Sorry, you need to enable JavaScript to visit this website.

രോഗം കുറ്റമല്ലെന്ന് കേരളം ഇനിയും പഠിച്ചിട്ടില്ല

എനിക്ക് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ നേരിടേണ്ടിവന്നത് ഏതോ ക്രൂരകൃത്യത്തിന്  കോടതി ശിക്ഷിച്ച പ്രതിയുടെ അവസ്ഥയാണ്. 
ഒറ്റപ്പെടുത്തൽ മാനസിക സംഘർഷം ഉണ്ടാക്കും.  അസ്വസ്ഥത ഇല്ലാത്തവർ അസ്വസ്ഥരാവും.  രോഗം മൂർഛിക്കും.  ഇത് പൊതുസമൂഹം മനസ്സിലാക്കണം. രോഗികളെ ഒറ്റപ്പെടുത്തരുത്.  അത് എല്ലാർക്കും ഉൾക്കൊള്ളാൻ ആവില്ല. ആളുകളെ ഭയപ്പെടുത്താതിരുന്നാൽ രോഗം മൂർഛിക്കില്ല. ജാഗ്രത മാത്രം മതി. ...'' ഇങ്ങനെയാണ് സി.പി.എം കൗൺസിലർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

തോപ്പിൽ ഭാസി രചിച്ച (1962) അശ്വമേധം എന്ന നാടകത്തേക്കാൾ മലയാളികളുടെ മനസ്സിലുണ്ടാവുക കെ.എസ്. ജോർജ് എന്ന അനുഗൃഹീത ഗായകൻ പാടിയ പാമ്പുകൾക്ക് മാളമുണ്ട് ... എന്നു തുടങ്ങുന്ന ഗാനമായിരിക്കും. വയലാർ എഴുതിയ വരികൾ എത്രയോ തലമുറകൾക്കറിയാം. നാടകത്തിൽ കുഷ്ഠരോഗിയായ കഥാപാത്രം ഡോക്ടറോട് ചോദിക്കുന്ന 'രോഗം വന്നത് എന്റെ കുറ്റമാണോ ഡോക്ടർ' എന്ന ചോദ്യവും  ഇക്കാലത്ത് ഏറെ പ്രസക്തമാകുന്നു. കുറച്ചു കൊല്ലം മുമ്പ് അത് എയ്ഡ്‌സ് രോഗികളായിരുന്നുവെങ്കിൽ ഇന്നത് കോവിഡ്19 രോഗികളാണെന്ന വ്യത്യാസം മാത്രം.  മലയാളികൾ കോവിഡിനൊപ്പം (ഒപ്പം ജീവിക്കാൻ കോവിഡ് നിങ്ങളുടെ ബന്ധുവോ സുഹൃത്തോ അല്ലെന്നോർക്കണം എന്ന  ഒരു ഡോക്ടറുടെ പ്രസിദ്ധമായ വരികൾ ഓർത്തഴകൊണ്ട്) ജീവിക്കാൻ തുടങ്ങിയിട്ടിപ്പോൾ മാസം  അഞ്ച് കഴിഞ്ഞു.  അതിലിടക്ക് എത്രയോ അനുഭവ പാഠങ്ങൾ കേരളവും  പഠിച്ചു.  
അതിലൊന്നായിരുന്നു തിരുവനന്തപുരം വഞ്ചിയൂരിലെ കോർവറേഷൻ കൗൺസിലർ വഞ്ചിയൂർ പി.ബാബു (സി.പി.എം) വിനും മറ്റു അഞ്ച് സഹ കൗൺസിലർമാർക്കും നേരിടേണ്ടി വന്ന അനുഭവ പാഠം.   തന്റെ  അനുഭവത്തെ കുറിച്ച് ബാബു ഫെയ്‌സ് ബുക്കിലിട്ട കുറിപ്പ് കോവിഡ് ചികിത്സാ രംഗത്ത് വലിയൊരു മാറ്റത്തിന് തന്നെ  തുടക്കം കുറിക്കുകയാണ്. ഗുരുതര പ്രശ്‌നങ്ങളില്ലാത്ത കോവിഡ് ബാധിതരെ വീട്ടിൽ തന്നെ താമസിപ്പിച്ച് ചികിത്സ നൽകുന്ന രീതി അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ചത്തെ പതിവ് പത്രസമ്മേളനത്തിൽ അംഗീകരിച്ചതിന്റെ ഖ്യാതി ഉറപ്പായും വഞ്ചിയൂർ ബാബുവിന് അവകാശപ്പെട്ടതായിരിക്കും.
മുഖ്യമന്ത്രിയുടെ മനസ്സിളക്കിയ, ബാബുവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു:
ഞാൻ കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയി കെയർ സെന്ററിൽ നാലു ദിവസമായി കഴിയുകയാണ്. എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഇപ്പോഴും ഒരു തരത്തിലുള്ള അസ്വസ്ഥതയും ഇല്ല. എന്റെ കൂടെയുള്ള ആറു കൗൺസിലർമാരുടെയും  സ്ഥിതി ഇതു തന്നെയാണ്.
ലക്ഷണങ്ങളോ അസ്വസ്ഥതയോ ഇല്ലാതിരിക്കേ,  ടെസ്റ്റ് പോസിറ്റീവ് ആകുന്ന എല്ലാവരെയും ഇതുപോലെ പ്രത്യേകം സെന്ററുകളിൽ മാറ്റിപ്പാർപ്പിക്കേണ്ടതില്ല എന്ന് തോന്നുന്നുണ്ട്. ഇത്തരക്കാരെ,  അവരവരുടെ വീടുകളിൽ സൗകര്യമുണ്ടെങ്കിൽ റൂം ക്വാറന്റൈനിൽ നിർത്തിയാൽ  മതിയാകും. ഒരാൾ പോസിറ്റീവ് ആകുന്നതോടെ അയാളുടെ വീട്ടുകാർ ക്വാറന്റൈനിൽ  കഴിയണമല്ലോ. അവിടെത്തന്നെ ഒരു റൂമിൽ പോസിറ്റീവ് ആയ ആളും കഴിഞ്ഞാൽ മതിയാകും.
ഒരു കുഴപ്പവും ഇല്ലാത്തവരും വീടുകളിൽ സൗകര്യമുള്ളവരും ആയ പോസിറ്റീവ് കേസുകൾക്ക് വേണ്ടി പൊതു ഖജനാവിൽ നിന്നും വലിയ തുക ചെലവഴിക്കേണ്ടി വരുന്നു.
പോസിറ്റീവ്  ആയവർ വീടുകളിൽ ആയിരിക്കവേ  അസ്വസ്ഥത പ്രകടിപ്പിച്ചാൽ അവരെ ആംബുലൻസ് ഉപയോഗിച്ച് ഹോസ്പിറ്റലൈസ് ചെയ്യിക്കാം. സർക്കാർ ഇത്തരത്തിൽ ചിന്തിക്കണം എന്ന് താൽപര്യപ്പെടുന്നു.
എനിക്ക് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ നേരിടേണ്ടിവന്നത് ഏതോ ക്രൂരകൃത്യത്തിന്  കോടതി ശിക്ഷിച്ച പ്രതിയുടെ അവസ്ഥയാണ്. ഒറ്റപ്പെടുത്തൽ മാനസിക സംഘർഷം ഉണ്ടാക്കും.  
അസ്വസ്ഥത ഇല്ലാത്തവർ അസ്വസ്ഥരാവും. രോഗം മൂർഛിക്കും. ഇത് പൊതുസമൂഹം മനസ്സിലാക്കണം. രോഗികളെ ഒറ്റപ്പെടുത്തരുത്.  അത് എല്ലാർക്കും ഉൾക്കൊള്ളാൻ ആവില്ല. ആളുകളെ ഭയപ്പെടുത്താതിരുന്നാൽ രോഗം മൂർഛിക്കില്ല. 
ജാഗ്രത മാത്രം മതി. ...'' ഇങ്ങനെയാണ് സി.പി.എം കൗൺസിലർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. വീട്ടിൽ തന്നെ ചികിത്സിക്കുന്ന രീതി  ബോധവും ബോധ്യവുമുള്ള ആരോഗ്യ വിദഗ്ധർ നേരത്തേ തന്നെ നിർദേശിച്ചതായിരുന്നു. ഗൾഫ് നാടുകളിലൊക്കെ എത്രയോ പേർ പരീക്ഷിച്ചു വിജയിച്ച രീതി. ഈ രീതി അംഗീകരിക്കാൻ ആരോഗ്യ വിഭാഗത്തിൽ ആരായിരുന്നു ഇത്രയും കാലം തടസ്സം എന്നറിയില്ല. രോഗം സ്ഥിരീകരിച്ചവരെയും ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയുമാണ് ഇത്തരത്തിൽ കൈകാര്യം ചെയ്യുക. നിരീക്ഷണമാണ് പ്രധാനമായി ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തെ കോടതികളൂടെ ഇടമായ വഞ്ചിയൂർ വാർഡിന്റെ കൗൺസിലറും ഡെവലപ്‌മെന്റ് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ  വഞ്ചിയൂർ പി.ബാബു ഇപ്പോഴുള്ളത് സർക്കാർ ഒരുക്കിയ  ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലാണ്. പി.എം.ജിയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലുള്ള സെന്ററിൽ  കഴിയവേ ഇങ്ങനെയൊരു കുറിപ്പ് പ്രസിദ്ധീകരിച്ചതിന്റെ കാരണമായി ബാബു പറയുന്നത്  ഇക്കാര്യം പൊതുചർച്ചയാക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നാണ്.  
ഇത്തരം സെന്ററുകളിൽ കഴിയുന്നവർക്കായി തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കുന്നത്  ഒരാൾക്ക് ദിവസം 10,00  രൂപയിലധികമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ചെലവ് വർധിക്കുന്നത് മാത്രമല്ല പ്രശ്‌നം. ആളൂകൾ ആവശ്യമില്ലാതെ മാനസിക സമ്മർദത്തിലുമാവുന്നു. ഏത് വിധത്തിൽ സമർദത്തിലായെന്ന് ബാബുവിന്റെ ഇനി പറയുന്ന വരികൾ അടിവരയിടുന്നു.“
എനിക്ക് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ നേരിടേണ്ടിവന്നത് ഏതോ ക്രൂരകൃത്യത്തിന്  കോടതി ശിക്ഷിച്ച പ്രതിയുടെ അവസ്ഥയാണ്. '' കാലവും രോഗവുമെല്ലാം മാറിയെങ്കിലും വയലാറിന്റെ വരികളിൽ പറഞ്ഞ “ദുഃഖഭാരം ചുമക്കുന്ന ദുശ്ശകുനമല്ല ഞാൻ... ” എന്ന വരികൾക്ക് സമാന അവസ്ഥയിൽ സഹജീവികളോട് താണുകേണു പറയേണ്ട സ്ഥിതി കോവിഡ്  രോഗികൾക്കും രോഗം സംശയിക്കുന്നവർക്കും വന്ന് ഭവിച്ചത് കണ്ട് കേരളത്തിന്റെ മനഃസാക്ഷി മരവിച്ചുപോയ എത്രയോ സംഭവങ്ങൾ കഴിഞ്ഞിരിക്കുന്നു.  അവസാനം  അത് കോട്ടയത്ത് മരിച്ച വ്യക്തിയോടും ആവർത്തിച്ചപ്പോൾ  ലോകം തത്സമയം അതും കാണുകയും കേൾക്കുകയും ചെയ്തു.അതോടെ എല്ലാം പൂർത്തിയാവുകയായിരുന്നു.  ഇതെല്ലാം മുന്നിൽ വെച്ചു വേണം വീട്ടിൽ ചികിത്സ എന്ന ആശയത്തെ കാണേണ്ടത്.

Latest News