കോഴിക്കോട്- മുക്കത്ത് വയോധികയെ പീഡിപ്പിക്കുകയും സ്വര്‍ണം കവര്‍ന്ന് വില്‍ക്കുകയും ചെയ്ത കേസിലെ പ്രതി സ്വര്‍ണം വിറ്റ ഷോപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. മുക്കം മുത്തേരിയിലെ 65 കാരിയെയാണ് ജോലിക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോയി കൊണ്ടോട്ടി സ്വദേശിയായ മുജീബ് പീഡിപ്പിക്കുകയും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്തത്. ശേഷം ഇയാള്‍ കൊണ്ടോട്ടിയിലെ ജ്വല്ലറിയില്‍ സ്വര്‍ണം വിറ്റിരുന്നു. പരാതി അന്വേഷിച്ച മുക്കം സിഐ അടക്കമുള്ള പോലിസുകാര്‍ ഇയാളെ തെളിവെടുപ്പിനായി കൊണ്ടോട്ടിയിലെ ജ്വല്ലറിയില്‍ കൊണ്ടുപോയിരുന്നു.
എന്നാല്‍ പിന്നീട് ജ്വല്ലറിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ മുക്കം പോലിസ് സ്‌റ്റേഷനിലെ പോലിസുകാരും സിഐയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ കോഴിക്കോട് നടന്ന കീം പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്കും കോവിഡ് സ്ഥിരീകരിച്ചു. മലബാര്‍ മെഡിക്കല്‍ കോളജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷ എഴുതിയ മണിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് വൈറസ് ബാധിച്ചത്. ഇതേ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ മറ്റൊരു വിദ്യാര്‍ത്ഥിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.