്‌റയും ഐസിനും ഹസീബിനെ പോലെ ഏറെ സന്തോഷത്തിലാണ്. മഹസീബിന്റെ മനസ്സുനിറയെ പ്രാർഥനയാണ്. ഏറെ കൊതിച്ചിരുന്നിട്ടും ഈ വർഷത്തെ ഹജിൽ പങ്കെടുക്കാൻ കഴിയാതെ പോയവർക്കും ശാന്തിയും സമാധാനത്തിനും കോവിഡ് മഹാമാരിയിൽനിന്നുള്ള ലോകത്തിന്റെ മോചനത്തിനുമുള്ള പ്രാർഥനയുമായാണ് ഹസീബ് പുണ്യ ഭൂമിയിൽ കഴിയുന്നത്. 

 

Latest News