Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്തും വേണോ ശീതയുദ്ധം?

ഇന്ത്യയും ചൈനയും അമേരിക്കയുമടങ്ങുന്ന ത്രികോണം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. സമീപ കാലത്തുണ്ടായ ഇന്ത്യ - ചൈനാ സംഘർഷവും കോവിഡുമായി ബന്ധപ്പെട്ടുണ്ടായ അമേരിക്ക - ചൈനാ പ്രശ്‌നങ്ങളുമാണ് ഇത്തരമൊരവസ്ഥ സംജാതമാക്കിയിരിക്കുന്നത്. നിലവിൽ ലോകത്തെ വൻശക്തികളാണെന്നു കരുതപ്പെടുന്നവരാണ് ഈ രാജ്യങ്ങൾ. ഒന്നാം സ്ഥാനത്ത് അമേരിക്ക തുടരുമ്പോൾ രണ്ടാം സ്ഥാനത്ത് തങ്ങളാണെന്ന് ചൈന കരുതുന്നു. മുന്നാം സ്ഥാനത്ത് തങ്ങളാണെന്ന് ഇന്ത്യയും കരുതുന്നു. സൈനിക ശക്തിയുടെ അളവാണ് ഇതിനു മാനദണ്ഡമെങ്കിൽ ശരിയായിരിക്കാം. 
ജനജീവിതത്തിന്റെ നിലവാരമാണ് കണക്കാക്കുന്നതെങ്കിൽ അതെല്ലാം മാറും.
എന്തായാലും രണ്ടാം ശക്തിക്കെതിരെ ഒന്നും മൂന്നും ശക്തികൾ തമ്മിലുള്ള സഖ്യം വളരുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയും ചൈനയുമായി കാലങ്ങളായി പ്രശ്‌നങ്ങളുണ്ടെങ്കിലും സംഘർഷം പട്ടാളക്കാരുടെ കൂട്ടക്കൊലയിലെത്തിയത് ദശകങ്ങൾക്കു ശേഷം ഇപ്പോഴാണല്ലോ. മറുവശത്ത് പുറമേക്കുള്ള രാഷ്ട്രീയ ഘടനയിലൊഴികെ മറ്റൊന്നിലും വ്യത്യാസമില്ലാത്ത ചൈനയും അമേരിക്കയും തമ്മിൽ വ്യാപാര മത്സരം തുടരുകയായിരുന്നു. അതാണ് കോവിഡിലെ തർക്കത്തോടെ രൂക്ഷമായത്. മാത്രമല്ല, ഏതു രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലും ലോക പോലീസ് ചമയുക അവരുടെ സ്ഥിരം പരിപാടിയാണല്ലോ. ഇത്തവണ ഇന്ത്യക്കനുകൂലമാണെന്നുവെച്ച് അതു ശരിയായ സമീപനമാണെന്നു പറയാനാകില്ല. കോവിഡാനന്തര ലോകത്ത് ചൈന നമ്പർ വൺ ആകുമോ എന്നതാണ് അമേരിക്കയുടെ യഥാർത്ഥ ആധി. അല്ലാതെ ഇന്ത്യയോടുള്ള സ്‌നേഹമൊന്നുമല്ല.
ഇന്ത്യയിൽ 47 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചതാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ അവസാനത്തേത്. നേരത്തേ ടിക് ടോക് അടക്കം 59 ഓളം ആപ്പുകൾ നിരോധിച്ചിരുന്നല്ലോ.  ദേശീയ താൽപര്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനായാണ് ഈ നിരോധനമെന്നാണ് സർക്കാർ വാദം. നിരോധിച്ചവയിൽ പ്രസിദ്ധമായ പബ്ജി മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനും ഉൾപ്പെടുമെന്നാണ് വാർത്ത. മറുവശത്ത് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ ഫ്രാൻസിൽ നിന്ന് റാഫാൽ യുദ്ധവിമാനങ്ങൾ വരുന്നു. 
ഇവ  ലഡാക്ക് മേഖലയിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് അതിർത്തിയിൽ ഇപ്പോൾ തന്നെ ഇന്ത്യയും ചൈനയും വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്. അമേരിക്കയാകട്ടെ, ചൈനക്കു സമീപത്തു കൂടി യുദ്ധവിമാനങ്ങളെ നിരന്തരമായി പറത്തുന്നു. ഇരുരാജ്യങ്ങളും കോൺസുലേറ്റുകൾ അടച്ചുപൂട്ടുന്നു. ജർമനിയിൽനിന്ന് പിൻവലിക്കുന്ന പതിനായിരത്തോളം സേനാംഗങ്ങളെ ചൈനയെ നേരിടാൻ നിയോഗിക്കുമെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. 
കോവിഡിനെതിരെ ലോകം മുഴുവൻ ഒന്നിച്ചുനിന്ന് പോരാടേണ്ട ഘട്ടത്തിലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നതെന്നത് മാനവ സമൂഹം എവിടെയെത്തിയിരിക്കുന്നു എന്നതിന് തെളിവാണ്.  കോവിഡിനു അതിർത്തികളില്ലെങ്കിലും മനുഷ്യർക്ക് അതിർത്തികളില്ലാത്ത കാലം അതിവിദൂരമായിരിക്കാം. പക്ഷേ  അതിർത്തിയടക്കമുള്ള ഏതു തർക്കവും പരസ്പര ചർച്ചകളിലൂടെ പരിഹരിക്കുന്നതല്ലേ ശരി? ആദ്യമായി മൂന്നാം കക്ഷിയെ തന്നെ അതിൽ നിന്നൊഴിവാക്കണം. അതായത് ആദ്യം അമേരിക്കയെ ഈ തർക്കത്തിൽ നിന്നു മാറ്റിനിർത്തുകയാണ് വേണ്ടത്. ഇന്ത്യ - പാക് തർക്കങ്ങളിൽ മറ്റു രാജ്യങ്ങൾ ഇടപെടരുതെന്ന് നാം പറയാറുണ്ടല്ലോ. അത്തരമൊരു സമീപനം ഇവിടെ സ്വീകരിക്കുകയാണ് വേണ്ടത്. പാക്കിസ്ഥാനല്ലല്ലോ ചൈന എന്നതായിരിക്കാം മറുപടി. പക്ഷേ സംഘർഷങ്ങളുടെ പരമാവധി ലഘൂകരണമല്ലേ ആവശ്യം? 'ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ അമേരിക്കക്ക് രക്ഷിക്കണമത്രേ. ഇതു കേട്ടാൽ തോന്നുക, റഷ്യയും അമേരിക്കയും തമ്മിലുണ്ടായിരുന്ന പഴയ ശീതയുദ്ധ കാലം തിരിച്ചുവരുന്നു എന്നതാണ്. 
രണ്ടു വ്യവസ്ഥയുടെ പേരിലാണെങ്കിലും ഇരുകൂട്ടരുടെയും സാമ്രാജ്യത്വ നയമാണെന്ന് അന്നുതന്നെ നിലപാടെടുത്തവർ നിരവധിയായിരുന്നു. ഇപ്പോഴാകട്ടെ, ആ അന്തരം പോലും ചൈനയും അമേരിക്കയും തമ്മിലുള്ള, കമ്യൂണിസത്തിന്റെ പേരിൽ ഏകാധിപത്യപരമായ രാഷ്ട്രീയസംവിധാനം ചൈന നിലനിർത്തുന്നു. എന്നാൽ കമ്യൂണിസ്റ്റുകാർ എതിർക്കുന്നു എന്നവകാശപ്പെടുന്ന എല്ലാ ചൂഷണങ്ങളും ഏറ്റവുമധികം നടക്കുന്ന രാജ്യമാണ് ചൈന. അതിന്റെ മുകളിലാണ് ആയുധങ്ങളും സമ്പത്തുമൊക്കെ ആ രാജ്യം കെട്ടിപ്പടുക്കുന്നത്. 
അമേരിക്കയാകട്ടെ, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വർഗമാണത്രേ. അവിടെനിന്നാണ് ജോർജ് ഫ്‌ളോയിഡിനുണ്ടായ അനുഭവങ്ങൾ എന്നു മറക്കരുത്. ജനാധിപത്യം അംഗീകരിക്കുന്ന ഒരു രാജ്യത്തിനും മറ്റു ജനാധിപത്യ രാജ്യങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ എന്തവകാശമാണുള്ളത്. എന്നാൽ അമേരിക്ക കാലങ്ങളായി ചെയ്യുന്നത് മറ്റെന്താണ്? കോവിഡിനെ നേരിടാൻ കഴിയാതെ ഈ ഭൂമിയിലെ സ്വർഗം നരകമായിരിക്കുകയുമാണ്. ഇന്ത്യയിലെ സമീപകാല ചരിത്രവും ഫാസിസത്തിന്റെ വളർച്ചയുടേതുതന്നെ. ഈ മൂന്നു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഈ മാഹാമാരി കാലത്തു ലോകസമാധാനത്തിനു ഭീഷണിയായിരിക്കുന്നത്. സ്പാനിഷ് ഫഌവെന്ന മഹാമാരിയുടെ വ്യാപനമായിരുന്നു ഒന്നാം ലോകമഹായുദ്ധം അവസാനിക്കാൻ ഒരു കാരണമായത് എന്നെങ്കിലും ഈ സമയം ഓർക്കുന്നത് നന്ന്. 
1950 മുതൽ സോവിയറ്റ് യൂനിയൻ തകരുന്നത് വരെ നിലനിന്ന അമേരിക്കയും സോവിയറ്റ് യൂനിയനും തമ്മിലുള്ള സംഘർഷാത്മക രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നതിനാണല്ലോ  ശീതയുദ്ധം എന്ന പദം ഉപയോഗിക്കുന്നത്. അവർ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയില്ല. ആഫ്രിക്കയിലെയും ഏഷ്യയിലെയും മധ്യേഷ്യയിലെയും ലാറ്റിനമേരിക്കയിലെയും സാമാന്യ ജനങ്ങളാണ് ശീതയുദ്ധത്തിന്റെ എല്ലാ ദുരിതങ്ങളും അനുഭവിച്ചത്.  ഹിംസാത്മക കാലത്തെയാണ് ശീതയുദ്ധം എന്ന് വിളിക്കുന്നത്. തീർച്ചയായും ആദ്യകാലത്ത് പല രാജ്യങ്ങളിലെയും വിമോചന സമരങ്ങളെ സോവിയറ്റ് യൂനിയൻ പിന്താങ്ങിയിരുന്നു. എന്നാൽ പിന്നീടവരും സാമ്രാജ്യത്വ ശക്തിയായി മാറുകയായിരുന്നു. 
എൺപതുകളിൽ സോവിയറ്റ് യൂനിയൻ ഒരു ലോകശക്തി അല്ലാതായി. കമ്യൂണിസമെന്നു വിശേഷിക്കപ്പെട്ടിരുന്ന സാമൂഹ്യ സംവിധാനം തന്നെ ലോകം മുഴുവൻ തകർന്നു. അതോടെ അമേരിക്കൻ സാമ്രാജ്യത്വം വർധിത വീര്യത്തോടെ ലോകമെങ്ങും  അധിനിവേശ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ  അധിനിവേശം നടത്താനും ആയുധക്കച്ചവടം വ്യാപിപ്പിക്കാനും ഹിംസകളെ ന്യായീകരിക്കാനും എല്ലാ കാലത്തും ഒരു പ്രഖ്യാപിത ശത്രു ആവശ്യമാണല്ലോ. 
അങ്ങനെയാണ് മുസ്‌ലിം ഭീകര സംഘടനകൾ ഉയർന്നു വരുന്നത്. അവയുടെ സൃഷ്ടിയിൽ അമേരിക്കക്കുള്ള പങ്ക് എന്നും ചർച്ചാവിഷയവും തർക്ക വിഷയവുമാണ്. സംസ്‌കാരങ്ങൾ  തമ്മിലുള്ള സംഘട്ടനം എന്ന സംജ്ഞയും ഉയർന്നുവന്നു. അതുമായി ബന്ധപ്പെട്ട് എത്രയോ യുദ്ധങ്ങളും കൂട്ടക്കൊലകളും ലോകം കണ്ടു. 
വേൾഡ് ട്രേഡ് സെന്റർ ആക്രമണമടക്കം. ഈ  സംഘർഷങ്ങൾ ഇപ്പോഴും തുടരുകയാണ്. ആ പരമ്പരയിലെ അവസാന സംഭവമാണ് ഇറാനും അമേരിക്കയുമായി അടുത്തുണ്ടായ സംഘർഷം. അതിനിടയിലാണ് ഈ പുതിയ സംഭവ വികാസങ്ങൾ.
ചൈനയും ഇന്ത്യയും തമ്മിലാണ് സംഘർഷമുണ്ടായതെങ്കിലും സത്യത്തിലത് അമേരിക്കയുമായി ബന്ധപ്പെട്ടതു തന്നെയാണ്. ഒരു വശത്ത് മുസ്‌ലിം ഭീകരവാദം ദുർബലമാകുന്നു. അമേരിക്ക കൂടുതൽ കരുത്തരാകുന്നു. എന്നാൽ പ്രതീക്ഷിക്കാതെ പ്രത്യക്ഷപ്പെട്ട കോവിഡ് കാര്യങ്ങളെ തകിടം മറിക്കുന്നു. ഇപ്പോൾ തന്നെ വളരെ മുന്നിലായ ചൈന സൈനിക ശക്തിയിലും മറ്റെല്ലാ ആധിപത്യത്തിലും ഒന്നാം സ്ഥാനത്തെത്താനാണ് ശ്രമിക്കുന്നത്. അതിന്റെ ടെസ്റ്റ് ഡോസാണ് ഇന്ത്യൻ അതിർത്തിയിൽ നടത്തിയ അക്രമം എന്ന വിശദീകരണമാണ് പൊതുവിൽ കേൾക്കുന്നത്. ചൈനയുടെ ഉള്ളിലിരിപ്പു തിരിച്ചറിഞ്ഞാണ് ട്രംപും രംഗത്തിറങ്ങിയത്. കോവിഡിന്റെ പേരിൽ ചൈനക്കൊപ്പം നിൽക്കുന്നു എന്നാരോപിച്ച് ലോകാരോഗ്യ സംഘടനക്കുള്ള സഹായം പോലും അമേരിക്ക റദ്ദാക്കി. പിന്നീട് പരസ്യമായി തന്നെ ഇന്ത്യക്കൊപ്പം നിൽക്കുന്ന നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. അത്രയും ചൈന പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല. അമേരിക്കൻ പിന്തുണ ലഭിച്ച ഇന്ത്യയും കടുത്ത നടപടികൾ സ്വീകരിച്ചു. ഇത്ര കടുത്ത സാമ്പത്തിക യുദ്ധത്തിനു ഇന്ത്യ തയാറാകുമെന്നും ചൈന പ്രതീക്ഷിച്ചിരുന്നില്ല എന്നു വേണം കരുതാൻ. അമേരിക്കക്കാകട്ടെ, നേരത്തേ പറഞ്ഞ പോലെ ഒരു ശത്രു ആവശ്യമാണ്. ഇനിയുള്ള കാലം അത് ചൈനയാകാം. ആ മത്സരത്തിലെ കരുവാകുകയാണോ ഇന്ത്യ എന്നും സംശയിക്കണം.
ചരിത്രത്തിലുടനീളം  യുദ്ധങ്ങൾ മനുഷ്യ വംശത്തിന് നഷ്ടങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ.. കൂട്ടമരണങ്ങൾ, തലമുറകളിലേക്ക് പടരുന്ന ജനിതക രോഗങ്ങൾ, അനാഥത്വം, സമ്പത്തിന്റെയും ജീവനോപാധികളുടെയും നാശം, പലായനങ്ങൾ, ബലാൽസംഗങ്ങൾ ഇവയൊക്കെയാണ് യുദ്ധങ്ങൾ മാനവ സമൂഹത്തിന് സമ്മാനിച്ചത്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ നൽകിയ വലിയ പാഠങ്ങളിൽ നിന്നാണ് ലോക രാഷ്ട്രങ്ങൾ യുദ്ധത്തെ ഒഴിവാക്കാനുള്ള ധാരണകളിലേക്കും അന്താരാഷ്ട്ര സംവിധാനത്തിലേക്കും തിരിഞ്ഞത്. തുടർന്ന്  ഐക്യരാഷ്ട സഭയും നിരവധി സർവദേശീയ പ്രഖ്യാപനങ്ങളും രൂപംകൊണ്ടു. എന്നാൽ അവയൊന്നും കാര്യമായ ഗുണഫലമുണ്ടാക്കിയില്ല. ഐക്യരാഷ്ട്ര സഭയിൽ പോലും ശരിയായ ജനാധിപത്യം നിലവിൽ വന്നില്ല. പകരം ചില രാജ്യങ്ങൾക്ക് വീറ്റോ അധികാരം നൽകി. ഇന്ത്യയും വാദിക്കുന്നത് ആ അധികാരത്തിനാണ്. വീറ്റോ അധികാരം മൂലമാണ് പല യുദ്ധങ്ങളും തടയാമായിരുന്ന പ്രമേയങ്ങൾ പരാജയപ്പെട്ടത് എന്നതും ചരിത്രം. 
ഇന്നാകട്ടെ, ലോകം മുഴുവൻ നശിപ്പിക്കാൻ കഴിവുള്ള ആണവായുധങ്ങളുടെ മുകളിലിരുന്ന്, ഒരു സൂക്ഷ്മ ജീവകണത്തിനെതിരായ യുദ്ധത്തിൽ പോലും വിജയം നേടാൻ കഴിയാത്ത അവസ്ഥയിലാണ് ഈ സംഭവ വികാസങ്ങൾ എന്നതാണ് ഏറ്റവും വലിയ വൈരുധ്യം.
 

Latest News