Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുണച്ചു; സ്യൂട്ട് കേസില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ലഖ്‌നൗ- സ്യൂട്ട് കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. അലിഗഡ് സ്വദേശി സഫര്‍ അലിയുടെ മകള്‍ ബാരിഷ (25) ആണ് കൊല്ലപ്പെട്ടത്.
സ്ത്രീധനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സഹിബാബാദ് മേഖലയില്‍ നിന്നാണ് സ്യൂട്ട് കേസിലാക്കിയ നിലയില്‍ യുവതിയുടെ മൃതേദഹം കണ്ടെത്തിയത്.
പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ഗാസിയാബാദ് പോലീസാണ് അന്വേഷണം ആരംഭിച്ചത്. മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതേദഹം ഇവിടെ കൊണ്ട് വന്ന് ഉപേക്ഷിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. സമീപത്തെ സി.സി.ടി.വികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ ചിത്രം വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതോടെയാണ് പ്രതികളെ കണ്ടെത്താന്‍ സാധിച്ചത്.
1500 ഓളം ഗ്രൂപ്പുകളില്‍ ചിത്രം പ്രചരിച്ചിരുന്നുവെന്നും  യുവതിയെ തിരിച്ചറിഞ്ഞ ദല്‍ഹിയിലുള്ള ബന്ധു കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിനു പിന്നാലെ കുടുംബാംഗങ്ങള്‍ പോലീസിനെ സമീപിച്ചു മൃതദേഹം തിരിച്ചറിഞ്ഞു. ഈയടുത്താണ് ബുലന്ദ്ശഹറിലെ യുവാവുമായി ബാരിഷയുടെ വിവാഹം നടന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ജൂലൈ 25ന് ബാരിഷയുടെ മാതാപിതാക്കള്‍ സ്ത്രീധന പീഡനം ആരോപിച്ച് മകളുടെ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷമാണ് സ്യൂട്ട് കേസില്‍ അടച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

 

Latest News