കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം-  ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടെ റെഡ് അലർട്ട് നൽകി. ഏറ്റവും ഉയർന്ന ജാഗ്രത മുന്നറിയിപ്പാണ് 'റെഡ്' അലേർട്ട്. ജില്ലയിൽ പലയിടത്തും 24 മണിക്കൂറിൽ 205 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്കുള്ള സാധ്യത ഇത്തരത്തിൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വളരെ കൂടുതലായിരിക്കും. ആയതിനാൽ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും പൂർണ്ണ സജ്ജരാവുകയും മുൻകരുതൽ നടപടികൾ പൂർത്തീകരിക്കേണ്ടതുമാണ്. ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതൽ രൂക്ഷമാക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും നിർദ്ദേശം നൽകി.
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ ഇതിനോടകം ലഭിച്ചു കഴിഞ്ഞ കോട്ടയം, എറണാകുളം ജില്ലകൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

2020 ജൂലൈ 29 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

2020 ജൂലൈ 30 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്.

2020 ജൂലൈ 31 : കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ്.

2020 ഓഗസ്റ്റ് 1 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

2020 ഓഗസ്റ്റ് 2 : ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിലും സമീപ ജില്ലകളിലുമുള്ള താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Latest News